SignIn
Kerala Kaumudi Online
Friday, 19 April 2024 5.44 AM IST

'പുതുച്ചേരി മോഡൽ' താമര വിരിയിക്കാൻ ബി.ജെ.പി, തെലങ്കാന ശർമ്മിളയ്‌ക്കൊപ്പം നടക്കുമോ ?

photo

'സിങ്കം സിംഗിളാ താൻ വരുവേൻ' - രജനികാന്തിന്റെ ശിവാജി സിനിമയിലെ സൂപ്പർഹിറ്റ് ഡയലോഗ് പറഞ്ഞാണു 2021 ജൂലായ് എട്ടിന് വൈ.എസ്. ശർമ്മിള റെഡ്ഡി ' വൈ.എസ്.ആർ തെലങ്കാന പാർട്ടി' പ്രഖ്യാപിച്ചത്. അവിഭക്ത ആന്ധ്രയിലെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളാണ് ശർമ്മിള. തെലങ്കാനയിലുടനീളം പദയാത്ര നടത്തുമെന്നും അന്ന് ശർമ്മിള പ്രഖ്യാപിച്ചു.

ശർമ്മിളയുടെ പുറപ്പാടിനെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അന്നത്ര ഗൗരവമായെടുത്തില്ല. അതിനു പ്രധാന കാരണം വൈ.എസ്. രാജശേഖര റെഡ്ഡി തെലങ്കാനയുടെ രൂപീകരണത്തെ എതിർത്ത നേതാവായിരുന്നു എന്നതാണ്. റാവു ആകട്ടെ തെലങ്കാനയ്ക്കുവേണ്ടി വാദിച്ച് നേടിയെടുത്ത നേതാവും. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യനിര പടുത്തുയർത്തി അതിന്റെ നേതാവാകാൻ ശ്രമിക്കുന്നതിനിടെ ശർമ്മിളയുടെ മുന്നേറ്റം ആദ്യം ശ്രദ്ധിക്കാനായില്ല. തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) എന്ന സ്വന്തം പാർട്ടിയുടെ പേര് നാഷണൽ ലെവലിൽ എത്തിക്കുന്നതിനു വേണ്ടി ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) എന്നാക്കി കരുനീക്കം സജീവമാക്കുകയായിരുന്നു ചന്ദ്രശേഖർ റാവു.

ശർമ്മിള നയിച്ച പദയാത്ര 3500 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞ 29ന് തന്റെ വസതിയെ ലക്ഷ്യമാക്കി എത്തിയപ്പോഴാണ് കെ.സി.ആർ ശരിക്കും ഞെട്ടിയത്. വൈ.എസ്. ശർമ്മിള റെഡ്ഡിയെ കാറടക്കം കെട്ടിവലിച്ച റാവുവിന്റെ പൊലീസ് അവരെ നാടകീയമായി അറസ്റ്റു ചെയ്തുനീക്കി. ഈ സംഭവത്തോടെ ശർമ്മിള റെഡ്ഡിയുടെ സമരം ദേശവ്യാപകമായി ചർച്ചയായെന്നു മാത്രമല്ല. തെലങ്കാനയിലുള്ള ടി.ആർ.എസ് വിരുദ്ധ ചേരിയിലുള്ളവരുടെ പ്രതീക്ഷയായി മാറി ശർമ്മിള.

ശർമ്മിളയുടെ അറസ്റ്റിനെതിരെ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ രംഗത്ത് വന്നതോടെയാണ് തെലങ്കാന രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റിന് കളമൊരുങ്ങിയത്. 'രാഷ്ട്രീയ പശ്ചാത്തലമോ പ്രത്യയശാസ്ത്രമോ എന്തുമാകട്ടെ, വനിതാ നേതാക്കളോടും പ്രവർത്തകരോടും കൂടുതൽ മാന്യമായി പെരുമാറണം' എന്ന് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞത് കെ.സി.ആറിനെ ലക്ഷ്യമിട്ടായിരുന്നു.

തെലങ്കാന മുഖ്യമന്ത്രിയോട് കടുത്ത അമർഷത്തിലാണ് ഗവർണർ. തമിഴ്നാട്ടിലെ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും തീപ്പൊരി നേതാവുമായിരുന്നു തമിഴിസൈ സൗന്ദർരാജൻ. ബി.ജെ.പിയാകട്ടെ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാന പിടിക്കാനായി വമ്പൻ ആക്‌ഷൻ പ്ലാനൊക്കെ തയ്യാറാക്കി മുന്നോട്ടു പോവുകയുമാണ്. അപ്പോഴാണ് അപ്രതീക്ഷിതമായി റാവുവിനെതിരെ പ്രതിഷേധ ജ്വാലയുമായി ശർമ്മിള എത്തുന്നത്. ഒറ്റയ്ക്ക് തെലങ്കാന പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുതുച്ചേരി മോഡൽ ഓപ്പറേഷനിലൂടെ അധികാരത്തിലെത്താൻ ശർമ്മിളയിലൂടെ ബി.ജെപിക്കാകുമെന്ന് അവർ കണക്കുകൂട്ടി തുടങ്ങിയെന്നാണ് വിവരം. ശർമ്മിള ഉടൻ തന്നെ തമിഴിസൈ സൗന്ദർരാജനെ സന്ദർശിച്ചേക്കും.

കോൺഗ്രസിനോട് കലഹിച്ച് പുറത്തുവന്ന് എൻ.ആർ. കോൺഗ്രസ് രൂപീകരിച്ച എൻ.രംഗസ്വാമിയെ മുന്നിൽ നിറുത്തിയായിരുന്നു ബി.ജെ.പി പുതുച്ചേരിയിൽ കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്നുവരെ പുതുച്ചേരിയിൽ നിന്ന് ഒരു സീറ്റുപോലും കിട്ടാത്ത ബി.ജെ.പിക്ക് ഇപ്പോൾ അവിടെ സീറ്റുകൾ ആറാണ്. എൻ.ഡി.എ കേവല ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുകയും രംഗസ്വാമി മുഖ്യമന്ത്രിയാവുകയും ചെയ്തു.

ജനസ്വാധീനം കൂടിവരുന്ന ശർമ്മിളയുടെ വൈ.എസ്.ആർ തെലങ്കാന പാർട്ടിയെ എൻ.ഡി.എ യിൽ എത്തിച്ചാൽ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാകും. നിലവിൽ ബി.ജെ.പിക്ക് തെലങ്കാനയിൽ രണ്ട് എം.എൽ.എമാർ മാത്രമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ മാത്രമാണ് റാവുവിന്റെ പാർട്ടിക്ക് നഷ്ടമായത്. 119 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തിലാണ് ഭരണം.

അച്ഛൻ കോൺഗ്രസിനെ

വളർത്തി

മക്കൾ അടിവേരിളക്കി

കോൺഗ്രസ് നേതാവ് വൈ.എസ് രാജശേഖര റെഡ്ഡി അവിഭക്ത ആന്ധ്രപ്രദേശിന്റെ സർവാധികാരിയായ മുഖ്യമന്ത്രിയായി വാഴുന്ന കാലം. സംസ്ഥാനം മുഴുവൻ പദയാത്ര നടത്തി ജനകീയബന്ധം ഉറപ്പിച്ച വൈ.എസ്.രാജശേഖര റെഡ്ഡിയോട് ഒരുഘട്ടത്തിൽ ഹൈക്കമാൻഡ് ഉടക്കുന്നു. അതിനിടെ 2009–ലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടു. വൻ വ്യവസായിയും മുപ്പത്തിയെട്ടുകാരനുമായ മകൻ ജഗൻ മോഹൻ റെഡ്ഡി കടപ്പയിൽനിന്നുള്ള എം.പി കൂടിയാണ്. പിതാവിന്റെ മരണത്തോടെ ഒരു വിഭാഗം ജഗനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തി. റെഡ്ഡി കുടുംബത്തിന് ജനങ്ങൾക്കിടയിലും പാർട്ടിയിലുമുള്ള മികച്ച സ്ഥാനമായിരുന്നു ആ വാദത്തിനു കാരണം. പക്ഷേ, ആന്ധ്രയിലെ കോൺഗ്രസ് നേതൃത്വവും ഹൈക്കമാൻഡും അത് അംഗീകരിച്ചില്ല. സീനിയർ നേതാവ് കെ. റോസയ്യ മുഖ്യമന്ത്രിയായി. പതിയെ റെഡ്ഡി കുടുംബവും റോസയ്യ സർക്കാരും തമ്മിലുള്ള അധികാര വടംവലിയും ആരംഭിച്ചു. ഇതിനിടെയാണ്, ആന്ധ്രയിൽ 'ഒതർപ്പ് യാത്ര'യ്ക്ക് ജഗൻ തുടക്കമിട്ടത്.

കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനെ കണ്ടത് സംസ്ഥാന സർക്കാരിനെ തകിടം മറിക്കാനുള്ള യാത്രയായാണ്. അങ്ങനെ 2010 മദ്ധ്യത്തോടെ വിജയമ്മ എന്ന വൈ.എസ് വിജയലക്ഷ്മിയേയും മകൻ ജഗൻ മോഹനേയും പാർട്ടി ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. കാര്യങ്ങൾ ഒത്തുതീ‌ർപ്പാകുന്നതിനു പകരം കൂടുതൽ വഷളായതേയുള്ളൂ.

2011 മാർച്ച് 12ന് അമ്മയും മക്കളും കോൺഗ്രസ് വിട്ട് വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ചു. 2019ൽ ജഗൻ ആന്ധ്രയുടെ മുഖ്യമന്ത്രിയാകുമ്പോൾ അവിടെ കോൺഗ്രസിന്റെ സാന്നിദ്ധ്യം വട്ടപൂജ്യം. തെലങ്കാനയിൽ ലഭിച്ച ആറ് സീറ്റുകളിൽ ഒതുങ്ങി കോൺഗ്രസ്. ആന്ധ്രയിൽ അണികളുണ്ടെങ്കിലും കെ. ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്)​ അവിടെ മത്സരിച്ചില്ല. വൈ.എസ്.ആർ കോൺഗ്രസ് തെലങ്കാനയിലും മത്സരിച്ചില്ല. ഈ വെടിനിറുത്തലാണ് ശർമ്മിളയുടെ തെലങ്കാന യാത്രയിലൂടെ അവസാനിക്കുന്നത്.

ആന്ധ്രയിൽ നടന്ന്

ഭരണം കിട്ടി
തെലങ്കാനയിലോ?

2012 ലാണ് ശർമ്മിളയുടെ രാഷ്ട്രീയവരവ്. അനധികൃത സ്വത്ത് കേസിൽ ജയിലിലായിരുന്ന ജഗന്റെ അസാന്നിദ്ധ്യത്തിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ ഉപതിരഞ്ഞെടുപ്പു പ്രചാരണം ശർമിള ഏറ്റെടുക്കുകയായിരുന്നു. ആന്ധ്രയിലെ 18 നിയമസഭാ മണ്ഡലങ്ങളിലും നെല്ലൂർ ലോക്‌സഭാ മണ്ഡലത്തിലും ജനക്കൂട്ടത്തെ ശർമ്മിള കൈയിലെടുത്തു. ഫലം വന്നപ്പോൾ എതിരാളികൾ ഞെട്ടി; 15 നിയമസഭാ സീറ്റും നെല്ലൂർ ലോക്‌സഭാ സീറ്റും വൈ.എസ്.ആർ കോൺഗ്രസിന്.

അതേവർഷം ഒക്ടോബറിൽ ശർമ്മിള 3112 കിലോമീറ്റർ പദയാത്ര നടത്തി ജനസ്വാധീനം ഉറപ്പിച്ചു. ഒന്നരവർഷത്തെ ജയിൽവാസത്തിനു ശേഷം 2013 സെപ്തംബറിൽ ജഗൻ ജാമ്യത്തിലിറങ്ങിയതോടെ ശർമ്മിള പിൻവാങ്ങി. പിന്നീട് ശർമ്മിള വാർത്തകളിൽ നിറഞ്ഞത് 2019ൽ നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ പ്രചാരണത്തിനായി നടത്തിയ 11 ദിവസത്തെ യാത്രയിലൂടെയായിരുന്നു. 'ബൈ ബൈ ബാബു', 'ബൈ ബൈ പപ്പു' എന്നീ മുദ്രാവാക്യങ്ങളുമായി ശർമ്മിള പ്രചാരണം നടത്തി. ആദ്യത്തേത് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും രണ്ടാമത്തേത് മകൻ എൻ. ലോകേഷിനെയും ലക്ഷ്യം വച്ചായിരുന്നു. ഫലം വന്നപ്പോൾ വൈ.എസ്.ആർ. കോൺഗ്രസിന് അധികാരം. ജഗൻ മുഖ്യമന്ത്രി. നടന്ന് നേടിയെടുക്കുന്ന ജനസമ്മതി തെലങ്കാനയിലും ശർമ്മിള ആവർത്തിക്കുമോ എന്നറിയാൻ കഷ്ടിച്ച് ഒരാണ്ടു മാത്രം. 2023 ഡിസംബറിൽ ഈ മന്ത്രിസഭയുടെ കEലാവധി അവസാനിക്കും. ഹൈദരാബാദിൽ അറസ്റ്റിലായെങ്കിലും പദയാത്ര തുടരാനാണ് ശ‌ർമ്മിളയുടെ തീരുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHARMILA REDDY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.