അടൂർ: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീൽ കമ്പിവടികൊണ്ട് മർദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ താമരക്കുളം വേടരപ്ലാവ് ഇടവന തെക്ക് പുത്തൻവീട്ടിൽ ഷിനുമോനെയാണ് (31) അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭാര്യയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് കുട്ടിയെ അടിക്കുകയായിരുന്നു. അടി കൊണ്ട് കുട്ടിയുടെ താടിയെല്ലിന് പൊട്ടലേറ്റു. മർദ്ദനത്തിൽ മാതാവിനും പരിക്കേറ്റു.
ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. സ്ഥിരം കുറ്റവാളിയായ ഷിനുവിനെതിരെ പൊലീസ് വധശ്രമം, ഗാർഹിക പീഡന നിരോധന നിയമം, ജുവനയിൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അടൂർ പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി.ഡി, സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സുദർശന, ജോൺ.ജി, സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർ ദീപാ കുമാരി എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.