വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും ബ്രേക്കെടുത്തെങ്കിൽ പോലും മലയാളികളുടെ മനസിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന താരമാണ് സംയുക്ത വർമ. സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംയുക്ത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
'പൊതുവേ അധികം ദേഷ്യം വരാത്തയാളാണ് ഞാൻ. ഇപ്പോൾ ദേഷ്യം വന്നിട്ട് അഞ്ചാറ് വർഷമായി. എനിക്ക് ദേഷ്യം വന്നാൽ അതൊരു വല്ലാത്ത അവസ്ഥയാണ്. ഒരു ഫോറിൻ ട്രിപ്പിനിടെയാണ് അവസാനമായി എനിക്ക് ദേഷ്യം വന്നത്. അന്ന് മോൻ കുഞ്ഞാണ്. ഞാൻ പുറത്തേക്ക് പോകുന്നുണ്ട് വന്നശേഷം ഉച്ചയ്ക്ക് ലഞ്ച് കഴിക്കാൻ ഒന്നിച്ച് പോകാമെന്ന് പറഞ്ഞ് ബിജുവേട്ടൻ പോയി. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് മറ്റ് ജോലികളെല്ലാം ചെയ്ത ശേഷം ഞാൻ ബിജുവേട്ടൻ വരുന്നതും കാത്തിരുന്നു. പക്ഷേ ഉച്ച കഴിഞ്ഞിട്ടും വന്നില്ല. തിരക്കാവുമെന്ന് കരുതി. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. പിന്നീട് പുറത്ത് പോയി കുഞ്ഞിന് ഭക്ഷണം വാങ്ങി കൊടുത്തു. അവൻ കുറച്ച് കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. ആറ് മണിയായിട്ടും ബിജുവേട്ടനെ കാണാതായതോടെ പേടിയായി തുടങ്ങി. അറിയാത്ത സ്ഥലമാണ്. രാത്രി ആയപ്പോഴേക്കും ഞാൻ മോനുമായി പുറത്തുപോയി ഭക്ഷണം കഴിച്ചു. അപ്പോഴും ബിജുവേട്ടനെ കാണാത്തതായിരുന്നു മനസിൽ.'
'പുലർച്ചെ മൂന്നുമണിയായിട്ടും അദ്ദേഹം എത്തിയില്ല. ഉറക്കം വരാത്തതുകൊണ്ട് ഞാൻ ഹോട്ടലിന്റെ താഴെപ്പോയി കോഫി കുടിച്ചു. അപ്പോഴാണ് ഒരാൾ നല്ല സന്തോഷത്തിൽ കയറി വരുന്നത്. നീ എന്തിനാ ഇവിടെ ഇരിക്കുന്നത്, മൂന്ന് മണിക്ക് കാപ്പികുടിക്കുന്നോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അവിടെവച്ച് ഞാനൊന്നും പറഞ്ഞില്ല. റൂമിലെത്തി ടേബിൾ ലാമ്പെടുത്ത് എറിയാൻ നോക്കിയപ്പോൾ മോനുണർന്നു. അച്ഛാ അമ്മ നമ്മളെ കൊല്ലുമോയെന്ന് മോന് ബിജുച്ചേട്ടനോട് ചോദിക്കുന്നുണ്ടായിരുന്നു. ഇല്ലെടാ, നമ്മളെ കൊല്ലില്ലെന്ന് തോന്നുന്നു. അത് കേട്ടപ്പോള്‍ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. ബാത്ത്റൂമില്‍ പോയി ഞാന്‍ കുറേനേരം കരഞ്ഞു. അച്ഛാ അമ്മ പോയോ എന്നൊക്കെ മോന് ചോദിക്കുന്നുണ്ടായിരുന്നു. ഇനി ദേഷ്യം വരരുതെന്ന് അന്നാണ് ഞാന്‍ തീരുമാനിച്ചത്.'- സംയുക്ത പറഞ്ഞു.