തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീർക്കാൻ അനുനയ നീക്കം സജീവം. സമവായത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി മലങ്കര ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ ചർച്ച നടത്തി. നേരത്തെ ലത്തീൻ സഭാ നേതാക്കൾ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. കർദ്ദിനാൾ ക്ലീമിസ് മുൻ കൈയെടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ സഭയും തമ്മിലുള്ള ചർച്ച നടത്തിയത്.
ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അതേസമയം സമരസമിതി ഉന്നയിക്കുന്ന പ്രധാന ആവശ്യമായ തുറമുഖ നിർമ്മാണം നിറുത്തി വയ്ക്കണമെന്ന വിഷയത്തിൽ തീരുമാനമായില്ല. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരെയുള്ള കേസിലും ധാരണയായില്ല. തീരശോഷണം പഠിക്കുന്നതിനുള്ള വിദഗ്ദ്ധ സമിതിയിലേക്ക് സമരസമിതി നിർദ്ദേശിക്കുന്ന ഒരാളെക്കൂടി അംഗമാക്കണമെന്ന നിർദ്ദേശവും പരിഗണനയിലാണ്.
അതിനിടെ ഗാന്ധിസ്മാരക നിധിയും ഒത്തുതീർപ്പ് ചർച്ചകൾക്ക് രംഗത്തുണ്ട്. ഇതിനായി ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ. രാധാകൃഷ്ണൻ. ജസ്റ്റിസ് ഹരിഹരൻ നായർ, ടി.പി. ശ്രീനിവാസൻ. ജോർജ് ഓണക്കൂർ എന്നിവരുൾപ്പെട്ട കോർ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.