ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. ചൈനീസ് ചാരക്കപ്പലുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നാവിക സേനാ മേധാവിയുടെ പരാമർശം. ഇന്ത്യൻ മഹാസമുദ്രത്തിൽ രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നാവിക സേന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മഹാ സമുദ്രത്തിൽ നാലു മുതൽ ആറുവരെ ചൈനീസ് നാവിക സേനാ കപ്പലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ ധാരാളം ചൈനീസ് മത്സ്യബന്ധന കപ്പലുകളുടെ സാന്നിദ്ധ്യവുമുണ്ട്. അതിനാൽ ഇന്ത്യൻ സേന അതീവ ജാഗ്രത പുലർത്തുന്നു. എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ ശക്തികളായ 60ഒാളം രാജ്യങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. വലിയ തോതിൽ വ്യാപാരവും വാണിജ്യവും നടക്കുന്ന സുപ്രധാന മേഖലയാണിത്.
മികച്ച പ്രതിരോധമെന്നത് ഏതൊരു സായുധ സേനയുടെയും, പ്രത്യേകിച്ച് നാവികസേനയുടെ കടമയാണെന്ന് ഹരികുമാർ പറഞ്ഞു. വളരെ ചുരുങ്ങിയ സമയത്തിനകം അപകടകരമായ സാഹചര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കേണ്ടതുണ്ട്. നമ്മുടെ സ്വന്തം സുരക്ഷാ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാൻ കഴിയില്ലെന്ന് റഷ്യ-യുക്രെയിൻ സംഘർഷം പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ഭാരത് സംബന്ധിച്ച് സർക്കാർ നാവികസേനയ്ക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2047ഓടെ നാവിക സേനയെ പൂർണ്ണമായും ആത്മനിർഭർ ആക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.