തിരുവനന്തപുരം: പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സി ഐ എ.വി സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ശാരീരികമായി ഉപദ്രവമേൽപ്പിച്ചു എന്ന പരാതിയിൽ നെടുമങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സി ഐയുടെ മകളെ ആക്രമിച്ചു എന്ന പരാതിയിൽ ഇരയ്ക്കെതിരെയും നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നെടുമങ്ങാട് സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർ സൈജു ഇപ്പോഴും ഒളിവിൽ തുടരുകയാണ്. മലയിൻകീഴ് സ്വദേശിയായ വനിതാ ഡോക്ടറെ പീഡിപ്പിച്ചതിന് നേരത്തെ മറ്റൊരു പരാതിയും പ്രതിയ്ക്കെതിരെ ലഭിച്ചിരുന്നു. ഈ പീഡനക്കേസിൽ മുൻകൂർ ജാമ്യം നേടാനായി വ്യാജ രേഖ ചമച്ചതായി തെളിഞ്ഞതിനാൽ പ്രതിയെ മൂന്ന് ദിവസം മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. സി ഐ സ്റ്റേഷൻ രേഖകളിൽ തിരിമറി കാണിച്ചായിരുന്നു മുൻകൂർ ജാമ്യം നേടിയത്. വ്യാജ രേഖ ചമയ്ക്കാനായി സഹായം നൽകിയതിന് മലയിൻകീഴ് സ്റ്റേഷനിലെ റൈറ്റർ പ്രദീപിനെയും സി ഐ സൈജുവിനൊപ്പം ആഭ്യന്തര സെക്രട്ടറി സസ്പെൻഡ് ചെയ്തിരുന്നു. പഴയ പീഡനപരാതിയിലെ നടപടിയെന്നോണം സി ഐയെ കൊച്ചിയിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ തുടരുന്നതിനിടയിലാണ് നിലവിലെ പീഡന പരാതിയും ഉയർന്ന് വരുന്നത്.