SignIn
Kerala Kaumudi Online
Thursday, 25 April 2024 5.23 AM IST

കുട്ടികളുടെ കഞ്ഞിയിൽ പാറ്റയിടരുത്

photo

ആറുരൂപയ്ക്ക് ഒരു കട്ടൻചായപോലും കിട്ടാത്ത ഇവിടെ സ്‌കൂൾ ഉച്ചഭക്ഷണം തയ്യാറാക്കാൻ കുട്ടി ഒന്നിനു നൽകുന്ന സർക്കാർ വിഹിതം ആറോ എട്ടോ രൂപയാണെന്നു കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നും. പക്ഷേ സത്യമതാണ്. പണ്ടെന്നോ നിശ്ചയിച്ച ഈ തുകപോലും കൃത്യമായി ലഭിക്കുകയില്ലെന്നു വന്നാലോ? ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരായ ഹെഡ്‌മാസ്റ്റർമാർ ഉദാരമതികളുടെ സഹായത്തോടെ വല്ലവിധേനയും ഈ പുണ്യപ്രവൃത്തി മുടങ്ങാതെ നടത്തിക്കൊണ്ടുപോകുകയാണ്. എന്നും ലഭിക്കുന്ന ഉച്ചഭക്ഷണത്തിനായി കുട്ടികൾ നിരന്നിരിക്കുമ്പോൾ അവരുടെ മുമ്പിൽ അദ്ധ്യാപകർക്ക് എങ്ങനെ കൈമലർത്താനാകും. ഭക്ഷണത്തിനുള്ള സർക്കാർ വിഹിതം മുടങ്ങിയതുകൊണ്ടാണ് ആഹാരം നൽകാത്തതെന്നു കുട്ടികളോടു പറയാനാവില്ലല്ലോ. അതുകൊണ്ടാണ് അവർ സുമനസുകളുടെ സഹായത്തോടെ വല്ലവിധേനയും പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.

സർവസാധനങ്ങളുടെയും വില വാനോളം ഉയർന്നിരിക്കുന്ന ഇക്കാലത്ത് സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള വിഹിതം കൂട്ടേണ്ടത് ന്യായമായ ആവശ്യമാണ്. കൂട്ടാമെന്ന് ഇടയ്ക്കിടെ വാഗ്ദാനം നൽകുന്നതല്ലാതെ നടപടിയൊന്നുമില്ല. ഒരു കുട്ടിക്ക് പത്തുരൂപയെങ്കിലും അനുവദിക്കണമെന്നു കാണിച്ച് വിദ്യാഭ്യാസവകുപ്പ് ധനവകുപ്പിന് നോട്ട് നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. വലിയ വലിയ കാര്യങ്ങളുമായി കെട്ടിമറിയുന്നതിനിടയിൽ ധനവകുപ്പിന് പള്ളിക്കൂടം പിള്ളേരുടെ വിശപ്പു കാണാൻ കണ്ണുമില്ല, മനസുമില്ല. ഒരു രൂപയുടെ അധികച്ചെലവ് പോലും അനുവദിക്കാൻ ഖജനാവിന്റെ സ്ഥിതി സമ്മതിക്കുന്നില്ലെന്നതാണ് ധനവകുപ്പിന്റെ പ്രഖ്യാപിത നിലപാട്. സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ കാര്യമായാലും അഗതി പെൻഷന്റെ കാര്യമായാലും നിലപാട് ഒന്നുതന്നെ. കുട്ടികളുടെ വിശപ്പിന്റെ വിളി കേട്ടാലും തെല്ലുപോലും അലിയാത്ത ശിലാഹൃദയമുള്ളവരാണ് അവിടെയുള്ളത്. അല്ലെങ്കിൽ പ്രഥമാദ്ധ്യാപകർ സർക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഡിസംബർ ആറിന് നിരാഹാര സമരത്തിന് ഇറങ്ങേണ്ടിവരുമായിരുന്നില്ല.

ഉച്ചഭക്ഷണത്തിനുള്ള കുട്ടികളുടെ എണ്ണം നോക്കിയാണ് വിഹിതം നിശ്ചയിച്ചിട്ടുള്ളത്. അഞ്ഞൂറിൽ താഴെ കുട്ടികളേ ഉള്ളുവെങ്കിൽ ഒരു കുട്ടിക്ക് ആറുരൂപ വച്ച് നൽകും. അഞ്ഞൂറിലധികമാണെങ്കിൽ എട്ടു രൂപ വച്ചും. ഇന്ധനച്ചെലവും പാചകക്കാർക്കുള്ള കൂലിയുമടക്കം ഇതിൽ നിന്നാണു നൽകേണ്ടത്. കൈകാര്യ ചെലവ് എന്ന പേരിലാണ് ഈ തുക നൽകുന്നത്.

ഒരു കുട്ടിക്ക് പതിനഞ്ചുരൂപ എന്ന തോതിലെങ്കിലും വിഹിതം ഉറപ്പാക്കിയാലേ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി തെറ്റില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവൂ എന്നാണ് ഇതിന്റെ ചുമതലക്കാരായ അദ്ധ്യാപകരുടെ നിലപാട്. ഈ ആവശ്യം അന്യായമാണെന്നു പറയാൻ ആർക്കും കഴിയില്ല. കാരണം എല്ലാ മേഖലകളിലുമുള്ള വിലക്കയറ്റത്തിൽ നിന്ന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയും മുക്തമല്ലെന്ന് ഓർക്കണം. എല്ലാ മാസവും കടമെടുത്ത് ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാരിന് കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങുന്ന സാഹചര്യമുണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്വമുണ്ട്. ഉച്ചഭക്ഷണച്ചെലവിന്റെ അറുപതുശതമാനം കേന്ദ്ര വിഹിതമാണെന്ന വസ്തുതയും മറന്നുകൂടാ. പ്രഥമാദ്ധ്യാപകർ സ്ഥിരമായി നാട്ടിലെ ഉദാരമതികളുടെ സഹായം തേടി ഉച്ചഭക്ഷണ പരിപാടി മുടക്കമില്ലാതെ കൊണ്ടുപോകണമെന്നു ശഠിക്കാനാവില്ല. സർക്കാർ തന്നെ അഭിമാന സാമൂഹികസുരക്ഷാ പദ്ധതികളിലൊന്നായി ഗണിക്കുന്നതാണിത്. ഒരു ദിവസം പോലും അതിനു മുടക്കം വരാതെ നോക്കേണ്ടതും സർക്കാരിന്റെ ചുമതലയാണ്. ആറും എട്ടും രൂപ നിശ്ചയിച്ചിട്ടുള്ളതുതന്നെ യഥാസമയം ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുകയാണ്. വേതനം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി പാചകത്തൊഴിലാളികളും സമരപാതയിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് മാറ്റിവയ്ക്കാവുന്ന കാര്യങ്ങളല്ല ഇത്. അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്നം തന്നെയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NOON MEAL FOR SCHOOLS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.