ഹിഗ്വിറ്റ സിനിമയെ ചൊല്ലിയുള്ള വിവാദം പുകയുമ്പോൾ സമാന അനുഭവം പങ്കിട്ട് എഴുത്തുകാരൻ വി.ജെ. ജെയിംസ്. ഹിഗ്വിറ്റ എന്ന് തന്റെ കഥ സിനിമയാകുമ്പോൾ ആ പേര് ഉപയോഗിക്കാനാകില്ല എന്ന സങ്കടമാണ് എൻ.എസ്. മാധവൻ പങ്കിടുന്നതെങ്കിൽ താനും ആ ഒരു അവസ്ഥയിലൂടെ കടന്നു പോകുകയാണെന്ന് വി.ജെ . ജെയിംസ് കുറിച്ചു. പതിനാറു വർഷം മുൻപ് പ്രസിദ്ധീകരിച്ച നോവൽ സിനിമയാക്കുമ്പോൾ ഇനിയെനിക്ക് അതേ പേര് ഉപയോഗിക്കാൻ നിയമപരമായി അവകാശമില്ലെന്ന പ്രതിസന്ധിയും നിലനില്ക്കുന്നു. സ്വന്തം നോവലിന്റെ പേര് സ്വന്തം സിനിമയ്ക്ക് കൊടുക്കുന്നത് ക്രൈം ആയി മാറുന്ന വൈപരീത്യം.
ഇത് ആരോടെങ്കിലുമുള്ള പ്രതിഷേധമോ പരാതിയോ അല്ല. ഞാൻ നേരിടുന്ന ഒരു നിസ്സഹായാവസ്ഥ സുഹൃത്തുക്കളുമായി പങ്കുവച്ചതാണെന്നും ജെയിംസ് കുറിച്ചു.
വി.ജെ. ജെയിംസിന്റെ കുറിപ്പ്
ഹിഗ്വിറ്റയെക്കുറിച്ചുള്ള ചർച്ചകൾ പലവിധ പ്രതികരണങ്ങളിലൂടെ മുന്നേറുമ്പോൾ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് കടന്നു പോവേണ്ടി വരുന്ന ഒരു സാഹചര്യത്തെക്കുറിച്ചു കൂടി സൂചിപ്പിക്കുവാൻ തോന്നി. ആദ്യമേ പറയട്ടെ, ഇത് ആരോടെങ്കിലുമുള്ള പ്രതിഷേധമോ പരാതിയോ അല്ല. സംഗതി ലെയ്ക്കയെന്ന നോവലിനെക്കുറിച്ചാണ്. ഡി.സി. ബുക്ക്സ് 2006 ൽ പുറത്തിറക്കിയ ലെയ്ക്ക ഇതിനകം പല പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടുകയും വായനക്കാരിൽ നിന്ന് നല്ല പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുള്ള നോവലാണ്. പ്രശസ്ത സംവിധായകൻ ലാൽജോസ് ഒരു വിമാന യാത്രയ്ക്കിടയിൽ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ആ നോവൽ വായിക്കാനിടയാവുകയും അതിന്റെ ആവേശത്തിൽ എന്നെ നേരിൽ വിളിക്കുകയും അദ്ദേഹം ഏഷ്യാനെറ്റിനു വേണ്ടി ചെയ്തു കൊണ്ടിരുന്ന മാജിക് മൊമന്റ്സ് വിത്ത് ലാൽ ജോസ് എന്ന പ്രോഗ്രാമിലേക്ക് എന്നെ അതിഥിയായി ക്ഷണിച്ച് ഇൻറർവ്യൂ നടത്തുകയും ചെയ്തത് സ്റ്റേഹപൂർവം ഓർക്കുന്നു. ലെയ്ക്കയെന്ന നോവൽ സിനിമയാക്കാനുള്ള താത്പര്യം ലാൽ ജോസ് ഉൾപ്പെടെ പലരും പ്രകടിപ്പിക്കുകയും ചില ചർച്ചകൾ മുന്നേറുകയുമൊക്കെ ചെയ്തിട്ടുള്ളതുമാണ്. അങ്ങനെയിരിക്കെ മാസങ്ങൾക്കു മുൻപ് പലരുമെന്നെ വിളിച്ച് ലെയ്ക്ക സിനിമയാകുന്നതിന്റെ പേരിൽ അഭിനന്ദനങ്ങൾ, പറഞ്ഞു. അപ്പോഴാണ് ആ പേരിൽ ഒരു സിനിമ വരുന്നുവെന്ന കാര്യം ഞാനറിയുന്നത്. സാങ്കേതികമായി പറഞ്ഞാൽ ലെയ്ക്ക ചരിത്രത്തിൽ ഇടം നേടിയ പേരായതിനാൽ ആർക്കും യഥേഷ്ടം അതുപയോഗിക്കാൻ അവകാശമുണ്ട്. ഒരെഴുത്തുകാരനും ആ പേരിൽമേൽ കുത്തകാവകാശമില്ല. എത്രയോപേർ മറ്റ് ഭാഷകളിലും ഇംഗ്ലീഷിലുമൊക്കെയായി ഉപയോഗിച്ചിട്ടുമുണ്ടാകും. ഞാൻ തന്നെ അനിയത്തിപ്രാവ്, അനുഭവങ്ങൾ പാളിച്ചകൾ എന്നീ സിനിമാപ്പേരുകൾ കഥയുടെ തലക്കെട്ടായി ഉപയോഗിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന കഥ പ്രസിദ്ധീകരിക്കും മുൻപ് ഫാസിൽ സാറിനെ നേരിൽ വിളിച്ചപ്പോൾ അദ്ദേഹം ഏറെ സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ആ സിനിമകൾ കഥയിൽ കേന്ദ്ര പ്രമേയമായി വരുന്നത് സിനിമയ്ക്കുള്ള ആദരമായിട്ടാണ് ഫാസിൽ സാറും സേതുമാധവൻ സാറും സ്വീകരിച്ചത്. നൂലേണി എന്ന കഥ പ്രസിദ്ധീകരിച്ച ശേഷമാണ് ആ പേരിൽ പ്രിയ എഴുത്തുകാരൻ സേതുവിന്റെ ഒരു കഥയുണ്ടെന്ന് ഒരു സുഹൃത്ത് ചൂണ്ടിക്കാട്ടിയത്. ക്ഷമാപണത്തോടെ സേതുവേട്ടന് ഞാനൊരു മെസേജിട്ടപ്പോൾ അദ്ദേഹമെന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ജയിം സായതുകൊണ്ട് പറഞ്ഞു. മറ്റ് ചിലർ അറിഞ്ഞ ഭാവം പോലും നടിക്കില്ലെന്ന്. ലെയ്ക്കയെന്ന പേരിൽ സിനിമ വരുന്നതായി മാസങ്ങൾക്കു മുമ്പേ അറിഞ്ഞിട്ടും എവിടെയും ഞാൻ പ്രതികരിക്കാൻ മുതിർന്നിട്ടില്ല. എന്നാൽ അതിലൊരു നിസ്സഹായത ഉള്ളതെന്തെന്നാൽ ഞാനെഴുതിയ ലെയ്ക്കയെന്ന നോവലിനെ ആസ്പദമാക്കി സിനിമ വരുമ്പോൾ എനിക്കാ പേര് ഇനി ഉപയോഗിക്കാനാവില്ല എന്നതാണ്.
ഏതാനും വർഷം മുൻപ് ജോസഫ് തങ്കച്ചൻ എന്ന മിടുക്കനായ ചെറുപ്പക്കാരൻ ചോരശാസ്ത്രം എന്ന പേരിൽ പത്ത് മിനിറ്റ് വരുന്ന മനോഹരമായൊരു ഷോർട് ഫിലിം ചെയ്തു. എന്റെ ചോരശാസ്ത്രമെന്ന നോവൽ സിനിമയാക്കുമ്പോൾ ആ പേര് ഉപയോഗിക്കാനാവാതെ വരുമല്ലോ എന്ന് ഞാൻ സൂചിപ്പിച്ചപ്പോൾ, താൻ അങ്ങനൊരു ബുദ്ധിമുട്ടിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നു പറഞ്ഞുകൊണ്ട് ആ ചെറുപ്പക്കാരൻ സാമ്പത്തിക നഷ്ടം സഹിച്ചുകൊണ്ടു പോലും ചോരശാസ്ത്രമെന്ന പേര് ചോരപുരാണം എന്നാക്കി മാറ്റുവാൻ ഹൃദയവിശാലത കാട്ടിയതും സ്നേഹപൂർവം ഓർക്കുന്നു. നിയമപരമായി അത് ചെയ്യേണ്ട യാതൊരു ബാദ്ധ്യതയും ഇല്ലായിരുന്നിട്ടും അതിനു മുതിർന്ന സൻമനസ്സിനെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല.
റഷ്യൻ ബഹിരാകാശ ഗവേഷണത്തിന് പരീക്ഷണമൃഗമാവേണ്ടി വന്ന നായയെ പ്രധാന കഥാപാത്രമാക്കി എഴുതിയ നൊമ്പരപ്പെടുത്തുന്നൊരു കുടുംബകഥ സിനിമയാക്കുമ്പോൾ ലെയ്ക്ക എന്നതിനെക്കാൾ അനുയോജ്യമായൊരു ടൈറ്റിൽ സങ്കല്പിക്കാനാവില്ല. എന്നാൽ ഒരു നായയെ പ്രമേയമാക്കി അതേ പേരിൽ മറ്റൊരു സിനിമ ഇറങ്ങുന്നതോടുകൂടി അതിനുള്ള സാദ്ധ്യത എന്നേക്കുമായി അടയുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ലെയ്ക്കയെന്ന പേര് മലയാളത്തിലിറങ്ങുന്ന ഒരു സിനിമയ്ക്ക് കൊടുക്കുന്നതിൽ നിയമപരമായ ഒരു തെറ്റുമില്ലെന്നു തന്നെ ഞാനും പറയും. അതേസമയം തന്നെ പതിനാറു വർഷം മുൻപ് പ്രസിദ്ധീകരിച്ച നോവൽ സിനിമയാക്കുമ്പോൾ ഇനിയെനിക്ക് അതേ പേര് ഉപയോഗിക്കാൻ നിയമപരമായി അവകാശമില്ലെന്ന പ്രതിസന്ധിയും നിലനില്ക്കുന്നു. സ്വന്തം നോവലിന്റെ പേര് സ്വന്തം സിനിമയ്ക്ക് കൊടുക്കുന്നത് ക്രൈം ആയി മാറുന്ന വൈപരീത്യം.
ഒന്നൂടെ പറയട്ടെ, ഇത് ആരോടെങ്കിലുമുള്ള പ്രതിഷേധമോ പരാതിയോ അല്ല. എൻ.എസ്. മാധവന്റെ ഹിഗ്വിറ്റയെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നതു കാണുമ്പോൾ ഞാൻ നേരിടുന്ന ഒരു നിസ്സഹായാവസ്ഥ സുഹൃത്തുക്കളുമായി പങ്കുവച്ചുവെന്ന് മാത്രം