ആലപ്പുഴ: എസ്.ഡി കോളേജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷവുമായി ബന്ധപ്പെട്ട് നാല് പരാതികളിൽ പ്രാഥമികമായി ആറ് വിദ്യാർത്ഥികൾക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിൽ കൂടുതൽ പേർ പ്രതികളാകും.
എസ്.എഫ്.ഐയുടെ ആക്രമണത്തിൽ തലയ്ക്ക് അടിയേറ്റെന്നും രണ്ടരപവന്റെ താലിമാല നഷ്ടമായെന്നും ബി.എ മൂന്നാംവർഷ വിദ്യാർത്ഥിനി ഗ്രീഷ്മ പരാതി നൽകി. എ.ഐ.എസ്.എഫ് പ്രവർത്തകൻ പെൺകുട്ടികളെ വടികൊണ്ട് ആക്രമിച്ചെന്നാണ് എസ്.എഫ്.ഐയുടെ പരാതി. എന്നാൽ പുറത്തു നിന്നുള്ള എസ്.എഫ്.ഐക്കാർ കാമ്പസിലേക്ക് ഇരച്ചുകയറി രാഷ്ട്രീയം നോക്കാതെ വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നെന്നും എ.ഐ.എസ്.എഫ് നൽകിയ പരാതിയിൽ പറയുന്നു. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആലോചനയോഗം നാളെ നടക്കും. പൊലീസ് സുരക്ഷയിലാവും നാളെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്.