SignIn
Kerala Kaumudi Online
Saturday, 04 February 2023 9.27 PM IST

യെല്ലോസ്‌റ്റോൺ ഇരട്ടി ഭീകരൻ !

volcano

ന്യൂയോർക്ക് : മനുഷ്യൻ ഉൾപ്പെടെ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കാൻ ശേഷിയുള്ള പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് അഗ്നിപർവത സ്ഫോടനം. നവംബർ 28നാണ് ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ 1984ന് ശേഷം ആദ്യമായി പൊട്ടിത്തെറിച്ചത്. യു.എസിലെ ഹവായി ദ്വീപിലുള്ള മൗന ലോവ ആളപായമോ നാശനഷ്ടമോ സൃഷ്ടിച്ചിട്ടില്ല. എന്നാൽ മൗന ലോവയിൽ നിന്നുള്ള ലാവാ പ്രവാഹം തുടരുന്നു.

എപ്പോൾ എന്തും സംഭവിക്കാമെന്ന തരത്തിലുള്ള സജീവ അഗ്നിപർവതങ്ങളും ഇനി പൊട്ടിത്തെറികളുണ്ടാകാനിടയില്ലാത്ത നിർജീവ അഗ്നിപർവതങ്ങളുമുണ്ട്. എന്നാൽ, ഇവ രണ്ടിൽ നിന്നും വ്യത്യസ്തവും വിനാശകാരിയുമാണ് സൂപ്പർ വോൾക്കാനോകൾ. ലോകത്ത് ഏകദേശം 12 സൂപ്പർ വോൾക്കാനോകളുണ്ട്. ഇവ ഓരോ ഒരു ലക്ഷമോ അതിൽ കൂടുതലോ വർഷങ്ങൾ കൂടുമ്പോൾ അതിഭീകരമായി പൊട്ടിത്തെറിക്കും.

എന്നാൽ, അത്തരമൊരു സൂപ്പർ വോൾക്കാനോ സ്ഫോടനത്തെ മുൻകൂട്ടി കണ്ട് തയാറെടുക്കാൻ മനുഷ്യരെ പ്രാപ്തമാക്കുന്ന തരത്തിൽ മുന്നറിയിപ്പ് പ്രവചിക്കാൻ എളുപ്പമല്ല. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് ഇത്തരത്തിൽ ഒരു പൊട്ടിത്തെറി സംഭവിച്ചതെന്നിരിക്കെ, സൂപ്പർ വോൾക്കാനോകളിൽ സ്ഫോടനത്തിന് മുന്നേയുണ്ടാകുന്ന മാറ്റങ്ങളും സ്വഭാവങ്ങളും ഇന്നത്തെ ശാസ്ത്രലോകത്തിന് നിഗമനങ്ങൾ മാത്രമാണെന്നതാണ് കാരണം.

സൂപ്പർ വോൾക്കാനോകളുടെ കൂട്ടത്തിൽ നിലവിൽ ഏറ്റവും ആശങ്കയുണർത്തുന്ന ഒന്നാണ് യു.എസിലെ യെല്ലോസ്റ്റോൺ. ഭൂമിയ്ക്കടയിലെ ഭീമൻ മാഗ്മ ചേംബറിന് മുകളിലാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ യെല്ലോസ്റ്റോണിനടിയിൽ തങ്ങൾ വിചാരിച്ചതിന്റെ ഇരട്ടി മാഗ്മയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇത്രയധികം മാഗ്മ സാന്നിദ്ധ്യമുണ്ടെങ്കിലും യെല്ലോസ്റ്റോണിൽ സമീപ കാലത്ത് പൊട്ടിത്തെറിയുണ്ടാകില്ലെന്നും ഗവേഷകർ പറയുന്നു.

യെല്ലോസ്റ്റോണിലെ ഒരു ചെറിയ മാറ്റം പോലും ഗവേഷകർ പഠനവിധേയമാക്കുന്നുണ്ട്. ഏകദേശം 900 ക്യൂബിക് കിലോമീറ്റർ ഉരുകിയ പാറ അടങ്ങിയതാണ് യെല്ലോസ്റ്റോണിലെ മാഗ്മ റിസർവോയറെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഇത് 1600 ക്യൂബിക് കിലോമീറ്റർ ആണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ഒരു ഭീമൻ പൊട്ടിത്തെറിക്ക് വേണ്ട പരിധിയുടെ 35 മുതൽ 50 ശതമാനം വരെ താഴെയാണ് ഈ അനുപാതമെന്ന് ഗവേഷകർ പറയുന്നു.

2.1 മില്യൺ വർഷങ്ങൾക്കും 640,000 വർഷങ്ങൾക്കും ഇടയിൽ യെല്ലേസ്റ്റോണിൽ സംഭവിച്ച മൂന്ന് ഭീമൻ സ്ഫോടനങ്ങളുടെ ഫലമായി പുറത്തുവന്ന ചാരം വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളെ മൂടാൻ മാത്രമുണ്ടായിരുന്നു. 15 ലക്ഷം വർഷത്തിലൊരിക്കൽ യെല്ലോസ്റ്റോൺ പൊട്ടിത്തെറിക്കുമെന്നാണ് കണക്കുകൂട്ടൽ.

3,500 ചതുരശ്ര മൈൽ വിസ്തൃതിയുള്ള യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക് ഐഡഹോ, മൊണ്ടാന, വയോമിംഗ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ശരാശരി 169.7 ഡിഗ്രീ ഫാരൻഹീറ്റ് താപനിലയുള്ള 90 മിനിറ്റുകൾ കൂടും തോറും പൊട്ടിത്തെറിക്കാറുള്ള ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സർ, ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗ് എന്ന ഉഷ്‌ണജല പ്രവാഹം തുടങ്ങിയവ യെല്ലോ‌സ്‌റ്റോൺ മേഖലയുടെ പ്രത്യേകതയാണ്.

 സൂപ്പർ വോൾക്കാനോ

വോൾക്കാനിക് എക്സ്പ്ലോസിവിറ്റി ഇന്റക്സ് ( VEI ) പ്രകാരം, കുറഞ്ഞത് തീവ്രതയുടെ അളവ് 8 എങ്കിലും രേഖപ്പെടുത്തിയിട്ടുള്ള പൊട്ടിത്തെറികൾ സംഭവിച്ച അഗ്നിപർവതങ്ങളെയാണ് സൂപ്പർ വോൾക്കാനോകളുടെ ഗണത്തിൽപ്പെടുത്തുന്നത്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പായിരിക്കും സൂപ്പർ വോൾക്കാനോകൾ പൊട്ടിത്തെറിച്ചിരിക്കുക.

ശേഷം ലക്ഷക്കണക്കിന് വർഷങ്ങൾ ഇവ നിർവാണ അഗ്നിപർവതങ്ങളായി തുടരും. അതായത്, ഒരു പൊട്ടിത്തെറിക്ക് ശേഷം വീണ്ടും സ്ഫോടനം സംഭവിക്കണമെങ്കിൽ ലക്ഷക്കണക്കിന് വർഷങ്ങളുടെ ഇടവേളയുണ്ടായിരിക്കും. ഈ പ്രത്യേകത തന്നെയാണ് ഇവയെ അപകടകാരികളാക്കുന്നതും. കാരണം വിനാശകരമായ ഒരു സ്ഫോടനമായിരിക്കാം ഇവ മൂലം ഉണ്ടാവുക. ഇവയിൽ നിന്നുള്ള ലാവാ പ്രവാഹവും ചാരവും വർഷങ്ങളോളം പുറത്തുവരികയും അത് കാലാവസ്ഥയേയും പരിസ്ഥിതിയേയും ജനജീവിതത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

പ്രകൃതിയുടെ തുലനാവസ്ഥയെ തന്നെ മാറ്റിമറിക്കാൻ സൂപ്പർ വോൾക്കാനോകളുടെ സ്ഫോടനത്തിന് ശേഷിയുണ്ട്. മാത്രമല്ല, ഒരു പ്രദേശം ഒന്നടങ്കം ഇല്ലാതായെന്നും വരാം. വോൾക്കാനിക് എക്സ്പ്ലോസിവിറ്റി ഇന്റക്സ് 8ലും അതിൽ കൂടുതലും തീവ്രതയിൽ സംഭവിക്കുന്ന അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി 1,000 ക്യൂബിക് കിലോമീറ്ററിലധികം ചാരവും ലാവയുമാണ് പുറത്തുവരുന്നത്. ദശാബ്ദങ്ങളോളം കാലാവസ്ഥയെ മാറ്റിമറിക്കാൻ ഇത് തന്നെ ധാരാളം.

 അവസാന സ്ഫോടനം

ലോകത്ത് അവസാനം സംഭവിച്ച സൂപ്പർ വോൾക്കാനോ സ്ഫോടനം ന്യൂസിലൻഡിലെ ടൗപോ അഗ്നിപർവതത്തിലാണ്. ഏകദേശം 26,​500 വർഷങ്ങൾക്ക് മുമ്പാണ് ടൗപോ പൊട്ടിത്തെറിച്ചത്. 74,000 വർഷങ്ങൾക്ക് മുമ്പ് ഇൻഡോനേഷ്യയിലെ ടോബ അഗ്നിപർവതം പൊട്ടിത്തെറിച്ചതാണ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സൂപ്പർ വോൾക്കാനോ സ്ഫോടനം. ഈ സ്ഫോടന ഫലമായുണ്ടായ ചാരവും പുകയും ഭൂമിയിൽ സൂര്യപ്രകാശത്തെ മറച്ച് ഒരു ഹിമയുഗത്തിന് തന്നെ കാരണമായെന്ന് കരുതുന്നുണ്ടെങ്കിലും തെളിയിക്കാനായിട്ടില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.