കണ്ണൂർ : കൊച്ചി മുനമ്പത്ത് നിന്നും ഇരുപത് ദിവസങ്ങൾക്ക് മുൻപ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കണ്ണൂർ തീരത്ത് മുങ്ങി. ശനിയാഴ്ച വൈകീട്ട് 3 മണിയോടെ കണ്ണൂരിൽനിന്ന് 67 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനിടെ എഞ്ചിനിലുണ്ടായ തകരാർ പരിഹരിച്ചുവെങ്കിലും ബോട്ടിൽ വെള്ളം കയറുകയായിരുന്നു. വെള്ളം കയറുന്ന ദ്വാരം അടയ്ക്കുന്നതിൽ തൊഴിലാളികൾ പരാജയപ്പെട്ടതോടെ ഇന്നലെയോടെ ബോട്ട് അപകടാവസ്ഥയിലാവുകയും, തൊഴിലാളികൾ ബേക്കൽ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
പതിമൂന്ന് തൊഴിലാളികളായിരുന്നു ഷൈജ എന്ന ബോട്ടിൽ ഉണ്ടായിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള എട്ടുപേരും ആസാമിൽനിന്നുള്ള അഞ്ചുപേരുമായിരുന്നു ഇവർ. ബേക്കൽ കോസ്റ്റൽ പൊലീസ് നൽകിയ വിവരമനുസരിച്ച് അപകടം സംഭവിച്ച ബോട്ടിന് സമീപത്തുണ്ടായിരുന്നു മദർ ഇന്ത്യ എന്ന മത്സ്യബന്ധന ബോട്ടിലുള്ളരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബോട്ട് നടുക്കടലിൽ പൂർണമായും മുങ്ങിയത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഇന്ന് പുലർച്ചെ മൂന്നരയോടെ അഴീക്കൽ ഹാർബറിൽ എത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.