ലക്നൗ : വിവാഹ മണ്ഡപത്തിൽ വരൻ വരണമാല്യം അണിയിക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. ഉത്തർപ്രദേശിലെ ലക്നൗവിലെ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലാണ് സംഭവം. 20 വയസ് പ്രായമുള്ള യുവതിയാണ് വിവാഹത്തിനിടെ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിവാഹത്തിനിടെ വധു മരണപ്പെട്ട വിവരം പൊലീസ് അറിഞ്ഞത്. തൊട്ടുപിന്നാലെ മാലിഹാബാദ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം ഗ്രാമത്തിലേക്ക് പുറപ്പെട്ടതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സുഭാഷ് ചന്ദ്ര സരോജ് പറഞ്ഞു. ഇവർ നൽകുന്ന വിവരം അനുസരിച്ച് ഭാദ്വാന ഗ്രാമത്തിലെ രാജ്പാലിന്റെ മകൾ ശിവാംഗിയാണ് വിവാഹത്തിനിടെ മരണപ്പെട്ടത്. യുവതിയും വിവേക് എന്ന യുവാവുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വിവാഹത്തിനിടെ കുഴഞ്ഞുവീണ ശിവാംഗിയെ തൊട്ടടുത്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചു. തുടർന്ന് ട്രോമ സെന്ററിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി അയച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.