SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.37 PM IST

'തട്ടിപ്പിൽ' കുടുങ്ങി കോർപ്പറേഷൻ

corp
corp

കോഴിക്കോട്: തുടർച്ചയായുണ്ടാകുന്ന തട്ടിപ്പുകളിൽ കുടുങ്ങി കോഴിക്കോട് കോർപ്പറേഷൻ. കെട്ടിടനമ്പർ തട്ടിപ്പ്, നികുതി തട്ടിപ്പ്, തൊഴിൽ തട്ടിപ്പ് തുടങ്ങി അടുത്തിടെ കോർപ്പറേഷനെ പ്രതിരോധത്തിലാക്കി നിരവധി തട്ടിപ്പുകളാണ് പുറത്തായത്. ഏറ്റവും ഒടുവിലായി പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പിലൂടെ 15.24 കോടി നഷ്ടമാവുകയുംചെയ്തു.

ബാങ്കിലുണ്ടായ തട്ടിപ്പ് കോർപ്പറേഷനിലെന്ന തരത്തിലേക്ക് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഭരണ പക്ഷം വിമർശിക്കുമ്പോഴും അക്കൗണ്ട് കൈകാര്യം ചെയ്തതിലെ വീഴ്ച ചർച്ചയാക്കുകയാണ് പ്രതിപക്ഷം. വലിയ തട്ടിപ്പുകളാണ് ഈ വർഷം മാത്രം പുറത്തുവന്നത്. ഇവയിലൊന്നും കാര്യമായ നടപടിയില്ലാത്തതും ചോദ്യം ചെയ്യപ്പെടുകയാണ്. കെട്ടിടനമ്പർ തട്ടിപ്പിൽ ഒരു സംഘത്തെ അറസ്റ്റ് ചെയ്തതോടെ അന്വേഷണം നിലച്ചു. കോർപ്പറേഷനിൽ ഉദ്യോഗസ്ഥരുടെ സഞ്ചയ സോഫ്റ്റ് വെയറിലെ ലോഗിൻ ഐ.ഡിയും പാസ് വേഡും ഡിജിറ്റൽ സിഗ്‌നേച്ചറും ഉപയോഗിച്ചാണ് നഗരത്തിലെ കെട്ടിടങ്ങൾക്ക് വ്യാപകമായി വ്യാജനമ്പർ നൽകിയത്. വലിയ പ്രതിഷേധം ഉയർന്നതോടെ അന്വേഷണം ഊർജിതമാക്കി ഒരു കേസിൽ തട്ടിപ്പ് സംഘത്തെ പിടികൂടിയെങ്കിലും പിന്നീട് കാര്യമായ പുരോഗതി ഉണ്ടായില്ല. അന്ന് അറസ്റ്റിലായവരെല്ലാം ജാമ്യത്തിലിറങ്ങുകയും ചെയ്തു. ക്രമക്കേട് പുറത്തായതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ കോർപ്പറേഷൻ തിരിച്ചെടുക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് നികുതി പിരിവിലെ തട്ടിപ്പ് പുറത്തുവന്നത്. ടൗൺ സ്റ്റേഷനിൽ സെക്രട്ടറി പരാതി നൽകിയെങ്കിലും അറസ്റ്റ് ഉൾപ്പെടയുള്ള നടപടികൾ ഉണ്ടായില്ല. ബിൽ കളക്ടർമാർ പിരിച്ച നികുതി മുഴുവനായും രജിസ്റ്ററിൽ ചേർക്കാതെ തട്ടിപ്പുനടത്തിയത് താത്കാലിക ജീവനക്കാരാണ്. താത്കാലിക നിയമനങ്ങളും ഇതോടെ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ നടപടികൾ ഉണ്ടായില്ല.

2017 - 18 കാലഘട്ടത്തിലെ ക്രമക്കേടാണ് പുറത്തുവന്നത്. പൊലീസിൽ പരാതി നൽകിയതിന് പുറമെ കോർപ്പറേഷനിൽ ആഭ്യന്തര പരിശോധനയും നടന്നിരുന്നെങ്കിലും ഇതെല്ലാം പ്രഹസനമാണെന്ന് പ്രതിപക്ഷം പറയുന്നു. കോർപ്പറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ടെന്ന് സാമൂഹികമാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചാരണവും നടന്നിരുന്നു. ഇതിൽ കോർപ്പറേഷൻ സക്രട്ടറി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.

വ്യജ വെബ്സൈറ്റും ലിങ്കും നൽകി പല തസ്തികകളിലായി 821 ഒഴിവുകളുണ്ടെന്നായിരുന്നു പ്രചാരണം.

മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട് ബേപ്പൂർ മേഖലാ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു മറ്റൊരു തട്ടിപ്പ്. 2020 - 21 വർഷത്തെ ജനകീയാസൂത്രണപദ്ധതി പ്രകാരം നടപ്പാക്കിയ പദ്ധതിയുടെ തുക കോർപ്പറേഷിൽ അടച്ചില്ലെന്നായിരുന്നു പരാതി. കോഴിക്കൂട് നൽകിയ കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക് പദ്ധതിപ്രകാരം തുക നൽകിയില്ലെന്ന പരാതി ഉയർന്നതോടെയാണ് സംഭവം വിവാദമായത്. കോർപ്പറേഷന് നഷ്ടമായ 3,95,825 രൂപ പലിശസഹിതം തിരിച്ചുപിടിക്കണമെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടിയെടുക്കണമെന്നും കോർപ്പറേഷൻ മൃഗസംരക്ഷണവകുപ്പിന് ശുപാർശ ചെയ്തിരുന്നു.

ഫണ്ട് തട്ടിപ്പ് കേസ് സി.ബി.ഐക്ക്

കൈമാറണം: ബി.ജെ.പി

കോഴിക്കോട്: വലിയ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ് കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. സെൻട്രൽ വിജിലൻസ് കമ്മിഷന്റെ പുതിയ ചട്ടപ്രകാരം മൂന്നുകോടിക്ക് മുകളിലുളള തട്ടിപ്പുകൾ പുറത്തുവന്ന് ഒരാഴ്ചയ്ക്കകം റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്ത് ദേശീയ ഫ്രോഡ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും അന്വഷണം നടത്താൻ കേന്ദ്ര ഏജൻസിയെ ചുമതലപ്പെടുത്തുകയും വേണം.

15.24 കോടി രൂപ വിവിധ അക്കൗണ്ടുകളിൽ നിന്നായി ആറുമാസം കൊണ്ട് നഷ്ടപ്പെട്ടിട്ടും കോർപ്പറേഷൻ ധനകാര്യവിഭാഗം അതറിഞ്ഞില്ലെന്ന് പറയുന്നത് ആശ്ചര്യകരമാണ്. ധനകാര്യവിഭാഗം ഓരോ മാസവും കൃത്യമായ പരിശോധന നടത്തേണ്ടിയിരുന്നതാണ്. കോർപ്പറേഷനിൽ ആറോളം ഉദ്യോഗസ്ഥർ ഇതിനായി പ്രവർത്തിക്കുന്നുമുണ്ട്. പലതട്ടിലുളള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ട ബാങ്കും അതൊന്നും പാലിച്ചിട്ടില്ല. പതിനഞ്ച് കോടിക്ക് മുകളിൽ തട്ടിപ്പ് നടത്തിയിട്ടും നടത്തിയ മാനേജരുടെ അക്കൗണ്ടുകളിൽ കാര്യമായ പണമൊന്നും ബാക്കിയില്ലെന്നതും അയാളുടെ ജീവിതസാഹചര്യം മെച്ചപ്പെടാത്തതും സംശയം ജനിപ്പിക്കുകയാണ്. മറ്റാർക്കെങ്കിലും വേണ്ടിയാണോ ബാങ്ക് കൃത്രിമം നടത്തിയതെന്നതും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. തട്ടിപ്പുകൾ തുടർക്കഥയാവുന്ന കോഴിക്കോട് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ബി.ജെ.പി പ്രക്ഷോഭം ശക്തമാക്കുമെന്നും സജീവൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.