SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.39 PM IST

അമ്പതുവർഷം പിന്നിട്ടിട്ടും ക്ലാസ് വിട്ടിറങ്ങാത്ത ഓർമകളുമായി അവർ...

mcc
മലബാർ ക്രിസ്ത്യൻ കോളേജിലെ 1967-72 ബാച്ചിലെ വിദ്യാർത്ഥികൾ കോളേജിൽ ഒത്തുകൂടിയപ്പോൾ.

കോഴിക്കോട്: അരനൂറ്റാണ്ട് മുമ്പത്തെ ക്ലാസ് മുറി അന്വേഷിച്ച് നടക്കുകയായിരുന്നു അവർ. 45 പേരടങ്ങുന്ന സംഘം, അവരിൽ പലരും അച്ഛനും അപ്പൂപ്പനുമായി. മറ്രു ചിലർ കൂട്ടം പിരിഞ്ഞുപോയി. ഒടുക്കം ക്രിസ്ത്യൻ കോളേജിന്റെ ഗുൽമോഹർ പൂക്കൾ കൊഴിഞ്ഞുവീഴുന്ന ഒഴിഞ്ഞ മൂലയിലെ കുഞ്ഞു ക്ലാസ് മുറി അവർ കണ്ടെടുത്തു. കാലം മാത്രമല്ല കോളേജും ഒരുപാട് മാറിപ്പോയിരിക്കുന്നു. മലബാർ ക്രിസ്ത്യൻ കോളേജിലെ 1967-69 ലെ പ്രീഡിഗ്രി, 1969- 72 ലെ ഹിസ്റ്ററി ഇക്കണോമിക് ബാച്ചുകളിലെ പൂർവ വിദ്യാർത്ഥികളുടെ അപൂർവ ഒത്തുചേരലായിരുന്നു ഇന്നലെ. പ്രായം ശരീരത്തിൽ പ്രകടമായതു കൊണ്ടാകാം, മനസിലാകാതെ വർഗീസും, വസന്തയും മോറിനും മമ്മുവും ജാനകിയും ജയകൃഷ്ണനുമെല്ലാം പരസ്പരം നോക്കി നിന്നു. വർഷങ്ങൾ മുമ്പ് കണ്ട ആ മുഖങ്ങൾ തിരിച്ചറിയാൻ പലർക്കും കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു . എന്നാൽ തിരിച്ചറിഞ്ഞപ്പോൾ 50 വർഷം മുമ്പുള്ള കോളേജ് കുമാരന്മാരും കുമാരിമാരുമായി അവർ.

എല്ലാവരും പരസ്പരം പരിചയപ്പെടുന്ന തിരക്കിലായിരുന്നു. ആ സമയം ഒരാൾ മാത്രം ഇടയ്ക്കിടെ വാതിലിനരികിലേക്കി നോക്കുന്നു. സംഗീതസംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ മകൻ ആർ. കനകാംബരൻ (ആകാശവാണിയിലെ ആർ. കെ) കാത്തുനിൽക്കുന്നത് ലിന്റയെ ആണ്. 50 വർഷം മുമ്പ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന കൂട്ടുകാരിയെ. കൂട്ടുകാരി പിന്നെ തന്റെ ജീവിതസഖിയായെങ്കിലും പണ്ട് കോളേജിൽ കാത്തുനിന്ന അതേ അനുഭൂതിയായിരുന്നു ആർ.കെയ്ക്ക്. അന്നത്തെ അദ്ധ്യാപകന്റെ വാക്കുകളാണ് ആ നിമിഷങ്ങളിൽ അയാൾക്ക് ഓർമ വന്നത്. 'എല്ലാ കാര്യങ്ങളും എനിക്കറിയാം. ലിന്റ വേറെ വിവാഹം കഴിച്ചുപോകും. നീ നന്നായി പഠിച്ചു ജോലി നേടാൻ നോക്ക്.

പക്ഷേ കൂട്ടുകാരിയെ കൂട്ടിനു ചേർക്കാൻ ആർ. കെയ്ക്ക് കഴിഞ്ഞു.

ബിനിനസുകാരനായ വർഗീസിന്റെ കോളേജ് ഓർമകൾ പോയത് യൂണിയൻ തിരഞ്ഞെടുപ്പ് കാലത്തേക്കാണ്. ക്ലാസുകൾ കയറി ഇറങ്ങിയുള്ള ഇലക്ഷൻ പ്രചരണമെല്ലാം ഇന്നലെ കഴിഞ്ഞതായി തോന്നി. ഈ ഓർമ്മകൾ എല്ലാം മുറിച്ചുകൊണ്ടാണ് ജാനകിക്കുട്ടി ക്ലാസിലേക്ക് കടന്നു വന്നത്. കൊച്ചു ജാനകി എന്ന് വിളിച്ചപ്പോൾ ജാനകിക്കുട്ടി പരിഭവിച്ചുകൊണ്ട് പറഞ്ഞു -അത് എന്റെ സ്‌കൂൾ കാലത്തെ വിളിപ്പേരല്ലേ. കോളേജിൽ ഞാൻ ജാനകിക്കുട്ടി ആയിരുന്നല്ലോ. ഇപ്പോൾ റിട്ട.അദ്ധ്യാപിക.

സഹപാഠികളെ ഒന്നിച്ചുചേർത്ത് പരിപാടികൾ സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് ജയകൃഷ്ണനും ജലജയുമാണ്. കൂട്ടുകാരുടെ നമ്പറുകൾ കണ്ടെത്താനും ബന്ധപ്പെടാനും ഇരുവരും കുറച്ച് ബുദ്ധിമുട്ടിയെങ്കിലും നാളുകൾക്ക് ശേഷം കണ്ടു മുട്ടിയപ്പോൾ സഹപാഠികളിലുണ്ടാക്കിയ ആനന്ദം അവരുടെ മനസ് നിറച്ചു. പരിപാടികളിൽ ഇവരോടൊപ്പം ചേരാൻ ക്രിസ്ത്യൻ കോളേജ് മാനേജർ ഗ്ലാഡിസ് പാവമണിയും എഴുത്തുകാരി കെ.പി.സുധീരയും എത്തിച്ചേർന്നിരുന്നു. സുധീരയുടെ ഭർത്താവ് രഘുവും പൂർവ വിദ്യാർത്ഥിയായി വേദിയിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.