ബ്രസീലും ദക്ഷിണകൊറിയയും തമ്മിലുള്ള ക്വാർട്ടർഫൈനൽ രാത്രി 12.30ന്
നെയ്മർ ബ്രസീൽ ടീമിൽ മടങ്ങിയെത്തിയേക്കും
ദോഹ : ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തിൽ പോർച്ചുഗലിനെതിരെ വിജയം നേടിയ ദക്ഷിണ കൊറിയയുടെ വെല്ലുവിളി മറികടക്കാൻ ബ്രസീലിനാകുമോ?.കാമറൂണിനെതിരെ രണ്ടാം നിരയെ ഇറക്കി തോൽവി ഏറ്റുവാങ്ങിയ ബ്രസീലിന് ആരാധകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇന്ന് വിജയം നേടിയേ പറ്റൂ.അതിനായി പരിക്ക്മാറിയ നെയ്മറെയും കളിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രസീലെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ മത്സരങ്ങളിൽ സെർബിയയെയും സ്വിറ്റ്സർലാൻഡിനെയും മാന്യമായി തോൽപ്പിച്ച് പ്രീ ക്വാർട്ടർ ഉറപ്പിച്ച ബ്രസീൽ കാമറൂണിനെതിരായ അവസാന മത്സരത്തിൽ റിസർവ് ബെഞ്ചിന്റെ കരുത്ത് പരീക്ഷിക്കാനായാണ് ഇറങ്ങിയത്. കാസിമെറോ,വിനീഷ്യസ് ജൂനിയർ,റിച്ചാർലിസൺ,ആലിസൺ ബെക്കർ തുടങ്ങിയ ഏഴോളം താരങ്ങളെയാണ് കരയ്ക്കിരുത്തിയത്. എന്നാൽ ഇൻജുറി ടൈമിലെ വിൻസന്റ് അബൂബക്കറുടെ അപ്രതീക്ഷിത ഗോളിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.
മുൻനിരയുടെ തിരിച്ചുവരവ് തന്റെ ടീമിന് പഴയ ആത്മവിശ്വാസം നൽകുമെന്ന് കോച്ച് ടിറ്റോ വിശ്വസിക്കുന്നു. ആദ്യ മത്സരത്തിൽ കാൽക്കുഴയ്ക്ക് പരിക്കേറ്റ നെയ്മർ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയത് ടിറ്റോയുടെ ആത്മവിശ്വാസം കൂട്ടുന്നു. വിനീഷ്യസും കാസിമെറോയും വിംഗുകളിലൂടെ നടത്തുന്ന മുന്നേറ്റമാണ് ബ്രസീലിന്റെ വിജയമന്ത്രം.
ആദ്യ മത്സരത്തിൽ ഉറുഗ്വേയെ ഗോൾരഹിത സമനിലയിൽ തളച്ചുതുടങ്ങിയ കൊറിയ രണ്ടാം മത്സരത്തിൽ ഘാനയോട് 2-3ന് തോറ്റിരുന്നു.എന്നാൽ പോർച്ചുഗലിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം അവർ നേടിയ വിജയം അവസാനപതിനാറിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ടോട്ടൻഹാമിനുവേണ്ടി കളിച്ചുപരിചയമുള്ള നായകൻ സൺ ഹ്യൂം മിന്നാണ് കൊറിയൻ കുന്തമുന.
7 മത്സരങ്ങളിൽ ബ്രസീലും കൊറിയയും ഏറ്റുമുട്ടിയിട്ടുണ്ട്.അതിൽ ആറിലും ജയിച്ചത് ബ്രസീൽ.കൊറിയയ്ക്ക് ഒരു ജയം.