ബീജിംഗ് : ചൈനയിലെ ഷാങ്ങ്‌ഹായിയിൽ ഇന്ന് മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും പാർക്ക്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയ ഔട്ട്‌ഡോർ കേന്ദ്രങ്ങളിൽ പ്രവേശിക്കാനും ഇനി 48 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഷാങ്ങ്‌ഹായിയിലെ 23 ദശലക്ഷം ജനങ്ങൾ മാസങ്ങളോളമാണ് കടുത്ത നിയന്ത്രണങ്ങളിൽ കഴിഞ്ഞത്. ഇത് നഗരത്തിന്റെ സാമ്പത്തിക നിലയേയും കാര്യമായി ബാധിച്ചു. ബീജിംഗ്, ടിയാൻജിൻ, ഷെൻസെൻ, ചെംഗ്‌ഡു നഗരങ്ങൾക്ക് പിന്നാലെയാണ് ഷാങ്ങ്‌ഹായിയിലും പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്. കഴിഞ്ഞാഴ്ച രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ശക്തമായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് കൊവിഡ് നയത്തിൽ ഇളവ് വരുത്താൻ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്.