കൊച്ചി: നാണയപ്പെരുപ്പവും ബാങ്ക് വായ്‌പാ പലിശനിരക്ക് വർദ്ധനയും മൂലം ചെലവുകൾ ഏറിയെങ്കിലും രാജ്യത്ത് വാഹന വില്പനയിൽ ഡിമാൻഡിന് തീരെക്കുറവില്ലെന്ന് വ്യക്തമാക്കി തുടർച്ചയായ ആറാംമാസവും പാസഞ്ചർ വാഹന (കാർ, എസ്.യു.വി., വാൻ) വില്പന മൂന്നുലക്ഷം യൂണിറ്റുകൾ കടന്നു.
ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 3,22,861 പാസഞ്ചർ വാഹനങ്ങൾ ഫാക്‌ടറികളിൽ നിന്ന് ഡീലർഷിപ്പുകളിൽ കഴിഞ്ഞമാസമെത്തി. 2021 നവംബറിനേക്കാൾ 32 ശതമാനം അധികമാണിത്. മുൻമാസങ്ങളിൽ ലഭിച്ച ബുക്കിംഗിന്റെ ഡെലിവറികൾ കുടിശികയാണെന്നിരിക്കേ തന്നെയാണ് വാഹന നിർമ്മാണക്കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്.
വാഹന നിർമ്മാണത്തിലെ ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതയിൽ കുറവുണ്ടെങ്കിലും വാഹന ഉത്‌പാദനത്തിലും മൊത്തവില്പനയിലും ഇത് വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടില്ലെന്നും വില്പന വളർച്ചാക്കണക്ക് ചൂണ്ടിക്കാട്ടുന്നു.