വളരെയധികം പവിത്രതയോടെ ഹൈന്ദവ വിശ്വാസികൾ കണക്കാക്കുന്ന സമയമാണ് സന്ധ്യാ നേരം. ഭാരതീയ സംസ്‌കാരമനുസരിച്ച് ത്രിസന്ധ്യകളാണ് ഉളളതെന്നാണ് കരുതിപോരുന്നത്. സൂര്യനുദിക്കുന്നതിന് അഞ്ച് നാഴിക മുതൽ ഉദയം വരെ പ്രഭാതസന്ധ്യ. ഉച്ചയ്‌ക്ക് സൂര്യൻ തലയ്‌ക്ക് മുകളിലായി വരുന്ന മദ്ധ്യാഹ്‌ന സന്ധ്യ. വൈകുന്നേരം അസ്‌തമയ ശേഷമുളള പ്രദോഷ സന്ധ്യ. ഇതിൽ പ്രദോഷ സന്ധ്യ സമയത്ത് മിക്കവാറും ജനങ്ങൾ അന്നന്നത്തെ അദ്ധ്വാനം കഴിഞ്ഞ് വീട്ടിലെത്തിയിട്ടുണ്ടാകും. ഈശ്വര വിചാര സമയമായാണ് ഈ സമയം ആചാര്യന്മാർ കാണുന്നത്.
സന്ധ്യയ്‌ക്ക് ആരും പുറത്തുപോകാൻ പാടില്ല. അതുപോലെ വീട്ടിലെത്തിയാൽ സന്ധ്യയ്‌ക്ക് മുൻപ് കുളിക്കണം. സന്ധ്യാ സമയത്ത് കുളിക്കാൻ പാടില്ല. സന്ധ്യയ്‌ക്കോ രാത്രിയോ കുളിക്കുന്നത് ദോഷമാണെന്ന് ആരോഗ്യ വിദഗ്ദ്ധരും സമ്മതിക്കുന്നുണ്ട്. തലമുടി ഉണങ്ങാൻ കഴിയാതെ വരുമ്പോൾ പെട്ടെന്ന് പൊട്ടിപ്പോകാനോ ഒട്ടിപ്പിടിക്കാനോ താരൻ അടക്കം പ്രശ്‌നമുണ്ടാകാനോ ഇടവരും. മറ്റ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വീട്ടിൽ സന്ധ്യാ സമയത്ത് തർക്കമോ ബഹളമോ ഒന്നും പാടില്ല. തികഞ്ഞ ശാന്തതയാകണം ഉണ്ടാകേണ്ടത്. ഭക്ഷണം കഴിക്കാൻ ഈ സമയം തിരഞ്ഞെടുക്കരുത്. വീട് വൃത്തിയാക്കാൻ പാടില്ല. ദാനം ചെയ്യാനോ അതിഥികളെ സ്വീകരിക്കാനോ പാടില്ലാത്ത സമയമാണ് സന്ധ്യാ നേരം. ഇക്കാര്യങ്ങളിൽ നിയന്ത്രണവും ശ്രദ്ധയുമുണ്ടായാൽ ഐശ്വര്യം ആ വീടിനെ തേടിയെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.