SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.59 PM IST

ചരിത്രമെഴുത്തിലെ മാസ്മരികത

dominique-lapierre

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (Freedom At Midnight) എന്ന പ്രശസ്തമായ രാഷ്ട്രീയ ചരിത്രഗ്രന്ഥത്തിലൂടെ പരിചിതനായ ഡൊമിനിക് ലാപിയർ എന്ന എഴുത്തുകാരൻ കഴിഞ്ഞദിവസം (ഡിസംബർ നാലിന് ) പാരീസിൽ അന്തരിച്ചു. ലാറി കോളിൻസ് എന്ന അമേരിക്കൻ എഴുത്തുകാരനോടൊപ്പമാണ് ലാപിയർ പുസ്തകങ്ങൾ രചിച്ചത്. ലാറികോളിൻസും ഡൊമിനിക് ലാപിയറും. ചരിത്രമെഴുത്തിലെ ലോകം ശ്രദ്ധിച്ച കൂട്ടായ്മയുടെ പേരായിരുന്നു ഇത്. എപ്പോഴും ഒരുമിച്ച് കേട്ടിരുന്ന രണ്ടുപേരുകൾ.

ചരിത്രമെഴുതി പ്രസിദ്ധീകരണരംഗത്തെ ചരിത്രമായി മാറിയ ഒരു എഴുത്തുകൂട്ടായ്മ. ഇതിലെ ഡൊമിനിക് ലാപിയർ ഫ്രഞ്ചുകാരനായിരുന്നു. അമേരിക്കക്കാരനായിരുന്ന ലാറി കോളിൻസ് 2005ൽ അന്തരിച്ചു. ഇവർ ചേർന്ന് നടത്തിയ എഴുത്ത് വിപ്ലവം ലോകമെമ്പാടുമുള്ള വായനക്കാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇരുവരും കൂട്ടായി രചിച്ച രാഷ്ട്രീയചരിത്ര കൃതികൾ ഒരേസമയം ആധികാരികവും ജനപ്രിയവുമായിരുന്നു. ചരിത്രത്തിന്റെ വേറിട്ട വായനകൾക്ക് അതു വഴിയൊരുക്കി.

ലോകം അറിഞ്ഞിട്ടില്ലാത്ത അസംഖ്യം കൊച്ചുകൊച്ചു സംഭവങ്ങളേയും അപൂർവമുഹൂർത്തങ്ങളേയും ഗവേഷണത്തിലൂടെ കണ്ടെത്തി അവർ ചരിത്രത്തെ പൂർത്തിയാക്കുകയായിരുന്നു. പൊതുമണ്ഡലത്തിലെ വായനയ്ക്കും ചർച്ചയ്ക്കും ഇടയാക്കിയ ഇവരുടെ പുസ്തകങ്ങൾ ചരിത്രകാരന്മാരെപ്പോലും ഇരുത്തി ചിന്തിപ്പിക്കാൻ വഴിയൊരുക്കുന്നവയായിരുന്നു. രാഷ്ട്രീയ ചരിത്രത്തോടൊപ്പം ഭൂമിശാസ്ത്രം, മതം, സംസ്‌കാരം, ഭാഷ, വേഷം, നിറം എന്നിങ്ങനെ സമൂഹത്തിന്റെ വൈവിദ്ധ്യം കൃത്യമായി ഒപ്പിയെടുത്ത് അവതരിപ്പിക്കാനും ഇവർക്ക് സാധിച്ചു. നോവൽ വായിക്കുന്നതു പോലെ വായിച്ചു പോകാവുന്ന ശൈലിയാണ് ഇവരുടെ രചനകളെ ജനപ്രിയമാക്കിയത്.


മൂന്നു വർഷത്തെ വിപുലമായ ഗവേഷണത്തിനു ശേഷം ഇവർ രചിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഐതിഹാസികമായ ഒരു കാലഘട്ടത്തിന്റെ കഥയാണ് പറഞ്ഞത്. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന ലൂയി മൗണ്ട്ബാറ്റൻ മുതൽ ഗാന്ധി വധക്കേസിലെ പ്രതികളെ വരെ നേരിൽക്കണ്ട് സംസാരിച്ചാണ് അവർ ഈ പുസ്തകം തയ്യാറാക്കിയത്. കൂടാതെ ലഭ്യമായ അന്നുവരെ ലഭ്യമായ ഔദ്യോഗിക രേഖകളും വ്യക്തികളുടെ ഡയറികളും കത്തുകളുമൊക്കെ ഇതിനായി അവർ പരിശോധിച്ചു. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഇന്ത്യാ വിഭജനത്തെപ്പറ്റിയും എഴുതപ്പെട്ട പുസ്തകങ്ങളും വായിച്ചു. ഇതിൽ നിന്നെല്ലാം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഗ്രന്ഥം ഇവർ രചിച്ചത്. 1976 ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകം ഇന്നും പല ഭാഷകളിലായി സജീവവായനയിലുണ്ട്.


ഇതു പോലെയാണ് ഇവരുടെ മറ്റ് രചനകളും. Is Paris Burning എന്ന കൃതിയുടെ രചനയിലാണ് ഇവർ ആദ്യമായി ഒരുമിക്കുന്നത്. തുടർന്ന് ഓ ജെറുസലേം ,​ ഈസ് ന്യൂയോർക്ക് ബേണിംഗ് ,​ ഫിഫ്‌ത് ഹോഴ്‌സ്‌മാൻ എന്നീ രചനകൾ നടത്തി. കൂടാതെ ഇവർ ഒറ്റയ്ക്കും പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. എല്ലാറ്റിന്റെ പുറകിലും വലിയ ഗവേഷണം

അവർ നടത്തിയിരുന്നു. അതു കൊണ്ട് തന്നെ അവയെല്ലാം ഇന്നും വായിക്കപ്പെടുന്നുണ്ട്.


ഡൊമിനിക് ലാപിയർ ഇന്ത്യയെപ്പറ്റി വേറെയും ഗ്രന്ഥങ്ങൾ രചിച്ചു. കൽക്കത്ത പശ്ചാത്തലമാക്കി രചിച്ച സിറ്റി ഓഫ് ജോയ് എന്ന നോവലും എ തൗസന്റ് സൺസ് എന്ന ഓർമ്മക്കുറിപ്പും ഇതിൽ വേറിട്ടു നിൽക്കുന്നു. സ്പാനിഷ് എഴുത്തുകാരനായ ജാവിയർ മോറോയോടൊപ്പം ഭോപ്പാൽ ദുരന്തത്തെപ്പറ്റി രചിച്ച ഫൈവ് പാസ്‌റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപ്പാൽ എന്ന പുസ്തകവും പ്രസിദ്ധമാണ്. 2008 ൽ ഇന്ത്യ ഗവൺമെന്റ് അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു.


ഡൊമിനിക് ലാപിയറിന്റെ നിര്യാണത്തോടെ പ്രസിദ്ധമായ ആ എഴുത്തധ്യായം ഓർമ്മയാവുകയാണ്. 1931 ൽ ജനിച്ച ലാപിയറിന് മരിക്കുമ്പോൾ 91 വയസായിരുന്നു. ചെറുപ്പം മുതലേ എഴുത്തിലും യാത്രയിലും രസംകണ്ട അദ്ദേഹം സൈനിക സേവനത്തിനു ശേഷം പത്രപ്രവർത്തനത്തിലും പുസ്തക രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1955ൽ ലാറി കോളിൻസിനെ പരിചയപ്പെടുകയും അഞ്ചു പതിറ്റാണ്ടോളം ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെയാണ് നമ്മുടെ ഇന്നലെകളിലേക്കുള്ള വേറിട്ട കാഴ്ചകൾ അവർ സമ്മാനിച്ചത്. വാക്കുകൾ കൊണ്ട് വായനക്കാരെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു അവർ . ചരിത്രം അതിന്റെ തീവ്രതയോടെ വായനക്കാരന്റെ മനസിൽ നിറഞ്ഞു. ഇനി വരാനിരിക്കുന്ന കാലത്തിന്റെ ഭാവി വായനക്കാരിലേക്കും ആ വാക്കുകൾ നിഷ്പ്രയാസം കടന്നു ചെല്ലുകതന്നെ ചെയ്യും. എഴുത്തിലെ ആ മാസ്മരികതയ്ക്ക് എക്കാലവും വായനക്കാരുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOMINIQUE LAPIERRE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.