SignIn
Kerala Kaumudi Online
Tuesday, 07 February 2023 6.00 PM IST

അംബേദ്കറിന്റെ ആശയങ്ങൾക്ക് പ്രസക്തിയേറുന്നു

dr-b-r-ambedkar

ഇന്ത്യയുടെ അടിസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചതിന്റെ 73 -ാം വാർഷികം നവംബർ 26 ന് ഭരണഘടനാദിനമായി ആചരിച്ചു. എന്നാൽ ഈ ദിനത്തിൽ ആധുനിക ഇന്ത്യയുടെ ഭരണഘടനാശില്പി ഡോ.ബി.ആർ അംബേദ്കർ വേണ്ടവിധം ആദരിയ്ക്കപ്പെട്ടോ എന്ന് സംശയമാണ്. ഇന്ത്യയിലെ അധ:സ്ഥിത ജനസമൂഹത്തിന്റെ സാംസ്‌‌കാരികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് യത്നിച്ച മഹാവിപ്ലവകാരിയായിരുന്നു ഡോ.ബി.ആർ അംബേദ്കർ. സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം എന്ന സങ്കല്പത്തിൽ അടിയുറച്ച ആധുനിക ഇന്ത്യയിൽ അറിവിന്റെയും കർമ്മശേഷിയുടെയും വിത്തുകൾ പാകിയ സർഗധനൻ. മഹാരാഷ്ട്രയിലെ രത്നഗിരിജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും പതിനാലാമത്തെ പുത്രനായി 1891 ഏപ്രിൽ 14നാണ് ജനനം. അംബേദ്കറിന്റെ ബാല്യം കഷ്ടതകൾ നിറഞ്ഞതായിരുന്നു. താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എല്ലായിടവും നേരിടേണ്ടി വന്നത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന വിശാലദേശത്തെ ഇന്ത്യാ മഹാരാജ്യമാക്കി മാറ്റുന്നതിലും പൗരന്മാരായ നാനാവിധ ജനതയ്ക്ക് അർഹമായ പ്രാതിനിധ്യവും അംഗീകാരവും നേടിക്കൊടുക്കുന്നതിലും അവിസ്മരണീയമായ പങ്കുവഹിച്ചയാളാണ് അദ്ദേഹം. നിയമജ്ഞനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു. ഭരണഘടനാ നിർമ്മാണമടക്കമുള്ള പാർലമെന്ററി ഇടപെടലിനൊപ്പം ജാതിവ്യവസ്ഥയ്‌ക്കെതിരായ പോരാട്ടവും അംബേദ്കറെ ഇന്ത്യൻ സാമൂഹികരാഷ്ട്രീയ രംഗത്ത് സമാനതകളില്ലാത്ത നേതാവാക്കി മാ​റ്റി. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

1927 ൽ ബോംബെ ലെജിസ്ലേ​റ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അതേവർഷം നവംബർ 13 ന് ക്ഷേത്രപ്രവേശന പ്രക്ഷോഭകരുടെ യോഗത്തിലും അദ്ധ്യക്ഷത വഹിച്ചു. ഡിസംബർ 27 ന് അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന സമരം ഇന്ത്യാചരിത്രത്തിലെ ഏ​റ്റവും ധീരമെന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു. ഹിന്ദുമതത്തിൽ ബ്രാഹ്മണ മേധാവിത്വം ഉറപ്പിച്ചു നിറുത്തുന്ന 'മനുസ്മൃതി' എന്ന ഗ്രന്ഥം അദ്ദേഹം പരസ്യമായി അഗ്നിക്കിരയാക്കി. ഇന്ത്യയിലെ വിപ്ലവകാരികളായ നേതാക്കളിൽ ഒരാളായി അദ്ദേഹം പരിഗണിക്കപ്പെട്ട സംഭവമായിരുന്നു ഇത്. കീഴാളജനത ഭരണവർഗമായാലേ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യമന്ത്രിസഭയിൽ നിയമമന്ത്രിയായി ചുമതലയേൽക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അദ്ദേഹത്തെ ക്ഷണിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി അധ:സ്ഥിതവർഗത്തിൽ നിന്ന് ഒരാൾ ഇന്ത്യയുടെ കേന്ദ്രമന്ത്രിയായി.

ഇന്ത്യൻ ഭരണഘടന എഴുതിയുണ്ടാക്കാൻ 1947 ആഗസ്​റ്റ് 29 ന് രൂപീകരിച്ച ഡ്രാഫ്റ്റിംഗ് കമ്മി​റ്റിയുടെ ചെയർമാനായി അംബേദ്കറെയാണ് നിയോഗിച്ചത്. 1946 ഡിസംബറിൽ ചേർന്ന ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യയോഗത്തിൽ മുസ്ലിം ലീഗിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ഇത് സഭയുടെ ഭാവിപരിപാടികളെയും ചർച്ചകളെയും ബാധിക്കുമെന്ന അഭിപ്രായം ഉയർന്നു. ഭരണഘടനാ നിർമ്മാണസഭയുടെ അദ്ധ്യക്ഷനായിരുന്ന ഡോ.രാജേന്ദ്രപ്രസാദ് അവതരിപ്പിച്ച എട്ട് ഉപവിഭാഗങ്ങളുള്ള പ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ പ്രശ്നം ആദ്യം ഉയർത്തിയത് എം.ആർ ജയകർ ആയിരുന്നു. ഡോ.അംബേദ്കറെ അപ്രതീക്ഷിതമായി അദ്ധ്യക്ഷൻ സഭയിലേക്ക് ചർച്ചയ്ക്കായി ക്ഷണിച്ചു. പ്രായോഗികതലത്തിലൂന്നി പത്ത് മിനി​റ്റിലേറെ നീണ്ട തന്റെ പ്രഭാഷണത്തിലൂടെ സഭയുടെ മുഴുവൻ പ്രശംസയും അംഗീകാരവും നേടിയെടുത്ത അദ്ദേഹത്തിന് ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മി​റ്റി അദ്ധ്യക്ഷനായി ചുമതല നൽകുകയായിരുന്നു. ഭരണഘടനയുടെ കരട് രൂപം 1948 ഫെബ്രുവരി അവസാനം സമർപ്പിക്കപ്പെട്ടു.

ഇന്ത്യ എന്ന മഹത്തായ ആശയം രൂപപ്പെടുത്താനാവശ്യമായ രൂപരേഖയാണ് ഭരണഘടനയിലൂടെ ഡോ.ബി ആർ.അംബേദ്കർ നമുക്ക് നൽകിയത്. ആധുനിക ഇന്ത്യയിലെ പല കാര്യങ്ങളെയും വീക്ഷിക്കുമ്പോൾ അംബേദ്കറെ വീണ്ടും വായിക്കേണ്ടതിന്റേയും അറിയേണ്ടതിന്റേയും പ്രസക്തി വർദ്ധിക്കുകയാണ്.

അംബേദ്കർ നൽകുന്ന ചരിത്രപാഠങ്ങൾ പരിശോധിച്ചാൽ,ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തിൽ അതിരൂക്ഷമായ സാമൂഹിക, സാമ്പത്തിക,അസമത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടമായിരുന്നു. ജന്മിത്വവും, അടിമത്വവും കൊടികുത്തി വാണിരുന്നു. അവ ഉയർത്തിയ വെല്ലുവിളികളെ മറികടക്കാനും എല്ലാ വിഭാഗം ജനങ്ങളുടെയും ഒരുമിച്ചുള്ള പുരോഗതി ഉറപ്പ് വരുത്താനുമായി സമത്വം എന്ന വലിയൊരു ആശയത്തിലൂന്നിയ ഭരണഘടനയാണ് ഇന്ത്യയ്ക്കായി ഡോ.ബി.ആർ.അംബേദ്‌കർ വിഭാവനം ചെയ്തത്. ഭരണഘടനയിലൂടെ ഒരു രാഷ്ട്രത്തെയും സമൂഹത്തെയും രൂപപ്പെടുത്തുക എന്ന കാര്യത്തിനാണ് ഡോ.അംബേദ്കർ തുനിഞ്ഞിറങ്ങിയത്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിതന്നെ ഭരണഘടന കത്തിക്കുമെന്ന് രാജ്യസഭയിൽ നടത്തിയ പ്രഖ്യാപനം അംഗങ്ങളെ ഞെട്ടിക്കുകതന്നെ ചെയ്തു. 1953 സെപ്തംബർ രണ്ടിനായിരുന്നു അസാധാരണമായ ആ പ്രഖ്യാപനം. ഭരണഘടന ദുരുപയോഗം ചെയ്താൽ, ഭരണഘടനയുടെ ധാർമ്മികത ചോദ്യം ചെയ്യപ്പെട്ടാൽ ഭരണഘടനയുടെ അന്തസത്ത ചോരുമെന്നും അത് കത്തിക്കുന്നതാവും നല്ലതെന്നുമായിരുന്നു അംബേദ്കറുടെ നിരീക്ഷണം.

1955 ൽ രാജ്യസഭയിൽ ഡോ.അനൂപ് സിംഗ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി തന്റെ പരാമർശത്തിന് പിന്നിലെ കാരണങ്ങൾ അംബേദ്കർ വിശദമാക്കി.'ദൈവത്തെ പ്രതിഷ്ഠിക്കാൻ വേണ്ടി ഒരു ക്ഷേത്രം നിർമ്മിച്ചു. എന്നാൽ ദൈവത്തെ കുടിയിരുത്തും മുമ്പ് അവിടം പിശാച് കൈവശപ്പെടുത്തിയാൽ ക്ഷേത്രം നശിപ്പിക്കുകയല്ലാതെ നമുക്ക് മ​റ്റെന്താണ് ചെയ്യാൻ കഴിയുക? അസുരന്മാർക്ക് വേണ്ടിയല്ല,ദേവന്മാർക്ക് വേണ്ടിയാണ് ക്ഷേത്രം പണികഴിപ്പിച്ചത്. അതുകൊണ്ടാണ് ഞാൻ അത് കത്തിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞത് ' ഇതായിരുന്നു അംബേദ്കർ നൽകിയ മറുപടി. 1956 ഡിസംബർ ആറിന് 65 -ാമത്തെ വയസിലാണ് അംബേദ്കർ അന്തരിച്ചത്.

1990ൽ പരമോന്നത ബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി രാഷ്ട്രം സമ്മാനിച്ചെങ്കിലും അദ്ദേഹം ഉയർത്തിയ ആശയങ്ങൾ നിറവേ​റ്റുന്നതിൽ ഇന്നും ഭരണകൂടങ്ങൾ യാതൊരു ആത്മാർത്ഥതയും കാട്ടുന്നില്ലെന്നത് പിന്നാക്ക വിഭാഗങ്ങളെയും അസ്പർശ്യത അനുഭവിക്കുന്നവരെയും ആകുലപ്പെടുത്തുകയാണ്. 1930ൽ മഹാത്മാഗാന്ധി ഉൾപ്പെടെ പങ്കെടുത്ത വട്ടമേശ സമ്മേളനത്തിൽ അംബേദ്‌കർ ആവശ്യപ്പെട്ടത് എല്ലാ ജനവിഭാഗങ്ങളുടെയും തുല്യമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ്. എക്കാലത്തും പ്രസക്തമായതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇക്കഴിഞ്ഞ നവംബർ 26 ന് ഭരണഘടനാദിനമായി ആചരിച്ചവരും അംബേദ്കറിസത്തെ വിസ്മരിച്ചു എന്നതാണ് യാഥാർത്ഥ്യം. അംബേദ്കറിന്റെ ദർശനങ്ങളെയും ആശയങ്ങളെയും തകർത്ത് തരിപ്പണമാക്കിയിട്ട് ഭരണഘടനാദിനം ആചരിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. ഭരണഘടനയുടെ അടിത്തറതന്നെ തകർത്ത് രാജ്യത്തെ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് മടക്കിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾ നടക്കുമ്പോൾ തന്നെയാണ് അംബേദ്കറിസവും വിസ്മരിക്കപ്പെടുന്നത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനതയ്ക്ക് അവർ അർഹിക്കുന്ന പ്രാതിനിധ്യം ഉണ്ടായാൽ മാത്രമേ അവരെയും അധികാരത്തിന്റെ മുൻനിരയിലെത്തിക്കാൻ കഴിയുകയുള്ളൂ. നിർഭാഗ്യവശാൽ സാമൂഹികനീതിക്ക് നിരക്കാത്ത തരത്തിലാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കെന്ന പേരിൽ വീണ്ടും 10 ശതമാനം സവർണ ജാതിസംവരണം നൽകാൻ അടുത്തകാലത്ത് കേന്ദ്രസർക്കാർ തീരുമാനിച്ചതും സുപ്രീം കോടതിയുടെ ബെഞ്ച് മൂന്നംഗങ്ങളുടെ ഭൂരിപക്ഷത്തോടെ അത് ശരിവച്ചതും. 'തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽപെട്ടാലും ദോഷമുള്ളോർ'എന്ന സാമൂഹികാന്തരീക്ഷത്തിലേക്ക് വീണ്ടും നമ്മുടെ നാടിനെ കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് വേഗംകൂട്ടുന്നതാണ് ഇതെന്നതിൽ സംശയമില്ല. സാമൂഹികനീതി ഉറപ്പാക്കാനുള്ള നിയമപോരാട്ടങ്ങൾക്കും പ്രക്ഷോഭത്തിനും രാജ്യത്തെ പിന്നാക്ക, ദളിത് വിഭാഗങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. അംബേദ്കർ ഉയർത്തിയ ലക്ഷ്യങ്ങൾക്കും ആശയങ്ങൾക്കും അതുകൊണ്ടുതന്നെ പ്രസക്തിയേറുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: B R AMBEDKAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.