വക്കം : വളർത്തുനായയിൽനിന്ന് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . വക്കം അടിവാരം വരമ്പിൽ വീട്ടിൽ ജിഷ്ണു (31) വാണ് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. രണ്ടു മാസം മുമ്പാണ് വീട്ടിലെ നായയുടെ നഖം കൊണ്ട് ജിഷ്ണുവിന് പരിക്കേറ്റത്. തുടർന്ന് മുറിവ് കഴുകുക മാത്രമേ അന്ന് ചെയ്തുള്ളു.ഇതിനിടെ വളർത്തുനായ ചാവുകയും ചെയ്തു. പ്രതിരോധ വാക്സിൻ എടുക്കാതിരുന്ന ജിഷ്ണുവിനെ രണ്ട് ദിവസങ്ങൾക്കുമുമ്പ് പനിയും മറ്റ് അസ്വസ്ഥതകളുമായി ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാരംഭ പരിശോധനകൾക്കുശേഷം, ഗുരുതരാ വസ്ഥയിലുള്ള ജിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.ഭാര്യ: അജിസ, മകൾ : അൽഫാന ഫാത്തിമ .
ചിത്രം
ജിഷ്ണു