ന്യൂഡൽഹി: രാജ്യത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ കുടുംബത്തിന് ഏറെ അഭിമാനമുണ്ടെന്ന് മൂത്ത സഹോദരൻ സോമഭായ് മോദി. ഇന്നലെ വോട്ടെടുപ്പിനിടെ ഇരുവരും കണ്ടുമുട്ടുകയും അരമണിക്കൂറോളം സംസാരിക്കുകയും ചെയ്തു. പിന്നാലെ മോദിയെക്കുറിച്ചുള്ള സോമഭായിയുടെ അഭിപ്രായപ്രകടനം.
നരേന്ദ്ര മോദിയെ കണ്ടതിൽ ഏറെ സന്തോഷം തോന്നിയെന്ന് സോമഭായ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം ചായ കുടിക്കുകയും കുടുംബകാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ആറുവർഷത്തിന് ശേഷമാണ് തമ്മിൽ കാണുന്നത്. തന്റെ ആരോഗ്യകാര്യങ്ങൾ തിരക്കിയെന്നും മോദിയുടെ പ്രവർത്തനങ്ങളിൽ കുടുംബത്തിന് ഏറെ അഭിമാനമുണ്ടെന്നും സോമഭായ് പറഞ്ഞു.
സംസ്ഥാന സർക്കാരിൽ താൻ തൃപ്തനാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ പ്രയത്‌നത്തിന്റെ ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു. മോദിയ്ക്ക് കുടുംബവുമായി അത്ര അടുപ്പമില്ലെങ്കിലും രാജ്യത്തിന് വേണ്ടി അദ്ദേഹം സ്വയം സമർപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി മോദി അനേകം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വിശ്രമം ആവശ്യമാണെന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചതായും സോമഭായ് പറഞ്ഞു.
ഗുജറാത്തിലെ വാദ്‌നഗറിൽ വൃദ്ധസദനവും ട്രസ്റ്റും നടത്തിവരികയാണ് സോമഭായ് മോദി.