SignIn
Kerala Kaumudi Online
Thursday, 25 April 2024 1.34 AM IST

ലൈൻ ട്രാഫിക് നിബന്ധന കർശനമാക്കാൻ പൊലീസ്, എൻ എച്ചിൽ വണ്ടിയോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഫൈൻ നൽകി മുടിയും

national-highway

കേരളത്തിലെ ദേശീയപാതകളിൽ ലൈൻ ട്രാഫിക് നിബന്ധനകൾ ലംഘിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചരക്കുവാഹനങ്ങളും ലോറികളും ട്രെയിലറുകളുമെല്ലാം നാലുവരിപ്പാതയിലും ആറുവരിപ്പാതയിലുമെല്ലാം തോന്നിയപടി, തോന്നിയ ലൈനിൽ വാഹനമോടിക്കുകയാണ്. ചെറുവാഹനങ്ങളെല്ലാം ഈ വാഹനങ്ങളുടെ മറവിലാകുമ്പോൾ സംഭവിക്കുന്ന അപകടങ്ങളുമേറെ.

റോഡുകള്‍ വീതികൂടി വരുമ്പോൾ പണ്ടു പഠിച്ച അതേ ഡ്രൈവിംഗ് പാഠങ്ങൾ പോരാ. ലൈന്‍ ട്രാഫിക്കില്‍ അല്‍പം സൂക്ഷ്മതയോടെ തന്നെ വണ്ടി ഓടിക്കണം. രണ്ടു വരിപ്പാതയിലൂടെയായാലും മൂന്നുവരിപ്പാതയിലൂടെയായാലും ഇടതു വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യല്‍ നിയമപരമായി തെറ്റാണ്. വലതുവശത്തെ ട്രാക്കാണ് ഓവര്‍ടേക്കിംഗ് ട്രാക്ക്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ഈ ട്രാക്ക് ആണ് ഉപയോഗിക്കേണ്ടത്. മൂന്നുവരിപ്പാതയിൽ വലത്തേ അറ്റത്തെ ട്രാക്കാണ് ഫാസ്റ്റ് ട്രാക്ക്. വലതു വശത്തു വണ്ടിയുണ്ടെങ്കില്‍ ആ വണ്ടി ഇടതുവശത്തേക്കു മാറിക്കൊടുക്കണം. വലത്തേ ട്രാക്കില്‍ പിന്നില്‍ വരുന്ന വണ്ടിക്കാണ് മുന്‍ഗണന. വേഗം കുറഞ്ഞ രീതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങളായ വലിയ ചരക്കുവാഹനങ്ങൾ, ട്രെയിലറുകൾ തുടങ്ങിയവ റോഡിന്റെ ഇടതുവശത്തെ ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗം കൂടിയ രീതിയിൽ സഞ്ചരിക്കേണ്ട വാഹനങ്ങൾ ദേശീയപാതയുടെ വലതുവശത്തുള്ള ട്രാക്കിലൂടെ വേണം സഞ്ചരിക്കാൻ. വാഹനം കുറഞ്ഞ വേഗത്തിലാണ് സഞ്ചരിക്കുന്നതെങ്കിൽ ഇടതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കുക. ഓവർടേക്ക് ചെയ്യേണ്ടി വരികയാണെങ്കിൽ, സുരക്ഷിതമായ അകലം പാലിച്ച്, മുന്നിൽ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടി മാത്രം ഓവർടേക്ക് ചെയ്യണം. ഇങ്ങനെയൊക്കെ നിയമങ്ങൾ ഉണ്ടെങ്കിലും വർഷങ്ങളായി പാലിക്കപ്പെടുന്നില്ലെന്നതാണ് സത്യം. നടപടികളില്ലാത്തതിനാൽ ഈ തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നു. നിരവധി അപകടങ്ങൾക്കാണ് ഈ തെറ്റായ ഡ്രൈവിംഗ് രീതി കാരണമായിട്ടുളളത്. അതുകൊണ്ടു തന്നെ റോഡ് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലകളിലും നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്.

തടഞ്ഞുനിറുത്തില്ല, കാമറയിൽ കുടുക്കും
വിവിധതരം കാമറകൾ ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്തി കർശനനടപടികൾ സ്വീകരിക്കാനാണ് പൊലീസിൻ്റെ നീക്കം. ദേശീയപാതകളിൽ പൊലീസ് നടത്തുന്ന പരിശോധനയിൽ ലൈൻ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തിയാൽ അവ തടഞ്ഞു നിറുത്തുകയില്ല. വീഡിയോ കാമറ, ഡാഷ് കാമറ, ശരീരത്തിൽ ധരിക്കുന്ന കാമറ എന്നിവ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്തും. വാഹന ഉടമയ്ക്കും, ഡ്രൈവർക്കുമെതിരെ നടപടികൾ സ്വീകരിക്കും. ദേശീയ പാതയിലും, മറ്റ് റോഡുകളിലും പൊലീസ് സ്ഥാപിച്ചിരിക്കുന്ന കാമറകൾ ഉപയോഗിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറുകൾ തിരിച്ചറിയാൻ സാധിക്കും. ദേശീയപാതകളിൽ ലൈൻ ട്രാഫിക് കർശനമായി പാലിക്കുന്നതിന് പൊലീസിന്റെ നേതൃത്വത്തിൽ ചെക്‌ പോസ്റ്റുകളിലും ടോൾബൂത്തുകളിലും വാഹന ഡ്രൈവർമാർക്ക് ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. മണ്ണുത്തി - ഇടപ്പളളി പാതയിലും പാലക്കാട് പാതയിലും ലൈൻട്രാഫിക് തെറ്റിച്ച് വാഹനം ഓടിക്കുന്നത് നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

പൊതുജനങ്ങൾക്ക് നിയമലംഘകരെ കുടുക്കാം

ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും കേരള പൊലീസിന്റെ ശുഭയാത്ര ഹെൽപ്പ് ലൈൻ നമ്പറായ 9747001099 ലേക്ക് വാട്‌സ് ആപ്പ് ആയി അയക്കാം. ഈ ചിത്രങ്ങൾ പരിശോധിച്ച് നിയമലംഘകരെ കുടുക്കാനാകും.

നിയമലംഘകർക്ക് പലതവണ താക്കീത് നൽകിയിട്ടും നിയമലംഘനം തുടർന്നതോടെയാണ് ലൈൻ ട്രാഫിക് നിബന്ധകൾ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. വലിയ ചരക്കുവാഹനങ്ങളും ട്രെയിലറുകളുമാണ് ലൈൻ തെറ്റിക്കുന്നവയിൽ ഭൂരിഭാഗവുമെന്ന് പൊലീസ് പറഞ്ഞു.

പ്രാഥമികമായി ദേശീയപാത നാലുവരിയായി കടന്നുപോകുന്ന സ്ഥലങ്ങളായ ചേർത്തല മുതൽ വാളയാർ വരെയാണ് പരിശോധന കൂട്ടുന്നത്. ലൈൻ ട്രാഫിക് നിബന്ധനകൾ നടപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങിയെന്നും നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റോഡുകളും ശാസ്ത്രീയമാവണം

അതേസമയം, പാലക്കാട്ടേക്കുളള ദേശീയപാത ആറുവരിയാക്കിയതിന് പിന്നാലെ വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകുമ്പോൾ, അപൂർണ്ണവും അശാസ്ത്രീയവുമായ നിർമ്മാണപ്രവർത്തനങ്ങൾ വഴിയൊരുക്കുന്നത് മുട്ടിന് മുട്ടിന് അപകടപരമ്പരകളാണെന്ന പരാതിയും വ്യാപകമാണ്. മുടിക്കോട് ജംഗ്ഷനിൽ മാത്രം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ആറുവരിപ്പാതയുടെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്ന് അപാകത കണ്ടെത്താൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മാസങ്ങൾക്ക് മുൻപ് പരിശോധന നടത്തിയിരുന്നു. ആയിരത്തിലേറെ കോടിയുടെ നിർമ്മാണം നടത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും പണികൾ ബാക്കിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. അടിപ്പാതയോ മേൽപ്പാലമോ ഇല്ലാതെയാണ് പലയിടങ്ങളിലും നിർമ്മാണം നടക്കുന്നത്.

ഈ മേഖലയിൽ ദേശീയപാതയുടെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായതോടെ റോഡിന്റെ ഗുണനിലവാരം കൂടി. അതുകൊണ്ട് ലോറികളും ബസും അടക്കമുളള വലിയ വാഹനങ്ങളും ചീറിപ്പായുകയാണ്. അതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

ആറ് വരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകാതെ പന്നിയങ്കരയിൽ ആരംഭിച്ച ടോൾ പിരിവിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. പലയിടങ്ങളിലും തകർന്ന ഡ്രെയ്‌നേജുകളുടെ പണി ഫലപ്രദമായില്ല. അഴുക്കുചാൽ പൂർത്തിയാക്കിയില്ല ഫുട് ഓവർബ്രിജുകളുടെയും സർവീസ് റോഡുകളുടെയും നിർമ്മാണവും ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലങ്ങളിൽ സംരക്ഷണഭിത്തി കെട്ടലുമെല്ലാം ബാക്കിയാണ്. കുതിരാൻ ടണലിൽ പോലും പണികൾ ഇനിയും ബാക്കിയുണ്ട്. സുരക്ഷാസൗകര്യങ്ങൾ പൂർണ്ണമായും ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ നിയമലംഘകരെ പിടികൂടിയതു കൊണ്ടു മാത്രം അപകടങ്ങൾ ഒഴിവാക്കാനാവില്ലെന്ന് യാത്രക്കാർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, LINE TRAFFIC, MOTOR VEHICLE DEPARTMENT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.