തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടയായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ച വിജയിച്ചു. വാടക പൂർണമായും സർക്കാർ നൽകും. സമരത്തിൽ ഉൾപ്പെട്ടവർക്ക് ജോലിക്ക് പോകാൻ കഴിയാത്ത ദിവസത്തിലെ നഷ്‌ടപരിഹാരം നൽകുമെന്നും തീരുമാനമായി. ഇതോടെ 140ദിവസങ്ങളായി നടന്നുവന്ന സമരമാണ് അവസാനിക്കുന്നത്.
മുൻപ് മന്ത്രിസഭാ ഉപസമിതിയുമായും ചീഫ് സെക്രട്ടറി വി.പി ജോയിയുമായി നടന്ന ചർച്ചയ്‌ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ചർച്ച ആരംഭിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിന് ഊർജിത ശ്രമങ്ങളാണ് സർക്കാർ തലത്തിൽ നടന്നത്.
അതേസമയം ഇന്നത്തെ ചർച്ചകൾക്ക് മുന്നോടിയായി നേരത്തെ സമരസമിതി യോഗം ചേർന്നിരുന്നു. നാല് നിർദ്ദേശങ്ങൾ ലത്തീൻ സഭ മുന്നോട്ടുവച്ചിരുന്നു. കടൽക്ഷോഭത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് നൽകുന്ന വാടക 5500 എന്നത് 8000 ആയി ഉയർത്തണമെന്നത് ഒന്ന്. സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. വാടക നൽകുന്നതിനുളള പണം അദാനിയുടെ സിഎസ്‌ആർ ഫണ്ടിൽ നിന്നും വേണ്ട, പ്രാദേശിക വിദഗ്ദ്ധനായ ആൾ തീരശോഷണം പഠിക്കാനുളള സമിതിയിൽ വേണം എന്നിങ്ങനെയാണിവ.
കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്‌ദു റഹ്‌മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയിലുളളത്. സമരസമിതിയുടെ ആവശ്യങ്ങൾ മന്ത്രിസഭാ ഉപസമിതി ഇന്നലെ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തിരുന്നു. സമരസമിതി കഴിഞ്ഞദിവസം ഉന്നയിച്ച ചില കാര്യങ്ങളിൽ വ്യക്തത വരാത്തതിനാലാണ് ഇന്നും ചർച്ച തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |