SignIn
Kerala Kaumudi Online
Friday, 19 April 2024 6.58 PM IST

തരൂരിന്റെ ഒാളവും താളവും

sashi-tharoor

കേരളത്തിൽ ഇപ്പോൾ തരൂർതരംഗമാണ് സംസാരവിഷയം. ശശി തരൂർ എങ്ങോട്ടു തിരിഞ്ഞാലും ആരോട് സംസാരിച്ചാലും വാർത്തയാകുന്നു. ജില്ലകൾ തോറുമുള്ള അദ്ദേഹത്തിന്റെ പര്യടനങ്ങൾ വിവാദമാകുന്നു. അങ്ങനെയൊരു യാത്രയുടെ ഭാഗമായാണ് അദ്ദേഹം പത്തനംതിട്ടയിലെത്തിയത്. അടൂർ തുവയൂർ മാഞ്ഞാലി കേന്ദ്രമായി പ്രവർത്തിക്കുന്ന ബോധിഗ്രാമിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് യംഗ് ഇന്ത്യ - സാമൂഹിക സാമ്പത്തിക ശാക്തീകരണം എന്ന വിഷയത്തിൽ പ്രഭാഷണത്തിനാണ് തരൂർ എത്തിയത്. തരൂരിന്റെ വരവ് ഡി.സി.സിയെ അറിയിക്കണമെന്നും അറിയിച്ചില്ലെങ്കിൽ പരിപാടിക്ക് ആരും പോകേണ്ടെന്നുമാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. തരൂർ വരുന്നത് പാർട്ടി പരിപാടിയിലേക്ക് അല്ലാത്തതിനാൽ ആരും പോകേണ്ടെന്ന് പത്തനംതിട്ട ഡി.സി.സി നേതൃത്വം പറഞ്ഞിട്ടില്ല. ബോധിഗ്രാം രാഷ്ട്രീയമില്ലാത്ത സാമൂഹിക പ്രസ്ഥാനമാണെങ്കിലും അതിന്റെ സ്ഥാപകൻ ജോൺ ശാമുവേൽ എന്ന ജെ.എസ് അടൂർ കെ.പി.സി.സി നയരൂപീകരണ വിഭാഗം തലവനാണ്. പാർട്ടി ക്യാമ്പുകളിൽ ക്ളാസെടുക്കാനും അദ്ദേഹം പോകുന്നു. തരൂരുമായി അടുത്ത ബന്ധമുള്ള ജെ.എസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് കോൺഗ്രസ് നേതാക്കളെ കൂടാതെ സി.പി.എം, ബി.ജെ.പി പാർട്ടികളിൽ പെട്ടവരെയും ക്ഷണിച്ചിരുന്നു. നാനൂറോളം പേർക്ക് ഇരിക്കാവുന്ന അടൂർ ഗ്രീൻവാലി കൺവെൻഷൻ സെന്ററിലെ കസേരകൾ തരൂരിനെ കേൾക്കാനായി നിറഞ്ഞു. കോൺഗ്രസുമായി ബന്ധമുള്ള പ്രസ്ഥാനമല്ല ബോധിഗ്രാമെങ്കിലും കൂടുതൽ പേരും തരൂരിൽനിന്ന് രാഷ്ട്രീയപ്രസംഗം പ്രതീക്ഷിച്ചു. അവരെ നിരാശപ്പെടുത്തി തരൂർ സാമ്പത്തിക, സാമൂഹിക വിഷയങ്ങളിൽ നാൽപ്പത് മിനിട്ടോളം പ്രഭാഷണം നടത്തി മടങ്ങി.

തരൂരിന്റെ

വരവും പോക്കും

തരൂരിന്റെ പ്രസംഗമല്ല, അദ്ദേഹത്തിന്റെ വരവുംപോക്കുമാണ് വിവാദങ്ങളിൽ നിറയുന്നത്. തരൂർ വരുന്നതിന് മുൻപ് ഡി.സി.സിയെ ഒൗദ്യോഗികമായി അറിയിച്ചോ, അറിയിച്ചെങ്കിൽ ഡി.സി.സി നേതാക്കൾ പങ്കെടുക്കുമോ, പങ്കെടുക്കുന്നവരെ തരൂർ അനുകൂലികൾ എന്ന് മുദ്രചാർത്തുമോ എന്നതൊക്കെയായിരുന്നു സംസാര വിഷയങ്ങൾ. അടൂരിലെ

തരൂർ പരിപാടിയിലേക്ക് സംഘാടകരായ ബോധിഗ്രാം ഡി.സി..സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിനെയും നേതാക്കളെയും ക്ഷണിച്ചിരുന്നു എന്നത് വാസ്തവമാണ്. ആ സമയം തനിക്ക് മറ്റൊരു പരിപാടിയുണ്ടെന്ന് പറഞ്ഞ് ഡി.സി.സി പ്രസിഡന്റ് എത്തിയില്ല. ജില്ലയിലെ മുതിർന്ന നേതാവും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ കുര്യൻ പരിപാടിക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ബന്ധുവിന്റെ മരണത്തെ തുടർന്ന് തീരുമാനം മാറ്റി. ജില്ലയിൽ നടക്കുന്ന പരിപാടിയെപ്പറ്റി ശശി തരൂർ നേരിട്ട് അറിയിച്ചില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് പറഞ്ഞത്. പ്രസിഡന്റിനോട് പറഞ്ഞിരുന്നുവെന്ന് തരൂർ പറയുന്നു. ജില്ലയിൽ നിന്ന് കെ.പി.സി.സി ഭാരവാഹികളായി പഴകുളം മധുവും ജോർജ് മാമ്മൻ കൊണ്ടൂരുമുണ്ട്. വിളിക്കാത്ത കല്ല്യാണത്തിന് പോകേണ്ടതില്ലെന്നാണ് മധുവും കൊണ്ടൂരും പറയുന്നത്. തരൂർ തങ്ങൾക്കും പ്രവർത്തകർക്കും ആരുമല്ലെന്നാണ് അവരുടെ വാദം. ഐക്യരാഷ്ട്രസഭയിൽ നിന്ന് എത്തിയ തികച്ചും പ്രൊഫഷണലായ ഒരാൾ കോൺഗ്രസിന്റെ ഭാഗമായി തിരുവനന്തപുരം പാർലമെന്റിൽ മത്സരിച്ചു ജയിച്ചു എന്നല്ലാതെ പാർട്ടിയിൽ എന്തു പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്ന് തരൂർ വിരുദ്ധർ ചോദിക്കുന്നു. പത്തനംതിട്ടയിൽ ജനപരിചയമുള്ള തങ്ങളെ തരൂരിന് നേരിട്ട് വിളിക്കാമായിരുന്നു എന്ന് സതീഷ് കൊച്ചുപറമ്പിലും പഴകുളം മധുവും പറയുന്നതിൽ കാര്യമുണ്ട്. വിളിച്ചെന്ന് തരൂർ ആരോടൊക്കെയോ പറഞ്ഞത് നുണയാണെന്ന് കൊച്ചുപറമ്പിൽ പറയുന്നു.

തരൂരിനെ ബഹിഷ്കരിക്കണമെന്ന് എ, ഐ ഗ്രൂപ്പ് നേതാക്കൾ അണികളോട് പറഞ്ഞിരുന്നു. പക്ഷേ, അടൂരിലെ അണികൾ അത് ചെവിക്കൊണ്ടില്ല. അവർ തരൂരിനെ സ്വീകരിക്കാനെത്തി. മുദ്രാവാക്യം വിളിച്ച് അഭിവാദ്യമർപ്പിച്ചു. തരൂരിന്റെ പത്തനംതിട്ടയിലെ സന്ദർശനം പ്രതീക്ഷിച്ച ചലനമുണ്ടാക്കിയോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. സമീപ ജില്ലയായ കോട്ടയത്ത് തരൂരിന് ലഭിച്ചതുപോലെ ആവേശകരമായ സ്വീകരണമല്ല പത്തനംതിട്ടയിൽ ലഭിച്ചത്. തരൂരിന്റെ ചിന്തകൾ കേൾക്കാൻ എത്തിയവരുടെ മനസിൽ ആവേശം കണ്ടില്ല. എന്നാലും തരൂരിനൊപ്പം പത്തനംതിട്ടയിലും ആളുകൾ ഉണ്ടെന്ന് പാർട്ടി നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞു.

തരംഗം തടുക്കാൻ

പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും സ്ഥാനാർത്ഥിത്വത്തിൽ നിന്നും തഴയപ്പെട്ട സി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻരാജായിരുന്നു തരൂർ സ്വീകരണ പരിപാടിയുടെ ജില്ലയിലെ മുഖ്യസംഘാടകൻ. പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും തരൂരെത്തിയപ്പോഴും പ്രദേശിക കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കാനെത്തിയിരുന്നു. ജില്ലയിൽ മുളപൊട്ടുന്ന തരൂർ തരംഗത്തെ മറികടക്കാൻ ജനകീയ സമരങ്ങളുമായി ഡി.സി.സി രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ശബരിമലയോട് കാട്ടുന്ന അനാസ്ഥക്കെതിരെ ഡി.സി.സി സത്യഗ്രഹ സമരം നടത്തിയത് തരൂർ സന്ദർശനത്തിന്റെ പിറ്റേന്നാണ്. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഉദ്ഘാടകൻ. ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ നേതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സത്യഗ്രഹം യഥാർത്ഥത്തിൽ തരൂരിനും അനുയായികൾക്കുമുള്ള മറുപടിയായിരുന്നു. തരൂർ പരിപാടിയുടെ മുഖ്യസംഘാടകൻ പി.മോഹൻരാജിനെയും വേദിയിലെത്തിക്കാൻ സത്യഗ്രഹത്തിന്റെ സംഘാടകർക്ക് കഴിഞ്ഞു. ചുരുക്കത്തിൽ തരൂർ തുടങ്ങിവച്ച കോൺഗ്രസിലെ നവയുഗ ഗ്രൂപ്പിനെ തടുക്കാൻ പത്തനംതിട്ടയിലെ എ, എെ ഗ്രൂപ്പ് നേതാക്കൾ ഒന്നിച്ച വേദിയായിരുന്നു സത്യഗ്രഹപ്പന്തൽ. തരൂരിന് കളിക്കാൻ പത്തനംതിട്ടയിൽ കളമില്ലെന്ന സന്ദേശമായിരുന്നു സത്യഗ്രഹത്തിലെ നേതാക്കളുടെ പങ്കാളിത്തം. പക്ഷേ, തരൂരിന് വീണ്ടും വേദിയൊരുക്കാൻ ജില്ലയിൽ അണിയറനീക്കങ്ങൾ സജീവമാണ്. ജനുവരിയിൽ അടൂരിൽ വീണ്ടും സ്വീകരണം നൽകാൻ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കരുക്കളുമായി തരൂർ വിരുദ്ധരും നീക്കങ്ങൾ തുടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASHI THAROOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.