ദോഹ: ഖത്തർ ലോകകപ്പിൽ കഴിഞ്ഞയാഴ്ച പോർച്ചുഗലിനെതിരായ ഗ്രൂപ്പ് എച്ച് മത്സരത്തിൽ വിജയ ഗോൾ നേടിയ ദക്ഷിണ കൊറിയയുടെ വാംഗ് ഹീ ചാൻ മത്സര മികവിന് പുറമേ മറ്റൊരു കാര്യത്തിലും ജനശ്രദ്ധ നേടി. തന്റെ ടീമിന്റെ രണ്ടാമത്തെ ഗോൾ ആഘോഷിക്കാൻ താരം ജേഴ്സി അഴിച്ചുമാറ്റിയപ്പോൾ ആയിരുന്നു അത്. വനിതാ സ്പോർട്സ് ബ്രാ ധരിച്ചാണ് വാംഗ് ഹീ ചാൻ നിന്നിരുന്നത്.
ഈ ചിത്രം കണ്ടപ്പോൾ ഫുട്ബോൾ വളരെ കാര്യമായി പിന്തുടരാത്തവർ എന്തിനാണ് ഇത്തരം വസ്ത്രം പുരുഷ കളിക്കാർ ധരിക്കുന്നതെന്ന് സംശയം ഉയർത്തിയിരുന്നു. പിന്തുടരുന്നവര്‍ക്ക് ഇത് വളരെ സാധാരണമായ ഒരു കാഴ്ചയായിരുന്നു.
യഥാർത്ഥത്തിൽ ഇതൊരു സ്പോർട്സ് ബ്രാ അല്ല. ഇത് ഒരു ജി പിഎസ് ട്രാക്കറാണ്. പുരുഷ ഫുട്ബോളർമാർക്കിടയിൽ ഇത് വളരെ സാധാരണമാണ്. താരങ്ങളുടെ കളത്തിലെ വ്യക്തിഗത മികവാണ് ജി പി എസ് ട്രാക്കർ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത്. വെസ്റ്റിന്റെ പിൻവശത്തുള്ള അറയിലാണ് ട്രാക്കർ ഘടിപ്പിക്കുന്നത്. ഇതുവഴി ശേഖരിക്കുന്ന ഡാറ്റ കളിക്കാരുടെ പരിശീലന സമയത്ത് ഉപയോഗപ്രദമാണെന്നാണ് ഫുട്ബോൾ വിദഗ്ധർ പറയുന്നത്.