SignIn
Kerala Kaumudi Online
Saturday, 20 April 2024 9.57 AM IST

വീട്ടുമുറ്റത്തെ പൊൻചെമ്പകം

ss

ഇന്ന് വീട്ടുമുറ്റത്ത് മിനി ഒരു പൊൻചെമ്പകം നടും. ഇന്ദിരച്ചേച്ചിയുടെ ഓർമ്മ എന്നും പൂത്തുനിൽക്കാൻ. കഴിഞ്ഞദിവസം ഞങ്ങൾ കുറേ യാത്രചെയ്ത് അത് വാങ്ങിക്കൊണ്ടുവരുമ്പോൾ ഓർത്തിരുന്നില്ല ഇന്ദിരച്ചേച്ചി കൺമുന്നിൽനിന്ന് എന്നേക്കുമായി മടങ്ങിപ്പോകുമെന്ന്. കുറേനാളായി ആഗ്രഹിക്കുകയായിരുന്നു ഒരു പൊൻചെമ്പകത്തൈ. അങ്ങനെ വാങ്ങിയതാണ്. അതു നടാൻ തുടങ്ങുമ്പോഴാണ് മരണവിവരം അറിയുന്നത്. മകൻ മനു രമാകാന്തനുമായി ബന്ധപ്പെട്ട ഒരു കാര്യം ഇന്ദിരച്ചേച്ചിയുടെ ഫേസ് ബുക്കിൽ വായിച്ച് ലൈക്ക് ചെയ്യുമ്പോഴും മരണം അനവസരത്തിൽ വരുന്ന കോമാളിയാണെന്ന് ഓർത്തിരുന്നില്ല. വീടിന് മാത്രമല്ല നാടിനും ചാരുത പകരുന്ന പൊൻചെമ്പകമായിരുന്നു ഇന്ദിരച്ചേച്ചി.

കൊല്ലം എസ്.എൻ.കോളേജിൽ ഞാൻ ഡിഗ്രിക്കു പഠിക്കുമ്പോൾ കിളിമാനൂ‌ർ രമാകാന്തൻസാറായിരുന്നു മലയാളവിഭാഗം മേധാവി. മിക്കവാറും ദിവസങ്ങളിൽ പതിനൊന്നര മണിയാകുമ്പോൾ എന്നെയും വിളിച്ചാണ് കോഫിഷോപ്പിലേക്ക് പോകുന്നത്. എനിക്ക് കോഫിയും കേക്കും. സാറിന് കോഫിയും സിഗരറ്റും. 'കാമ്പസിനുപുറത്ത് നമ്മൾ രണ്ടുപേരും കവികളാണ്. അതുകൊണ്ട് ഒപ്പം സിഗരറ്റ് വലിക്കുന്നതിൽ കുഴപ്പമില്ലെന്ന് ' സാർ പറയുമായിരുന്നു. പക്ഷേ, ഒരിക്കലും എന്റെ ഗുരുനാഥന് സമീപമിരുന്ന് ഞാൻ അത് ചെയ്തിട്ടില്ല. ഉപരിപഠനത്തിനായി തിരുവനന്തപുരത്ത് വരുമ്പോഴാണ് രമാകാന്തൻസാറിന്റെ ധർമ്മപത്നിയായ ഇന്ദിരച്ചേച്ചിയെ കാണുന്നത്. അന്നുമുതൽ എന്നെ ബാബു എന്നാണ് ചേച്ചി വിളിച്ചിരുന്നത്. മകനോടെന്നപോലെ എന്നും വാത്സല്യം കാട്ടിയിരുന്നു. കുടുംബബന്ധങ്ങളെ സ്നേഹംകൊണ്ട് കോർത്തിണക്കുന്ന കണ്ണിയായിരുന്നു ഇന്ദിരച്ചേച്ചി. ആരോടും പരിഭവമില്ല, പരാതിയില്ല. പക്ഷേ, ഏറ്റവുമൊടുവിൽ ചേച്ചി എഴുതിയത് പരാതിയും പരിഭവവും ആയിരുന്നു. അതൊരു യാത്രാമൊഴി ആയിരുന്നെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ശുദ്ധമായ താളത്തിൽ ചിട്ടപ്പെടുത്തിയ ഒരു ലളിതഗാനം പോലെയായിരുന്നു ഇന്ദിരച്ചേച്ചി. നോവലും ആത്മകഥാസ്പർശിയായ കുറിപ്പുകളുമുൾപ്പെടെ ധാരാളം എഴുതിയിട്ടുണ്ട്. എല്ലാ പുസ്തകങ്ങളും എനിക്ക് തരുമായിരുന്നു. ആത്മകഥ എന്നു പറയാവുന്ന ഓർമ്മക്കല്ലുകൾ എന്ന പുസ്തകമാണ് ഒടുവിൽ തന്നത്. അതിലെ അനുഭവക്കുറിപ്പുകൾ എഴുതുമ്പോൾ എന്നെ പലതവണ വിളിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ചോദിക്കാൻ. 'പഴയതുപോലെ യാത്രയൊന്നുമില്ല, അതുവഴി വരുമ്പോൾ വീട്ടിൽ വരണം. രമാകാന്തൻ സാറിന്റെ ഇപ്പോൾ പുറത്തിറക്കിയ പുസ്തകം തരാം' എന്നു പറഞ്ഞിരുന്നു. അതു വാങ്ങാനും വായിക്കാനും സാധിച്ചില്ല. ഹസ്തിനപുരത്തിന്റെ വധു, വേരില്ലാത്ത മരങ്ങൾ തുടങ്ങി പത്തിലേറെ കൃതികൾ പുസ്‌തകമായി കെ.ഇന്ദിര പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പേട്ട തേങ്ങാപ്പുര ലെയ്‌നിലെ 'ആതിര'യിൽ രമാകാന്തൻ സാറിനെ കാണാൻ പോകുന്നത് ഒരാശ്വാസമായിരുന്നു. കൊച്ചുവാചകങ്ങളിൽ സാറും നീണ്ട വാചകങ്ങളിൽ ഞാനും എത്രനേരമാണ് സംസാരിച്ചിരുന്നിട്ടുള്ളത്. അതിനിടയിലാണ് ചായയുമായി ഇന്ദിരച്ചേച്ചി കടന്നുവരുന്നത്.

മൂന്നുനാലു ദിവസം മുമ്പ് എന്നെ ഫോണിൽ വിളിച്ചിരുന്നു. അതെടുക്കാനോ തിരിച്ചുവിളിക്കാനോ ആയില്ല. പേട്ട മുൻ കൗൺസിലർ അനിൽകുമാർ വിളിച്ച് മരണവിവരം പറയുമ്പോൾ ഇനിയെങ്ങനെ ഇന്ദിരച്ചേച്ചിയെ തിരികെ വിളിക്കുമെന്ന കുറ്റബോധമായിരുന്നു മനസിൽ. ഗുരുദേവന്റെ ദൈവദശകം ചൊല്ലി ഇന്ദിരച്ചേച്ചിയെ യാത്രയാക്കുമ്പോൾ എന്റെ ഉള്ളിൽനിന്ന് ഇറ്റുവീണ കണ്ണുനീരിന് ഇന്ദിരച്ചേച്ചി പകർന്നുതന്ന സ്നേഹത്തിന്റെ ചൂടുണ്ടായിരുന്നു. ദൈവമേ കാത്തുകൊൾകങ്ങ്...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIRA RAMAKANTHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.