SignIn
Kerala Kaumudi Online
Friday, 19 April 2024 3.03 PM IST

ജീവകാരുണ്യവും മതം മാറ്റവും

photo

മതപരിവർത്തനം എന്നും വിവാദങ്ങളും സംഘർഷങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ചില സമൂഹങ്ങളുടെ ദാരിദ്ര്യ‌വും സാമൂഹ്യ അരക്ഷിതാവസ്ഥയും മുതലെടുത്ത് വലിയ തോതിൽ മതപരിവർത്തനങ്ങൾ നേരത്തേ നടത്തിയിട്ടുണ്ട്. എന്നാൽ മാറിയ കാലഘട്ടത്തിൽ അത്തരം കൂട്ട മതംമാറ്റങ്ങൾ വ്യാപകമായ എതിർപ്പുകൾക്കും ഏറ്റുമുട്ടലുകൾക്കും ഇടയാക്കുന്നു. ഓരോരുത്തരും ജനിച്ചുവീഴുന്നത് ഓരോ മതവിഭാഗങ്ങളിലാണ്. എന്നാൽ പ്രായപൂർത്തിയായതിന് ശേഷം ഒരാൾക്ക് മതം മാറണമെന്ന് തോന്നിയാൽ സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യ‌മുണ്ട്. അതേസമയം പ്രലോഭനങ്ങൾ നൽകി കൂട്ടത്തോടെ മതം മാറ്റുന്നത് തടയപ്പെടുകതന്നെ വേണം.

ജീവിതം വഴിമുട്ടുന്നവർക്ക് ആഹാരവും കിടക്കാനിടവും പ്രദാനം ചെയ്യുന്ന പ്രവർത്തനങ്ങളെയാണ് പൊതുവേ ജീവകാരുണ്യ പ്രവർത്തനങ്ങളെന്ന് പറയുന്നത്. എല്ലാ മതവിഭാഗങ്ങളും അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. എന്നാൽ ഇതിന്റെ മറവിൽ വിദേശ സഹായവും മറ്റും തേടി മതപരിവർത്തനത്തിന് ശ്രമിക്കുന്ന ഗ്രൂപ്പുകളും ഇല്ലാതില്ല. ഇതിനെതിരെ സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മതംമാറ്റം ജീവകാരുണ്യത്തിന്റെ മറവിലാകരുതെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം സ്വാഗതാർഹമാണെന്നും എന്നാൽ ഇതിന്റെ ഉദ്ദേശ്യം പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. പ്രത്യേകമായി ആരെയെങ്കിലും സഹായിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അങ്ങനെ സഹായിക്കാം, ദാനം ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷേ ലക്ഷ്യം മതം മാറ്റമാകരുത്. ഭീഷണിയിലൂടെയും സമ്മർദ്ദത്തിലൂടെയും മതംമാറ്റം നടത്താൻ ആർക്കും അധികാരമില്ലെന്നും കോടതി എടുത്തുപറഞ്ഞു. ഇങ്ങനെയുള്ള മതംമാറ്റങ്ങൾ ഗുരുതര പ്രശ്നമാണെന്നും ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.

നിർബന്ധിത മതംമാറ്റം തടയാൻ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. നിർബന്ധിത മതംമാറ്റം സംബന്ധിച്ച് കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയെ അറിയിച്ചു. ഗുജറാത്തിൽ മതം മാറ്റത്തിനെതിരെ കർശന നിയമമുണ്ടെങ്കിലും സുപ്രീംകോടതി ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും അതിനെതിരെ പ്രത്യേകാനുമതി ഹർജി കോടതിയുടെ പരിഗണനയിലാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മതംമാറ്റ നിയമങ്ങൾ സംബന്ധിച്ചും മറ്റ് നടപടികളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ശേഖരിച്ചശേഷം വിശദമായ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.

മതംമാറ്റം തടയുന്നത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങൾ രൂപം നൽകുന്ന നിയമത്തിൽ പാലിക്കേണ്ട പൊതുവായ മാർഗനിർദ്ദേശങ്ങൾ സുപ്രീംകോടതിയിൽ നിന്നുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PURPOSE BEHIND CHARITY CANNOT BE RELIGIOUS CONVERSION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.