SignIn
Kerala Kaumudi Online
Friday, 19 April 2024 6.07 AM IST

അനന്തതയ്‌ക്കപ്പുറം ഒന്നായ പാളങ്ങൾ

indira-ramakanthan-

സുഖദുഃഖങ്ങളും ജനിമൃതികളും പാളങ്ങൾ പോലെയാണെന്ന് പല മഹാത്മാക്കളും ഉപമിച്ചിട്ടുണ്ട്. പാളങ്ങളെ മറച്ചുപോകുന്ന ട്രെയിനിന്റെ അവസാന ബോഗിക്ക് പിന്നിലെ ഉന്നതചിഹ്‌നത്തിന് വേർപാടിന്റെ മുഖച്ഛായയുണ്ട്. അതുകൊണ്ടാണ് നമ്മെ കടന്നുപോകുന്ന ഒാരോ ട്രെയിനും ഒരു നെടുവീർപ്പും നൊമ്പരവുമാകുന്നത്.

ഒന്നാന്തരം കാതലുള്ള കവിതകൊണ്ട് സ്വന്തം ഇരിപ്പിടം തീർത്ത കിളിമാനൂർ രമാകാന്തന്റെ സഹധർമ്മിണിയും നോവലിസ്റ്റുമായ കെ.ഇന്ദിരയും പതിമൂന്ന് വർഷത്തിനുശേഷം അനന്തതയിൽ വിലയിച്ച ഭർത്താവിന്റെ വാമഭാഗമെത്തിയിരിക്കുന്നു. രണ്ടെന്ന സമാന്തരത വെടിഞ്ഞ് ഒന്നായിത്തീർന്ന റെയിൽപാളങ്ങൾ പോലെ.

മലയാളത്തിന്റെ പ്രിയകവിയും വിവർത്തനങ്ങളിലും സർഗപ്രതിഭ ചാലിച്ച എഴുത്തുകാരനുമായ രമാകാന്തനെപ്പറ്റി ശിഷ്യൻ എഴുതിയ അനുസ്മരണക്കുറിപ്പ് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ട് കഷ്ടിച്ച് ഒരാഴ്ച. കേരളകൗമുദിയോട് അടുത്ത വൈകാരിക ബന്ധമുണ്ടായിരുന്ന രമാകാന്തന്റെ വിവർത്തന പാടവത്തെക്കുറിച്ചായിരുന്നു ലേഖനത്തിന്റെ മുക്കാൽഭാഗവും. കവിതയുടെ വിജയപതാക പാറിച്ചതല്ലേ വിവർത്തനങ്ങളേക്കാൾ പ്രധാനമെന്ന് പത്രാധിപസമിതിയംഗം സംശയമുന്നയിച്ചപ്പോൾ അത് ശരിയാണ് അടുത്ത തവണ അങ്ങനെയാകാമെന്നായിരുന്നു ലേഖനം കൊടുത്തയച്ച കെ.ഇന്ദിരയുടെ മറുപടി.

വിവർത്തനങ്ങളിലും കാവ്യരമാകാന്തം എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ ആ ലേഖനം അടിച്ചുവന്നപ്പോൾ അവരുടെ പ്രതികരണത്തിൽ അതിരറ്റ ആഹ്ളാദവും അഭിമാനവുമുണ്ടായിരുന്നു. കവിതയാകുന്ന രമയുടേയും ഭാര്യയായ ഇന്ദിരയുടേയും കാന്തനാണല്ലോ രമാകാന്തനെന്ന് പലരും വിളിച്ചുപറഞ്ഞതായും സൂചിപ്പിച്ചു.

'നീയും ഞാനും രണ്ട് റെയിൽപ്പാളങ്ങൾ' എന്ന രമാകാന്തന്റെ ആത്മകഥ പരിധി പബ്ളിക്കേഷൻസാണ് പുറത്തിറക്കിയത്. ഡയറിക്കുറിപ്പുകളും പലനേരങ്ങളിൽ പങ്കുവച്ച അനുഭവങ്ങളുമാണ് കവി, കവിത, ജീവിതം എന്നിവ ചേർന്ന ഇൗ പുസ്തകത്തിൽ, പുസ്തകത്തിന്റെ ഒരു കോപ്പി എനിക്ക് അയച്ചുതരുമെന്ന് അവർ ഉറപ്പ് നൽകി. സ്വകാര്യ ആവശ്യത്തിനായി ബംഗളൂരുവിൽ പോകുന്ന സമയത്തായിരുന്നു ഫോൺവിളി. പറഞ്ഞവാക്ക് കൃത്യമായി പാലിച്ചു.

ബാംഗ്ളൂർ യാത്ര കഴിഞ്ഞ് കേരളകൗമുദി ഒാഫീസിലെത്തുമ്പോൾ മേശപ്പുറത്ത് ഇന്ദിരാ രമാകാന്തൻ അയച്ച പുസ്തകം 'നീയും ഞാനും രണ്ട് റെയിൽപ്പാളങ്ങൾ' അത് മറിച്ചുനോക്കുമ്പോൾ കണ്ട പേജിനും യാദൃച്ഛികതയുണ്ട്.

രമാകാന്തൻ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കായി കിടക്കുന്ന സമയത്തെ അനുഭവം: - സുഹൃത്തും കൊല്ലം എസ്.എൻ. കോളേജിലെ ബോട്ടണി പ്രൊഫസറുമായ വാസുപിള്ള സാർ അസുഖമായി കിടക്കുകയാണ്. ഞാൻ സാറിനെ പോയിക്കണ്ടു. 'സാറിന്റെ ഭാര്യ അമ്പലത്തിൽ നിന്ന് പൂജിച്ചുകൊണ്ടുവന്ന ചന്ദനം സാറിന്റെ നെറ്റിയിൽ തൊടുന്നതുകണ്ടു. എന്റെ ഒാപ്പറേഷന്റെ തലേദിവസം അദ്ദേഹം മരിച്ചു. ആരും എന്നോട് പറഞ്ഞില്ല. എങ്കിലും ഞാനറിഞ്ഞു." എല്ലാവരും തന്നിൽനിന്ന് രഹസ്യമാക്കി വച്ച വേർപാടിനെക്കുറിച്ച് കവിതയിലൂടെ രമാകാന്തൻ ജീവിതത്തിന്റെയും മരണത്തിന്റെയും ഒരു മഹാപരസ്യം ചമച്ചു.

" ഒക്കെ മറന്നുല്ലസിക്കാൻ തക്കമരുന്നെങ്ങുമില്ല

ദുഃഖമൊരു മേഘം പോലെ, സൗഖ്യമൊരു മിന്നൽപോലെ

നൊമ്പരങ്ങൾ വിസ്മരിക്കാൻ അമ്പലങ്ങൾ തേടുവോരേ

ബിംബമൊരു കല്ലുമാത്രം തമ്പുരാനുറക്കമല്ലോ."

അകാലത്തിലുറക്കമായ ജീവിതത്തിലെ തമ്പുരാന്റെ സവിധത്തിൽ കെ.ഇന്ദിരയും ഇനിയുണരാത്ത ഉറക്കത്തിന് പോയിരിക്കുന്നു.

അവർ അയച്ചുതന്ന നീയും ഞാനും രണ്ടും റെയിൽപ്പാളങ്ങൾ എന്ന പുസ്തകം മന്ത്രിക്കുന്നു: ഇനി രണ്ട് റെയിൽപ്പാളങ്ങളില്ല. അനന്തതയ്ക്കപ്പുറം ഒന്നുമാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIRA RAMAKANTHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.