SignIn
Kerala Kaumudi Online
Saturday, 20 April 2024 1.04 AM IST

വിഴിഞ്ഞം സമരം ബാഹ്യ ഇടപെടൽ സംശയം പ്രതിപക്ഷത്തിനുമുണ്ട്: മുഖ്യമന്ത്രി

k

തിരുവനന്തപുരം: അക്രമത്തിലേക്ക് വഴിമാറിയ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന സംശയം സർക്കാരിന് മാത്രമല്ല, പ്രതിപക്ഷത്തിനും ജനങ്ങൾക്കുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ലത്തീൻ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേത്. സമര നേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ഏതെങ്കിലും ബാഹ്യശക്തികളാണോ എന്ന് സംശയിക്കേണ്ടിവരും. സഭയുടെ പൊതുനിലപാടിന് വിരുദ്ധമായി പോകുന്ന ഇത്തരം ആളുകൾ ആരുടെ നാവായാണ് പ്രവർത്തിക്കുന്നത് എന്ന് സ്വാഭാവികമായും ജനങ്ങൾക്ക് സംശയം തോന്നും. വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർക്ക് പിന്നിൽ ഏതെങ്കിലും ബാഹ്യശക്തികളുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി 2014ൽ പദ്ധതി നടപ്പാക്കിയ അന്നത്തെ യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായിരുന്ന കെ.ബാബു നിയമസഭയിൽ പറഞ്ഞിട്ടുണ്ട്.

പദ്ധതി നിറുത്തിവയ്ക്കണമെന്ന യുക്തിരഹിതമായ ആവശ്യം അംഗീകരിക്കില്ല. നിർമ്മാണം തുടരണമെന്ന പിടിവാശി സർക്കാരിനുണ്ട്. യു.ഡി.എഫ് കൊണ്ടുവന്ന 47 കോടിയുടെ പുനരധിവാസ പദ്ധതി നടപ്പാക്കിയില്ലെന്നത് അടിസ്ഥാനമില്ലാത്ത ആക്ഷേപമാണ്.

എത്ര കുഴപ്പമുണ്ടാക്കണമെന്ന് ചിലർ ആഗ്രഹിച്ചാലും സംയമനത്തിന്റെ അതിരുവിട്ട് സർക്കാർ ഒന്നുംചെയ്തിട്ടില്ല. പൊലീസ് കാണിച്ച സംയമനവും ക്ഷമയും മാതൃകയാണ്. ബിഷപ്പിനെതിരെ കേസെടുത്തെന്നാണ് ഒരു ആരോപണം. ആരെ കേസിൽ ഉൾപ്പെടുത്തണമെന്നും വേണ്ടെന്നും തീരുമാനിക്കുന്നത് സർക്കാരല്ല. വ്യക്തികളുടെ മുഖംനോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവർത്തിക്കുന്നത്. സമരാഹ്വാനം ചെയ്തവരിൽ ചിലരെ മാത്രം കേസിൽ നിന്ന് ഒഴിവാക്കാനാകില്ല.

നിർമ്മാണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് സമരസമിതി ലംഘിച്ചതിനാണ് അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ കേസിന്റെ ഭാഗമായി ഏതാനും വൈദികർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. കേന്ദ്രസേനയെ കൊണ്ടുവരുന്നുവെന്നാണ് മറ്റൊരു ആരോപണം. വിഴിഞ്ഞം കരാറിൽ നിർമ്മാണ സ്ഥാപനം ആവശ്യപ്പെടുന്ന സുരക്ഷ നൽകാൻ സംസ്ഥാനം ബാദ്ധ്യസ്ഥരാണെന്നുണ്ട്. അതിനാലാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യത്തെ സർക്കാർ എതിർക്കാതിരുന്നത്.

സമരക്കാർ ഉന്നയിച്ച 7

ആവശ്യങ്ങളിൽ

അംഗീകരിച്ച ആറെണ്ണം

1. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസത്തിന്

പുനർഗേഹം പദ്ധതി നടപ്പാക്കി വരുന്നു.
2. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 25രൂപ സബ്സിഡി തുടരും.

3. കാലാവസ്ഥാ മുന്നറിയിപ്പു കാരണം കടലിൽ പോകാൻ കഴിയാതെ വരുമ്പോൾ ആവശ്യമായ സഹായം ചെയ്യുന്നു. ഒരു കുടുംബത്തിന് 1,200 രൂപാവീതം 18.36 കോടി അനുവദിച്ചു.

4. മുതലപ്പൊഴി ഫിഷിംഗ് ഹാർബർ നിർമ്മാണത്തെപ്പറ്റിയുള്ള ആശങ്കകൾ പഠിക്കാൻ പൂനെയിലെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി.

5. തീരശോഷണം സംബന്ധിച്ച പഠനത്തിന് പുതിയ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു

6. ക്യാമ്പുകളിൽ കഴിയുന്ന 102 കുടുംബങ്ങൾക്കുൾപ്പെടെ 284 കുടുംബങ്ങൾക്ക് മാസവാടക വിതരണം ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.