SignIn
Kerala Kaumudi Online
Saturday, 20 April 2024 2.10 AM IST

മലയോരത്തിന് ആശ്വാസം, ആശങ്ക: ഒളിച്ചുനടന്ന കടുവ വെളിച്ചത്ത്

kaduva
അയ്യൻകുന്നിലെ കൃഷിയിടത്തിൽ കണ്ടെത്തിയ കടുവയുടെ കാല്പാടുകൾ വനം വകുപ്പധികൃതർ പരിശോധിക്കുന്നു

നാടിന് സുരക്ഷയൊരുക്കി വനപാലകരും പൊലീസും


ഇരിട്ടി: ഒരാഴ്ച്ചയോളമായി മലയോരത്തെ അയ്യൻകുന്ന്,കണിച്ചാർ പഞ്ചായത്തുകളെ ഭീതിയിലാക്കിയ കടുവയെ ഒടുവിൽ വനംദ്രുതകർമ്മ സേനാസംഘം കണ്ടെത്തി. അയ്യൻകുന്ന് പഞ്ചായത്തിൽപ്പെട്ട കഞ്ഞിക്കണ്ടം മേഖലയിൽ ജനവാസ കേന്ദ്രത്തിലെ കൃഷിയിടത്തിലാണ് തിരച്ചലിനിടയിൽ 25 മീറ്റർ താഴെയായി കടുവയെ കണ്ടെത്തിയത്.
ഇതോടെ പൊലീസും വനപാലക സംഘവും കടുവയെ കണ്ടെത്തിയ പ്രദേശത്തിനടുത്തുള്ള ജനങ്ങളെ ഇവിടെ നിന്നും മാറ്റി. സമീപത്തുള്ള എൺപതോളം വീടുകളിൽ കഴിയുന്നവരോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകി. പറമ്പിൽ കെട്ടിയിരുന്ന വളർത്തു മൃഗങ്ങളെ കൂടുകളിൽ സുരക്ഷിതമാക്കാനും നിർദ്ദേശിച്ചു. പ്രദേശത്തിന്റെ പ്രത്യേകതകൾ പരിശോധിച്ചശേഷം ജനങ്ങൾക്ക് ഭീഷണിയായി കടുവ മുന്നോട്ട് നീങ്ങാതിരിക്കാൻ വനം വകുപ്പിന്റെ 60 അംഗം സംഘം ചുറ്റിലുമായുള്ള മുണ്ടായാംപറമ്പ് ആനപ്പന്തി റോഡ്, കഞ്ഞിക്കണ്ടം വാഴയിൽ റോഡ് എന്നിവിടങ്ങളിൽ കാവൽ ഏർപ്പെടുത്തി.
അയ്യൻകുന്ന് പഞ്ചായത്തിന്റെ അതിർത്തി വനമേഖലയിലേക്ക് കടുവ നിൽക്കുന്ന സ്ഥലത്തുനിന്നും നാല് കിലോമീറ്ററോളം ദൂരം വരും. ഈ വനമേഖലയിലേക്ക് കടുവയ്ക്ക് കടന്നുപോകുന്നതിനുള്ള സുരക്ഷിത വഴിയൊരുക്കാനാണ് വനംവകുപ്പിന്റെ ശ്രമം. കൂടുതൽ പ്രകോപനം ഉണ്ടാകാതിരിക്കാൻ സമീപത്തെ ചെങ്കൽ പണകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു. ഉച്ചയോടെ പ്രദേശത്തെ വിദ്യാലയങ്ങൾക്ക് അവധി നൽകാനും നിർദ്ദേശിച്ചു.

അബദ്ധത്തിൽ നാട്ടിലെത്തി
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉളിക്കൽ മാട്ടറ പിടികക്കുന്നിൽ ആദ്യം കടുവയെ കാണുന്നത്. ജനവാസ മേഖലയിൽ അബദ്ധത്തിൽ പെട്ട കടുവ വനം അന്വേഷിച്ചുള്ള യാത്രയാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കടുവയുടെ സഞ്ചാര രീതി മനസ്സിലാക്കുമ്പോൾ ആരോഗ്യവാനായ കടുവയാണെന്നാണ് മനസ്സിലാക്കുന്നത്. ഒരേ സ്ഥലത്തു സ്ഥിരമായി താവളമടിക്കാതെയാണ് ഇതിന്റെ സഞ്ചാരം. അതുകൊണ്ടുതന്നെ കൂടുവെക്കൽ , നിരീക്ഷണ ക്യാമറ സ്ഥാപിക്കൽ എന്നിവ പ്രയോഗികമല്ലെന്നാണ് വനം വകുപ്പിന്റെ വിദഗ്ദർ നൽകിയ ഉപദേശം. കാട്ടിലേക്ക് തിരിച്ചു കയറുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറവയൽ, വയത്തൂർ, വിളമന, കൂമന്തോട്, ബെൻഹിൽ ഭാഗങ്ങളിൽ എത്തിയത്.

അഞ്ചാംദിവസം മുണ്ടയാംപറമ്പിൽ
അഞ്ച് ദിവസത്തോളമായി മലയോരത്തെ രണ്ട് പഞ്ചായത്തുകൾ പിന്നിട്ടാണ് ബുധനാഴ്ച്ച അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാം പറമ്പിൽ കടുവ എത്തിയത്. രാവിലെ മുണ്ടായാം പറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിന് പിൻവശത്തെ കുന്നിൻ മുകളിലെ നീറാന്തടത്തിൽ ബിനുവിന്റെ വീട്ടിന് സമീപമാണ് കടുവയെ കാണുന്നത്. രാവിലെ ആറരയോടെ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ബിനു സമീപത്തെ മരച്ചീനി തോട്ടത്തിൽ എന്തോ ചാടിവിഴൂന്നത് കാണുകയായിരുന്നു. കൂടുതൽ സൂക്ഷിച്ച് നോക്കിയപ്പോൾ ആണ് അത് കടുവയാണെന്ന് മനസ്സിലായത്. ഇതോടെ പടിച്ച ബിനു വീടിന്റെ അകത്ത് കയറി വാതിൽ അടച്ചു. ഉടനെ ജനപ്രതിനിധികൾ മുഖേന വനം വകുപ്പിനും പൊലീസിനും വിവരം കൈമാറി.
തലേ ദിവസം ഡി.എഫ്.ഒവിന്റെ നേതൃത്വത്തിൽ വിളമനയിൽ നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ എട്ടുമണിയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ദ്രുതകർമ്മ സേനയുടെ കോഴിക്കോട്, കണ്ണൂർ സംഘാഗങ്ങളും കൊട്ടിയൂർ, കണ്ണവം, ആറളം എന്നിവിടങ്ങളിൽനിന്നുള്ള വനപാലകരും കടുവയെ കാണ്ടെന്ന് പറഞ്ഞ മുണ്ടയാം പറമ്പിൽ എത്തി. കൃഷിയിടത്തിൽ കണ്ടെത്തിയ കാലടയാളങ്ങൾ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ്് കടുവക്കായി തിരച്ചിൽ ആരംഭിച്ചത്. കരിക്കോട്ടക്കരി പോലീസും അയ്യൻകുന്ന് പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. കടുവയുടെ കാൽപ്പാടുകൾ പിൻതുടർന്ന ദ്രുതകർമ്മ സേന നടത്തിയ പരിശോധനയിൽ ബിനുവിന്റെ വീട്ടുപറമ്പിൽ നിന്നും 500 മീറ്റർ മാറി ആനപ്പന്തി മുണ്ടായപറമ്പ് റോഡ് കടന്ന് റബർ തോട്ടത്തിലേക്ക് കടുവ കയറിയതായി മനസിലായി.
തുടർന്ന് കടുവാ തിരച്ചലിൽ പ്രത്യേക പരിശീലനം നേടിയ ദ്രുത കർമ്മ സേനാംഗങ്ങൾ മാത്രമായി സമീപത്തെ ചെറിയ കുന്നിലുള്ള റബർ തോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് റെന്നി മാത്യുവിന്റെ തോട്ടത്തിൽ കടുവയെ കണ്ടത്. ഇതോടെ ജനവാസ മേഖലക്കിടയിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പോലീസും വനംവകുപ്പും ഏറ്റെടുക്കുകയായിരുന്നു. കടുവയെ രാത്രിയോടെ വനത്തിലേക്ക് കയറ്റാനാണ് വനം വകുപ്പിന്റെ ശ്രമം.

കൊട്ടിയൂർ,തളിപ്പറമ്പ് റേഞ്ചർമാർ നയിച്ചു
വനംകുപ്പ് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്, തളിപ്പറമ്പ് റേഞ്ചർ പി.രതീശൻ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.പ്രസാദ്, ഡെപ്യൂട്ടി റെയിഞ്ചർമാരായ കെ.ജിജിൽ, ശശികുമാർ ചെങ്ങളവീട്ടിൽ, കെ.ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടുവയെ കാട്ടിലേക്ക് മടക്കാനുള്ള ദൗത്യം. കരിക്കോട്ടക്കരി എസ് ഐ പി.പി. പ്രഭാകരൻ, ആറളം എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും സുരക്ഷയൊരുക്കി മുന്നിലുണ്ട്. അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി തോമസ്, സ്ഥിരം സമതി അദ്ധ്യക്ഷ മിനി വിശ്വനാഥൻ, അംഗങ്ങളായ സജി മച്ചിത്താനി, ഐസക്ക് ജോസഫ് എന്നിവർ പ്രദേശവാസികൾക്ക് നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകി സ്ഥലത്തെത്തിയിരുന്നു.

കാടുകയറ്റൽ എളുപ്പമായില്ല
ഇരിട്ടി: മുണ്ടയാം പറമ്പിലെ കൃഷിയിടത്തിൽ വനം ദ്രുതകർമ്മസേനയുടെ തിരച്ചിലിൽ കണ്ടെത്തിയ കടുവയെ ഇവിടെ നിന്നും വനത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ കടുവയെ പിടികൂടുകയോ കാട്ടിലേക്ക് കയറ്റിവിടുകയോ ചെയ്യാതെ അതിനെ നിരീക്ഷിച്ചു നിൽക്കുകയാണ് വനംവകുപ്പുദ്യോഗസ്ഥരെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
പ്രദേശവാസികളെ മുഴുവൻ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ വിടാതെ ബന്ദികളാക്കി നിർത്തുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി. പ്രതിഷേധം ഉയർന്നതോടെ ഉയരുകയും ചെയ്തതോടെയാണ് വനപാലകസംഘം കടുവയെ കാട് കയറ്റാനുള്ള നടപടികൾ ആരംഭിച്ചത്. വനപാലകരുടെ ശ്രമത്തിനിടെ കടുവ ആദ്യം നിന്നിരുന്ന സ്ഥലത്തുനിന്നും മുന്നോട്ടു കുതിച്ച് കഞ്ഞിക്കണ്ടം വാഴയിൽ റോഡ് മുറിച്ചു കടന്ന് വാഴയിൽ മേഖലയിലേക്ക് കടന്നു. വനപാലകരും മുന്നോട്ട് പോയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഈ മേഖലയിലെ കൃഷിയിടത്തിൽ തന്നെ കടുവ ഉള്ളതായാണ് വനപാലകർ നൽകുന്ന വിവരം. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി വനപാലക സംഘം മേഖലയിൽ തന്നെ രാത്രിയും തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.