കണ്ണൂർ: അഞ്ച് സെന്റീമീറ്റർ വലുപ്പത്തിലുള്ള ഏറ്റവും ചെറിയ ദീപമുണ്ടാക്കി ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡിൽ ഇടം പിടിച്ച് അഴീക്കോട് വൻകുളത്ത് വയൽ സ്വദേശി സഖിന സുജിത്ത്.വെറും മൂന്ന് മിനിറ്റ് കൊണ്ടാണ് സഖിന ആരെയും അതിശയിപ്പിക്കുന്ന മണ്ണുകൊണ്ടുള്ള ദീപമുണ്ടാക്കി റെക്കോർഡിലിടം പിടിച്ചത്.
ഐഡിയൽ ബിൽഡേഴ്സിൽ എൻജിനീയറായ സഖിനയെ തേടിയെത്തിയ നാലാമത്തെ റെക്കോർഡാണിത്.ബോട്ടിൽ ആർട്ടിൽ ശ്രദ്ധേയയായ സഖിന കുപ്പികളിൽ തീർത്ത വിസ്മയത്തിന് നേരത്തെ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡും ഏഷ്യ ബുക്ക് ഒഫ് റെക്കോർഡും ചാമ്പ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.സ്റ്റെൻസിൽ പെയിന്റിംഗിലൂടെ 15 പ്രധാനമന്ത്രിമാരുടെ ചിത്രം ഒറ്റ കുപ്പിയിൽ വരച്ചു ചേർത്താണ് ലോക റെക്കോർഡ് നേടിയത്.
നിരവധി പേർ ഫോളോ ചെയ്യുന്ന kuppi.in എന്ന ഇൻസ്റ്റഗ്രാം പേജിൽ തന്റെ ബോട്ടിൽ ആർട്ടുമായി സജീവമാണ് സഖിന.ഇവരുടെ ബോട്ടിൽ ആർട്ടുകൾക്ക് ആവശ്യക്കാരേറെയാണ്.പെൻസിൽ ഡ്രോയിംഗ്,ഫാബ്രിക് പെയിന്റിംഗ്,മ്യൂറൽ പെയിന്റിംഗ് എന്നിവയിലും മികവ് കാട്ടുന്നുണ്ട് സഖിന.കൊവിഡ് കാലത്ത് നേരം പോക്കിന് വേണ്ടി ചെയ്ത ബോട്ടിൽ ആർട്ട് പിന്നീട് വലിയ സംരംഭമായി മാറുകയായിരുന്നു.തുടർന്നും കുപ്പികളിലും മറ്റും വിസ്മയം തീർക്കാനുള്ള തയ്യാറെടുപ്പിലാണ് സഖിന.ഭർത്താവ് സജു മോഹൻദാസിന്റെ പിന്തുണയാണ് സഖിനയുടെ നേട്ടങ്ങൾക്ക് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |