SignIn
Kerala Kaumudi Online
Saturday, 20 April 2024 4.44 AM IST

അഞ്ചാം പനി പ്രതിരോധം: പിന്തുണയുമായി മതസംഘടനകൾ

ccc
.

മലപ്പുറം: ജില്ലയിൽ അഞ്ചാംപനി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാൻ ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ വിളിച്ചു ചേർത്ത മത സംഘടന നേതാക്കളുടെ യോഗത്തിൽ ആഹ്വാനം. ആരാധനാലയങ്ങളിലൂടെയും മദ്രസകളടക്കമുള്ള മതപാഠ ശാലകളിലൂടെയും വാക്സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തും. സോഷ്യൽ മീഡിയ, വോയ്സ് ക്ലിപ്പിംഗുകൾ വഴി ജനങ്ങളെ ബോധവത്കരിക്കാനും മതനേതാക്കൾ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
രോഗം ബാധിച്ച് ആരും മരണത്തിലേക്ക് പോകരുതെന്നും വാക്സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാവൂ എന്നും ജില്ലാ കളക്ടർ പറഞ്ഞു. രോഗം ബാധിച്ചവർക്ക് ചികിത്സ ഉറപ്പുവരുത്തും. രോഗവ്യാപനം തടയുന്നതിനായി സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. ജില്ലയിൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ എം.ആർ.വാക്സിനേഷൻ നിരക്ക് 80.84 ശതമാനമാണ്. ഇത് 95 ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. കുടുംബങ്ങളെയും വ്യക്തികളെയും വാക്സിനെടുക്കാൻ പ്രേരിപ്പിക്കണമെന്നും കളക്ടർ മതനേതാക്കളോട് അഭ്യർത്ഥിച്ചു. ചികിത്സയും വാക്സിനേഷനും വേണ്ടെന്ന രൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.
രണ്ടുഡോസ് എം.ആർ വാക്സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ അഞ്ചാംപനിയെ പൂർണ്ണമായും പ്രതിരോധിക്കാനാവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.രേണുക പറഞ്ഞു. രോഗം ബാധിച്ചവരിൽ 90 ശതമാനം പേരും ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണ്. ബാക്കി ഒമ്പത് ശതമാനം പേർ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരാണ്. ഇരുഡോസും സ്വീകരിച്ച ഒരുശതമാനം പേർ അസുഖ ബാധിതരായെങ്കിലും ഇവർക്ക് പെട്ടെന്ന് തന്നെ ഭേദപ്പെടുകയും ചെയ്തതായി ഡി.എം.ഒ പറഞ്ഞു.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ മത സംഘടനാ പ്രതിനിധികളായ സലീം എടക്കര (എസ്.വൈ.എസ്), പി.കെ.എ.ലത്തീഫ് ഫൈസി (സമസ്ത), അബ്ദുറഹ്മാൻ.എം.വലിയങ്ങാടി (ജമാഅത്തെ ഇസ്‌ലാമി), ജില്ലാ വികസന കമ്മിഷണർ രാജീവ് കുമാർ ചൗധരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബി.എൽ.ബിജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

38 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഇന്നലെ 38 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൽപ്പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂർ (30), കുറുവ (28), താനാളൂർ (16), ഊരകം (13), കോട്ടയ്ക്കൽ നഗരസഭ (11), എ.ആർ നഗർ (10) എന്നിവയാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ. ജില്ലയിൽ അഞ്ച് വയസ്സു വരെയുള്ള കുട്ടികളിൽ 1,​62,​749 പേർ എം.ആർ വാക്സിൻ എടുക്കാത്തവരാണ്. ഇതിൽ 6,​90,​89 പേർ ഒന്നാം ഡോസ് എം.ആർ വാക്സിനും 9,​36,​60 പേർ രണ്ടാം ഡോസ് വാക്സിനുമാണ് എടുക്കാനുള്ളത്. രോഗവ്യാപനത്തിന്റെയും കുത്തിവയ്പ്പ് എടുക്കാനുള്ളവരുടെയും തോതനുസരിച്ച് ഹെൽത്ത് ബ്ലോക്കുകളെ മൂന്ന് കാറ്റഗറികളാക്കി തിരിച്ച് വാക്സിൻ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും പതിനായിരം പേർക്ക് കുത്തിവയ്പ്പ് നൽകി രണ്ടാഴ്ചക്കകം ജില്ലയിലെ വാക്സിനേഷൻ നിരക്ക് 80.84ൽ നിന്ന് 95 ശതമാനത്തിലെത്തിക്കും. വേങ്ങര (79%) , പൂക്കോട്ടൂർ (78%) , വെട്ടം (77%), വളവന്നൂർ (72%), കുറ്റിപ്പുറം (72%) എന്നിവയാണ് ജില്ലയിൽ അഞ്ചാം പനിക്കെതിരെയുള്ള കുത്തിവയ്പ്പിൽ 80 ശതമാനത്തിൽ താഴെ നിൽക്കുന്ന ഹെൽത്ത് ബ്ലോക്കുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEVER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.