SignIn
Kerala Kaumudi Online
Thursday, 25 April 2024 12.40 PM IST

രാഷ്‌ട്രീയ കുറ്റവാളികളെ കാലാവധിക്ക് മുമ്പ് പുറത്തുവിടുമ്പോൾ

photo

രാഷ്‌ട്രീയ കുറ്റവാളികൾക്ക് മറ്റ് തടവുകാരെ അപേക്ഷിച്ച് പ്രത്യേക പരിഗണനയും ഇളവും നൽകുന്ന പ്രവണത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇതേവരെ ശിക്ഷാഇളവിന് അർഹരല്ലാതിരുന്ന, രാഷ്‌ട്രീയ കൊലക്കേസുകളിലെ പ്രതികൾക്ക് കേരളപ്പിറവി, സ്വാതന്ത്യ്രദിനം, റിപ്പബ്‌ളിക് ദിനം തുടങ്ങി വിശേഷാവസരങ്ങളിൽ ശിക്ഷാ ഇളവ് അനുവദിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇത് നിയമത്തോടുള്ള വെല്ലുവിളിയും ക്രിമിനൽ പ്രൊസീജിയർ കോഡിലെ ശിക്ഷാവിധികളെയും ബാധിക്കുമെന്നാണ് നിയമരംഗത്തെ ഒരു കൂട്ടരുടെ വാദം. എന്നാൽ, ജയിലിൽ കഴിയുന്ന കുറ്റവാളികളെക്കുറിച്ച് പഠിച്ച് അവരെ പുറത്തുവിടാൻ കഴിയുന്നവരാണെന്ന് വിലയിരുത്തിയാൽ ശിക്ഷാ കാലാവധിയിൽ ഇളവു നൽകാമെന്നും വാദിക്കുന്നവരുണ്ട്. ഇപ്പോഴത്തെ സർക്കാർ തീരുമാനം ഈ വിഷയങ്ങളിൽ നേരത്തെ സ്വീകരിച്ച ചില നടപടികളും ചർച്ചകളും വീണ്ടും സജീവമാക്കുന്നതാണ്.

പുതിയ തീരുമാനപ്രകാരം ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവു ലഭിക്കും. ഇതോടെ ജീവപര്യന്തം അനുഭവിക്കുന്ന പല കുറ്റവാളികൾക്കും ശിക്ഷാ കാലാവധി പൂർത്തിയാകും മുമ്പേ പുറത്തിറങ്ങാൻ കഴിയും. രാഷ്ട്രീയ കൊലക്കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരെ 14വർഷം പൂർത്തിയാകുന്നതിന് മുമ്പായി ഇളവ് നൽകി വിട്ടയയ്ക്കരുതെന്ന് 2018ലെ ഉത്തരവിൽ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇതൊഴിവാക്കിയാണ് പുതിയ ഉത്തരവ്.

കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവർ, കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയവർ, മാനഭംഗ കേസ് പ്രതികൾ, ലഹരിമരുന്ന് പ്രതികൾ, വർഗീയ കൊലപാതകം നടത്തിയവർ, 65 വയസിനു മുകളിലുള്ളവരെ കൊലപ്പെടുത്തിയവർ, കള്ളക്കടത്തിനിടെ കൊല നടത്തിയവർ, ഡ്യൂട്ടിക്കിടെ സർക്കാർ ജീവനക്കാരെ കൊലപ്പെടുത്തിയവർ, വാടക കൊലയാളികൾ, മറ്റു സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർ, ശിക്ഷ അനുഭവിക്കുന്ന വിദേശികൾ, പോക്‌സോ കേസുകളിലെ പ്രതികൾ, സ്ത്രീധന കൊലയാളികൾ, ഇരട്ടക്കൊലക്കേസ് പ്രതികൾ, പരോളിലിറങ്ങി കൊലപാതകം നടത്തിയവർ, ജയിലിൽ കൊല നടത്തിയവർ, ഭീകരാക്രമണത്തിനിടെ കൊല നടത്തിയവർ, ആസിഡ് ആക്രമണം നടത്തിയവർ, മദ്യദുരന്തത്തിൽ ശിക്ഷിക്കപ്പെട്ടവർ, ശിക്ഷ ഇളവ് നൽകരുതെന്ന് കോടതികൾ നിർദേശിച്ചവർ എന്നിവർക്ക് പുതിയ ഉത്തരവിൽ ഇളവ് അനുദിക്കുന്നില്ലെന്നതാണ് ആശ്വാസകരമായ കാര്യം.

കുറ്റവാളികൾക്ക് തടവുശിക്ഷ നൽകുന്നത് നാട്ടിൽ ക്രമസമാധാനം ഉറപ്പ് വരുത്താനാണെന്ന കാര്യത്തിൽ തർക്കമില്ല. ജയിൽശിക്ഷ അനുഭവിക്കുന്നതിലൂടെ പ്രതികൾക്ക് മാനസാന്തരമുണ്ടായി അവർ നല്ല നടപ്പുകാരായി തീരാൻ സാദ്ധ്യതയുണ്ട്. കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിക്കുമെന്ന ബോധം അവരെ അത്തരം പ്രവൃത്തിയിൽ നിന്ന് പിന്തിരിപ്പിക്കാനുമിടയാക്കും. കുറ്റവാളികൾ ശിക്ഷ യഥാവിധി അനുഭവിക്കുന്ന സാഹചര്യമുണ്ടായാലെ ഇത് സാധ്യമാകുകയുള്ളൂ. ഒരാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് അവർ ചെയ്ത ക്രിമിനൽ കുറ്റത്തിന്റെ തീവ്രതയെ അടിസ്ഥാനമാക്കിയാണ്. അതിനാൽ അവർക്കുള്ള ശിക്ഷ ഉറപ്പാക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. കുറ്റകൃത്യം കഠിനമാകുമ്പോഴാണ് പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ വിധിക്കുന്നത്. നിയമം അനുശാസിക്കുന്ന അത്രയും കാലം അവരെ ശിക്ഷ അനുഭവിപ്പിക്കുകയാണ് വേണ്ടത്. ക്വട്ടേഷൻ സംഘങ്ങളും നിരവധി അരുംകൊലകൾ നടത്തി കൈയറപ്പ് തീർന്നവരുമാണ് നിലവിൽ സെൻട്രൽ ജയിലുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും. അവർക്ക് ശിക്ഷാ കാലാവധിക്ക് മുമ്പേ പുറത്തിറങ്ങാൻ അവസരം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും ക്രമസമാധാന പ്രശ്‌നങ്ങൾക്കും വഴിതെളിച്ചേക്കാം.

വധശിക്ഷയുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായങ്ങൾ ലോകവ്യാപകമായി ഇന്നും നിലനിൽക്കുന്നുണ്ട്. 1973 വരെ ഇന്ത്യയിൽ കൊലപാതകക്കേസുകളിൽ വധശിക്ഷയാണ് നൽകിയിരുന്നത്. എന്നാൽ, അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളിൽ മാത്രം വധശിക്ഷ മതിയെന്ന് 1973ൽ സുപ്രീംകോടതി വിധിച്ചു. ഈ നിർവചനത്തിനുള്ളിൽ വരുന്ന കൊലപാതകങ്ങൾ ഏതൊക്കെ എന്നു തീരുമാനിക്കുക ഒരിക്കലും എളുപ്പമായിരുന്നില്ല. സ്വാഭാവികമായും ജഡ്ജിയുടെ വിവേചന ബോധവും വിവേകവുമാണ് വിധികളെ സ്വാധീനിച്ചത്. വധശിക്ഷ കൊടുക്കുന്ന കേസുകളിൽ അപ്പീൽ പോകുമ്പോൾ മേൽക്കോടതി ജീവപര്യന്തമാക്കി ചുരുക്കിയ സംഭവങ്ങളുമുണ്ട്. ജീവപര്യന്തം വിധിച്ച കേസുകളിൽ അപ്പീൽ പോയപ്പോൾ വധശിക്ഷയാക്കിയിട്ടുമുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ എണ്ണം കുറയുകയും പകരം ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയും ചെയ്‌തു. ഇതിനിടെയാണ് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നു പഠിച്ചത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവർ എട്ടു വർഷത്തെ ശിക്ഷ അനുഭവിച്ചു കഴിയുമ്പോൾ സ്വഭാവവും പെരുമാറ്റവും മാനസിക പരിവർത്തനത്തിലേക്ക് എത്തിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നുണ്ടെങ്കിൽ മോചിപ്പിക്കാം എന്നായിരുന്നു ആ സമിതിയുടെ ശുപാർശ.

ജസ്‌റ്റിസ് വി.ആർ. കൃഷ്‌ണയ്യർ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഹരിഹരൻ നായർ അദ്ധ്യക്ഷനായി കേരളത്തിൽ പ്രിസൺ റിവ്യൂ കമ്മിറ്റി രൂപീകരിച്ചു. എട്ട് വർഷം പൂർത്തിയാക്കിയ ജീവപര്യന്ത തടവുകാരുടെ കേസുകളും പശ്ചാത്തലവും വിശദമായി പഠിക്കാൻ സമിതി തീരുമാനിച്ചു. ഓരോ തടവുകാരനെയും വിലയിരുത്താൻ ജയിൽ വകുപ്പിനുവേണ്ടി പ്രത്യേക മാനദണ്ഡം തയ്യാറാക്കി. സർക്കാർ അത് അംഗീകരിക്കുകയും ചെയ്‌തു. വളരെയധികം ജീവപര്യന്തം തടവുകാരുടെ മോചനം ആ സമിതി ശുപാർശ ചെയ്‌തു.സർക്കാർ അത് അംഗീകരിച്ച് ഗവർണറുടെ അനുമതിക്ക് അയയ്ക്കുകയും ചെയ്തു. പക്ഷേ, ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെയാണെന്ന് സുപ്രീംകോടതി നേരത്തേ വിധിച്ചിട്ടുണ്ടെന്നും കേരളത്തിൽ മാത്രമായി ഉപാധികളോടെ ആരെയും നേരത്തേ മോചിപ്പിക്കാൻ പറ്റില്ലെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. പ്രിസൺ റിവ്യൂ കമ്മിറ്റിയുടെ സാധുതതന്നെ ഇല്ലാതായി.

എപ്പോഴാണോ കുറ്റവാളി മനപരിവർത്തനം വന്ന് സമൂഹത്തിലേക്ക് പോകാനുള്ള പരുവത്തിലായിരിക്കുന്നത് അപ്പോൾ അവരെ സമൂഹത്തിലേക്ക് വിടുകയാണ് വേണ്ടത്. പരോൾ എന്ന ആശയത്തിന്റെ അടിസ്ഥാനമാണിത്. ശിക്ഷാകാലം അധികമായാൽ ജയിൽ ശിക്ഷയുടെ ലക്ഷ്യം തന്നെ വിപരീത ഫലത്തിലേക്കെത്തുമെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മോചനം നൽകേണ്ടവരുടെ പട്ടിക അന്ന് സമിതി തയ്യാറാക്കിയത്. രണ്ടു കാര്യങ്ങളായിരുന്നു പരിഗണനാ വിഷയം. ആദ്യത്തേത് എട്ടുവർഷം തടവുകാലം തികച്ചിരിക്കണം എന്നതുതന്നെ. പ്രതി ഇളവിന് പരിഗണിക്കപ്പെടാൻ അനുയോജ്യനാണോ എന്നതായിരുന്നു രണ്ടാമത്തേത്. ജയിൽ അധികൃതരിൽ നിന്ന് ഓരോരുത്തരുടെയും സ്വഭാവ സർട്ടിഫിക്കേറ്റും തടവുകാരന്റെ പൂർവകാലത്തേക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ടും വാങ്ങും. തിരികെ നാട്ടിലെത്തിയാൽ അവരെ സ്വീകരിക്കാൻ കുടുംബക്കാർ തയ്യാറാണോ എന്നും അന്വേഷിക്കും. കള്ളകടത്തുകാർ, തീവ്രവാദികൾ, കൊലപാതക രാഷ്ട്രീയക്കാർ സാമ്പത്തികനേട്ടം ഉദ്ദേശിച്ച് മോഷണമോ കൊള്ളയോ മറ്റോ നടത്താൻ കൊല്ലുന്നവർ എന്നിവരൊക്കെ കൊലപാതകം ആവർത്തിക്കുന്നവരാണ്. എട്ടു വർഷം ശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കാനുള്ള ശുപാർശയിൽ ഈ ഘടകങ്ങളെല്ലാം നേരത്തെ പരിഗണിച്ചിരുന്നു.

വർഷങ്ങൾക്ക് മുമ്പ് പ്രിസൺ റിവ്യൂ കമ്മിറ്റിയിൽ ഒരാൾപോലും രാഷ്ട്രീയക്കാരനായിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴത്തെ ജയിൽ ഉപദേശക സമിതികളിൽ രാഷ്ട്രീയക്കാർക്കാണ് മേധാവിത്വം. സ്വാഭാവികമായും തടവുകാരുടെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ രാഷ്ട്രീയ പരിഗണനയും വരും. പഴയതുപോലെ ഒരു പ്രിസൺ റിവ്യൂ കമ്മിറ്റിയാണ് വരേണ്ടത്. അവർ പഠിച്ച് തീരുമാനമെടുക്കണം .സർക്കാർ നടപ്പാക്കുകയും വേണം. അല്ലാതെ രാഷ്‌ട്രീയ ഗുണ്ടകൾക്കു വേണ്ടിയുള്ള ഒരു തുറന്നുവിടലായി മാറരുത് ജയിൽ മോചനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RELEASE OF POLITICAL PRISONERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.