വടക്കഞ്ചേരി: മംഗലംഡാം വലതുകര കനാൽ വൃത്തിയാക്കിയിട്ടും പാടങ്ങളിൽ വെള്ളമെത്താതെ പ്രതിസന്ധി തുടരുന്നു. പലയിടങ്ങളിലും ഒഴുക്കിന് തടസമായി മാലിന്യം അടിഞ്ഞുകൂടി കിടക്കുകയാണ്. ഇതിനുപുറമെ കനാൽ ചോർച്ചയും വെല്ലുവിളിയാണ്.
മുടപ്പല്ലൂർ പെരണംകാട് പുഴയ്ക്ക് കുറുകെയുള്ള കനാൽ പാലത്തിന്റെ ഇരുവശങ്ങളിലുള്ള വിടവിലൂടെ വൻതോതിൽ വെള്ളം പുഴയിലേക്ക് ഒഴുകുന്നുണ്ട്. ഇതുകാരണം പകുതി ദൂരമായ മുടപ്പല്ലൂരെത്തുമ്പോഴേക്കും വെള്ളത്തിന്റെ അളവ് പകുതിയിൽ താഴെയാണ്. കനാലിൽ ജലനിരപ്പ് പകുതിക്ക് മുകളിലുണ്ടെങ്കിൽ മാത്രമേ ഉപകനാലുകളിലൂടെ വെള്ളമൊഴുകി പാടശേഖരങ്ങളിലെത്തൂ.
അഞ്ചുമൂർത്തിമംഗലം മേഖലയിലുള്ള തെക്കേത്തറ, വടക്കേത്തറ, ചെന്നയ്ക്കപ്പാടം തുടങ്ങിയ പാടശേഖരങ്ങളിൽ കനാൽ വെള്ളം പ്രതീക്ഷിച്ച് ഞാറ്റടി തയ്യാറാക്കിയെങ്കിലും നടാനാകാതെ പ്രതിസന്ധിയിലാണ്. വലതുകര കനാലിന്റെ വാലറ്റ പ്രദേശമായ കാവശ്ശേരിയിൽ നേരിയ തോതിൽ പോലും വെള്ളം ഒഴുകിയെത്തിയിട്ടില്ല. കനാലിലെ തടസങ്ങളും ചോർച്ചയും പരിഹരിക്കാനുള്ള നടപടി ഉടൻ കൈക്കൊള്ളുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |