രാജകുമാരി: ഓരോ ഭവനങ്ങളിലും കാർഷിക പോഷക ഉദ്യാനങ്ങൾ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായി രാജകുമാരി ഗ്രാമപഞ്ചായത്തിൽ ഒരേക്കർ സ്ഥലത്ത് വിത്തിറക്കി. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 13ാം വാർഡിൽ ഉൾപ്പെട്ട നടുമറ്റത്താണ് 50 പേരടങ്ങുന്ന സംഘം ജൈവകൃഷിക്ക് തുടക്കം കുറിച്ചത്. ചീര,ബീൻസ്,പയർ,തക്കാളി,വഴുതന എന്നിങ്ങനെ അഞ്ചിനം പച്ചക്കറി വിത്തുകളും രണ്ടിനം പഴവർഗങ്ങളുടെ കൃഷിയുമാണ് ആരംഭിച്ചത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജെ.സിജു, സി.ഡി.എസ്. അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.