ന്യൂഡൽഹി : മുൻകാലങ്ങളിൽ പ്രചാരണത്തിന് പോകുമ്പോൾ അയോഡക്സ് കൊണ്ടുനടക്കുന്ന ശീലം ഉണ്ടായിരുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു ദേശീയ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മുൻകാലങ്ങളിൽ ജീപ്പുകളിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്ത അനുഭവം പങ്കുവച്ചത്. ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായത്തിനുണ്ടായ മാറ്റം വിശദീകരിക്കവേയാണ് അയോഡക്സ് കഥ മന്ത്രി വെളിപ്പെടുത്തിയത്. വാഹനങ്ങളിൽ ഗുണമേൻമ നിർബന്ധമാക്കിയതിലൂടെയാണ് ഇപ്പോൾ വലിയ മാറ്റം വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യൻ കാർ നിർമ്മാതാക്കൾ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ ലഭിക്കാൻ ആളുകൾ ഒരു വർഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇന്ന്, ഇത് വാഹന നിർമ്മാണം ഗുണനിലവാര കേന്ദ്രീകൃതമായതിനാലാണെന്ന് മന്ത്രി പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കവേ ടെസ്ല മേധാവി എലോൺ മസ്കിനെയും മന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. എന്നാൽ ഇന്ത്യയിൽ വാഹനം നിർമ്മിക്കാൻ താത്പര്യമുണ്ടെങ്കിൽ മാത്രമേ അത് സാദ്ധ്യമാവൂ എന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തന്റെ നയം വ്യക്തമാക്കി.
ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായത്തിൻെറ മൂല്യം ഏകദേശം 7.5 ലക്ഷം കോടിയാണെന്നും, ലോകത്തെ ഒന്നാം നമ്പർ മാനുഫാക്ചറിംഗ് ഹബ്ബാക്കി ഇന്ത്യയെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.