SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.29 PM IST

കാർഷികരംഗം ആർ. ഹേലിയെ സ്‌മരിക്കുമ്പോൾ

heli

പ്രമുഖ കൃഷി ശാസ്‌ത്രജ്ഞൻ ആർ. ഹേലി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. 1956 ജനുവരി ഒന്നിന് പുതുവത്സര സമ്മാനമായി കേരളീയർക്ക് നൽകിയ ഫാം ഇൻഫർമേഷൻ ബ്യൂറോ കൃഷിവിജ്ഞാന വ്യാപനത്തിൽ തത്‌പരനായിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ സംഭാവനയായിരുന്നു. അതിന്റെ പ്രഥമ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ കൃഷിവകുപ്പ് ഡയറക്ടറായി വിരമിച്ച ആർ. ഹേലിയായിരുന്നു.

തിരുവിതാംകൂർ കൃഷിയുടേയും കൃഷി എഴുത്തിന്റേയും പിതാവ് ഡോ. എൻ. കുഞ്ഞൻപിള്ളയും മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിലെ കൃഷി എഴുത്തിന്റെ പിതാവായിരുന്ന കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർക്കും ശേഷം രൂപംകൊണ്ട കേരള സംസ്ഥാനത്തെ വിജ്ഞാനവ്യാപനത്തിന്റെയും കാർഷിക രംഗത്തിന്റെയും പിതാവ് എന്ന പേരിന് അർഹനും ആർ. ഹേലി തന്നെ.

കേരളകൗമുദിയുടെ പഴയകാല കാർഷികരംഗം വായനക്കാർക്കും ലേഖനങ്ങൾ വായിച്ചിരുന്നവർക്കും സുപരിചിതനാണ് അദ്ദേഹം.

അദ്ദേഹം കർഷകർക്കും കേരള കാർഷികരംഗത്തിനും നല്‌കിയ സമഗ്ര സംഭാവനകൾ നാം പരിശോധിക്കണം. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ എന്ന നിലയിൽ ആകാശവാണിയിലൂടെയും കൈപ്പുസ്തകങ്ങളിലൂടെയും ഡോക്യുമെന്ററി ഫിലിമുകളിലൂടെയും കർഷകത്തൊഴിലാളികളിൽ വിജ്ഞാനവ്യാപനത്തിന്റെ വിത്തുകൾ പാകി അദ്ദേഹം. 500-ൽ താഴെ പ്രതികളുണ്ടായിരുന്ന കേരള കർഷകൻ മാസിക അദ്ദേഹം ഫാം ഇൻഫർമേഷൻ ബ്യൂറോ വിടുമ്പോൾ 35,000 ത്തിലധികം കോപ്പികളായി ഉയർന്ന് കർഷകർ മാറോടണച്ച ദ്വൈവാരികയായി മാറി. മാസത്തിലൊരിക്കൽ ഇറങ്ങിയ മാസിക കർഷകരുടെ ജനപ്രീതിയിൽ മുന്നിലെത്തിയപ്പോഴാണ് കൃഷിമന്ത്രി എം.എൻ ഗോവിന്ദൻ നായർ അത് ദ്വൈവാരികയാക്കാൻ അനുമതി നൽകിയത്.

ഹേലിക്ക് ശേഷം 30 ഓളംപേർ കൃഷിവകുപ്പ് ഡയറക്ടർമാരായിരുന്നെങ്കിലും 2020 ഡിസംബർ 13ന് മരിക്കുംവരെ കേരളീയ കർഷകസമൂഹത്തിന് അദ്ദേഹം മാത്രമായിരുന്നു സുപരിചിതൻ. അദ്ദേഹത്തിന്റെ മികച്ച സംഭാവനയായ 356 നിർദ്ദേശങ്ങൾ അടങ്ങിയ 'സംസ്ഥാന കാർഷികനയ'ത്തിലെ മിനിമം കർഷകത്തൊഴിലാളി ക്ഷേമപെൻഷൻ അയ്യായിരം രൂപ എന്ന് നടപ്പാക്കും എന്നതായിരുന്നു മരിക്കും വരെ കർഷകനെ നെഞ്ചേറ്റിനടന്ന അദ്ദേഹത്തിന്റെ ഉത്കണ്ഠ.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനായി ആർ. ഹേലി രചിച്ച് 1987 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഫാം ജേർണലിസം,​ ഏഴ് പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ട കൃഷിപാഠം , ഗ്രാമ്പു, വാനില, വീട്ടുവളപ്പിലെ കൃഷി എന്നിവ കൃഷി ശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളാണ്.

കാർഷിക മാദ്ധ്യമപ്രവർത്തകരെ ബോധവത്കരിച്ച് അവർക്കുവേണ്ട വിജ്ഞാന വ്യാപനത്തിനായി ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ താൻ തുടങ്ങിയ 'കാർഷികരംഗം" ശില്പശാലയ്ക്ക് ശേഷമാണ് ചവറ്റുകുട്ടയിൽ പോയിക്കൊണ്ടിരുന്ന കാർഷിക പത്രക്കുറിപ്പുകൾ അച്ചടിമഷി പുരളാൻ തുടങ്ങിയതെന്ന് അദ്ദേഹം തമാശയായി പറയുമായിരുന്നു. എൺപത്തിരണ്ടാം വയസിലായിരുന്നു സംസ്ഥാന കൃഷിനയം രൂപീകരിക്കുന്ന കമ്മിറ്റിയുടെ നടുനായകത്വം വഹിച്ച് എല്ലാ സിറ്റിംഗുകളിലും പങ്കെടുത്ത് കാസർകോട് മുതൽ കന്യാകുമാരിവരെ യാത്ര ചെയ്ത് ആയിരത്തിലധികം രേഖകൾ പരിശോധിച്ച് അവയുടെ കരട് രൂപം അദ്ദേഹം തയ്യാറാക്കിയത് !

പാൽ, മുട്ട, മാംസ്യം എന്നിവയിൽ സംസ്ഥാനത്തിന് ഏകദേശം സ്വയം പര്യാപ്തമാകാൻ അവസരം ഒരുക്കിയത് സി. ദിവാകരൻ ഭക്ഷ്യ സിവിൽ സപ്ളൈസ്, ക്ഷീര മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരിക്കെ ഹേലി സമർപ്പിച്ച കമ്മിറ്റി റിപ്പോർട്ടായിരുന്നു. ആർ. ഹേലി നേതൃത്വം നല്‌കിയ കമ്മിറ്റി റിപ്പോർട്ടുകളുടെ ആധികാരികതയും സമഗ്രതയും നമ്മെ അന്നമൂട്ടുന്ന കർഷകന്റെ ലാഭത്തിലൂന്നി നില്‌ക്കുന്നതായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിക്ക് മാസ്കോട്ട് ഹോട്ടലിന്റെ സിംഫണി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ 'ആർ. ഹേലി കാർഷികരംഗത്തിന്റെ എഴുത്തച്ഛൻ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കപ്പെടും.

ലേഖകൻ സ്‌പൈസ് ബോർ‌ഡ് പ്രചരണവിഭാഗം അസി.ഡയറക്‌ടറാണ് ഫോൺ: 9995802039

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R HELI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.