SignIn
Kerala Kaumudi Online
Friday, 29 March 2024 4.57 AM IST

ജീവനെടുത്ത് പ്രണയപ്പക

opinion

പ്രണയം നിരസിച്ചാൽ ജീവനെടുത്ത് പക തീർക്കുന്ന ചാവേറുകളുടെ കാലത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ജാഗ്രത മാത്രമാണ് രക്ഷ. പെട്രോളൊഴിച്ച് ചുട്ടെരിച്ചും നടുറോഡിലിട്ട് വെട്ടിയും വീട്ടിൽ ഇരച്ചുകയറി വെടിയുതിർത്തും കഴുത്തറുത്തുമൊക്കെയായി അഞ്ചുവർഷത്തിനിടെ ഇരുപതോളം ജീവനുകൾ പൊലിഞ്ഞിട്ടും പ്രണയപ്പക ഒടുങ്ങുന്നില്ല. പ്രണയനിരാസത്തിന്റെ പേരിലുള്ള അതിക്രമക്കേസുകൾ ആയിരത്തിലേറെ വരും. 'ഭ്രാന്തൻ കാമുകന്മാർ'ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പുതിയ നിയമനി‌ർമ്മാണം സർക്കാ‌ർ ആലോചിച്ചെങ്കിലും അപ്രായോഗികമെന്ന് കണ്ട് ഉപേക്ഷിച്ചു. കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവും വ്യക്തിത്വ വൈകല്യവും മനസിലുള്ളത് പങ്കുവയ്ക്കാനാവാത്ത വിധത്തിൽ കുടുംബങ്ങളിലുണ്ടായ മാറ്റവുമാണ് പ്രണയപ്പകയ്ക്ക് കാരണമെന്ന് മാനസികാരോഗ്യവിദഗ്ദ്ധർ പറയുന്നു. ആഗ്രഹിച്ചതെല്ലാം നേടി വളരുന്നവർ, പ്രണയനിരാകരണമുണ്ടാകുമ്പോൾ പ്രതികാരദാഹികളായി മാറുന്നു.

മലപ്പുറത്തെ എൽ.എൽ.ബി വിദ്യാർത്ഥിനി ദൃശ്യ, കോതമംഗലത്തെ ബി.ഡി.എസ് വിദ്യാർത്ഥിനി മാനസ, മാവേലിക്കരയിലെ പൊലീസുകാരി സൗമ്യ, തൃശൂരിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി നീതു, കൊച്ചിയിൽ പ്ലസ്ടുവിദ്യാർത്ഥിനി ഈവ, കോട്ടയത്തെ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ലക്ഷ്മി, തിരുവനന്തപുരത്തെ 19കാരി അഷിക, കൊച്ചിയിലെ പ്ലസ്ടു വിദ്യാ‌‌ർത്ഥിനി ദേവിക, തിരൂരിൽ ബംഗാളി തീവച്ചുകൊന്ന 15കാരി, കാസർകോട് സുള്യയിലെ വിദ്യാർത്ഥിനി.. പ്രണയപ്പകയുടെ ഇരകൾ ഇങ്ങനെ നീളുന്നു. മൂന്നു മക്കളുടെ അമ്മയായ പൊലീസുകാരിയും പ്രണയപ്പകയുടെ ഇരയായിട്ടുണ്ട്. മാവേലിക്കരയിലെ സൗമ്യ സ്കൂട്ടറിൽ പോകവേ, സഹപൊലീസുകാരൻ അജാസ് കാറിടിച്ചുവീഴ്‌ത്തി വടിവാൾ കൊണ്ട് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരപൊള്ളലേറ്റ അജാസും മരിച്ചു.

തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച 19കാരിയെ സഹപാഠി നടുറോഡിൽ കുത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചു. തൃശൂരിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി നീതുവിനെ സുഹൃത്ത് നിതീഷ് കുത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കോട്ടയത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ സീനിയർ വിദ്യാർത്ഥി കാമ്പസിൽ ചേർത്തുപിടിച്ച് തീകൊളുത്തി. പാരാമെഡിക്കൽ വിദ്യാർത്ഥികളായ ഇരുവരും മരിച്ചു.

കൊച്ചി കളക്ടറേറ്റിനു സമീപത്ത്, പ്ലസ്ടു വിദ്യാ‌‌ർത്ഥിനി ദേവികയെ അർദ്ധരാത്രിയിൽ വിളിച്ചിറക്കി പെട്രോളൊഴിച്ച് കത്തിച്ചു, തീകൊളുത്തിയ മിഥുനും മരിച്ചു. കൊച്ചിയിൽ പ്ലസ്ടുവിദ്യാർത്ഥിനി ഈവയെ കാറിൽ കയറ്റി തമിഴ്നാട് വാൽപ്പാറയിലെത്തിച്ച് കുത്തിക്കൊന്നു. തിരുവനന്തപുരത്ത് പ്രണയത്തിൽ നിന്ന് പിന്മാറിയ വിരോധത്തിൽ 19കാരി അഷികയെ വീട്ടിൽകയറി കഴുത്തറുത്ത് കൊന്നശേഷം അനുവും(24) ജീവനൊടുക്കി. തിരൂരിൽ പ്രണയംനിരസിച്ച 15കാരിയെ 25കാരനായ ബംഗാളി വീട്ടിൽകയറി കുത്തിക്കൊന്നു. കടമ്മനിട്ടയിൽ പ്രണയം നിരസിച്ച 17കാരിയെ വീട്ടിൽകയറി പെട്രോളൊഴിച്ച് തീവച്ചുകൊന്നു. കാസർകോട് സുള്യയിൽ പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കോളേജിലെത്തി കുത്തിക്കൊന്നു. പിണങ്ങിപ്പോയ ഭാര്യയെ നടുറോഡിൽ നൂറുകണക്കിനാളുകളുടെ മുന്നിൽവച്ച് പെട്രോളൊഴിച്ച് തീവച്ചുകൊന്നത് തൃശൂരിൽ.

ഒരു 'നോ' പറഞ്ഞാൽ കോപാകുലരായി പകതീർക്കുന്ന പ്രണയപാതകത്തിന്റെ ഇരകളാവുകയാണ് നമ്മുടെ പെൺകുട്ടികൾ. ബ്ലേഡുകൊണ്ട് മുഖമാകെ വരഞ്ഞും നടുറോഡിൽ കുത്തിവീഴ്ത്തിയും മുടിമുറിച്ചും വീടിനു തീയിട്ടുമൊക്കെയാണ് പ്രണയം നിരാകരിക്കപ്പെട്ടവരുടെ പ്രതികാരം. തിരുവനന്തപുരത്തെ സംരംഭകയായ യുവതിയെ നിരാശാകാമുകൻ കഞ്ചാവ് കേസിൽ കുടുക്കിയാണ് പ്രതികാരം തീർത്തത്. കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവും വ്യക്തിത്വ വൈകല്യവുമാണ് പ്രണയപ്പകയുടെ കാരണങ്ങൾ.

നോ പറഞ്ഞതിന് കോഴിക്കോട്ടെ വിദ്യാർത്ഥിനിയുടെ വീട്ടിൽ കടന്നുകയറിയ യുവാവ്, ഹെൽമെറ്റിന് മുഖത്തടിച്ച് അഞ്ച് പല്ലുകളാണ് തെറിപ്പിച്ചത്. കൊച്ചിയിലെ ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ തടഞ്ഞുനിറുത്തി മുടിമുറിച്ചായിരുന്നു പ്രതികാരം. ശല്യപ്പെടുത്തുന്നെന്ന് പൊലീസിൽ പരാതിപ്പെട്ടതിനാണ് തൃപ്പൂണിത്തുറയിലെ കോളേജ് വിദ്യാർത്ഥിനി അമ്പിളിയെ അയൽവാസി വീട്ടിലേക്കുള്ള വഴിയിൽ കാത്തുനിന്ന് വെട്ടിയത്.

വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് കലൂരിൽ കോതമംഗലം സ്വദേശിനിയെ നടുറോഡിൽ കൊല്ലാൻശ്രമിച്ചത്. തൃശൂർ മാളയിൽ പ്രണയം നിരസിച്ച കോളജ് വിദ്യാർത്ഥിനിയുടെ മുഖം ബ്ലേഡിന് വരഞ്ഞുകീറി. തൃശൂർ പുന്നയൂർകുളത്ത് പ്രണയം നിരസിച്ച പെൺകുട്ടിയെയും വീട്ടുകാരെയും പൂട്ടിയിട്ട് വീടിന് തീവച്ചായിരുന്നു പ്രതികാരം. തിരക്കേറിയ റോഡിലൂടെ നടന്നുപോകവേ കുന്നംകുളം സ്വദേശിക്ക് കഴുത്തിൽ കുത്തേറ്റു. വിവാഹാഭ്യർത്ഥന നിരസിച്ച കൊല്ലത്തെ യുവതിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റതിനെത്തുടർന്ന് കേൾവി ശക്തി നഷ്ടമായി. ശാസ്താംകോട്ടയിൽ 16കാരിയെ സ്ക്രൂഡ്രൈവറിന് കുത്തിപ്പരിക്കേൽപ്പിച്ചായിരുന്നു പ്രണയം നിരസിച്ചതിന്റെ പ്രതികാരം തീർത്തത്. രാത്രിയിൽ വീടിന്റെ ഓടിളക്കി അകത്തുകടന്നായിരുന്നു അതിക്രമം. തിരുവനന്തപുരത്തെ ശോഭാവിശ്വനാഥനെ സുഹൃത്ത് കുടുക്കിയത് അവരുടെ കൈത്തറി വ്യാപാരകേന്ദ്രത്തിൽ കഞ്ചാവൊളിപ്പിച്ച് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു വൈരാഗ്യത്തിന് കാരണം.

ഇത് ചികിത്സ

വേണ്ട രോഗം

ഗുരുതരമായ മാനസികവൈകല്യമാണിതെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു. വേണ്ടത് അനുതാപവും ചികിത്സയുമാണ്. ഏതൊരു ബന്ധത്തിലും വിയോജിപ്പ് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സമൂഹം അംഗീകരിക്കണം. പിറകെ നടന്ന് പ്രണയം പിടിച്ചുപറ്റുന്നവനാണ് നായകനെന്ന് സമൂഹം ചിന്തിക്കുന്നു. പ്രണയം നിരസിക്കുന്നതും മറ്റാരെങ്കിലുമായി പെൺകുട്ടി ബന്ധംവയ്ക്കുന്നതും അംഗീകരിക്കാത്തത് അപകടകരമായ അവസ്ഥയാണ്. പൊലീസ് സന്ധിസംഭാഷണം നടത്തി ഒതുക്കിതീർക്കാതെ, പ്രശ്നക്കാരെ കൗൺസലിംഗിന് അയയ്ക്കണം. പെൺകുട്ടികൾക്കും ബോധവത്കരണം നൽകണം. സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നും മാനസികാരോഗ്യം കൈവരിക്കേണ്ടതെങ്ങനെയെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

മക്കളെ നന്നായി വള‌ർത്താം

#പിറകെ നടന്ന് പ്രണയം പിടിച്ചുപറ്റുന്നതല്ല ശരിയെന്നും ഏതൊരു ബന്ധത്തിലും വിയോജിപ്പ് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മക്കളെ പഠിപ്പിക്കണം.

#സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നും മാനസികാരോഗ്യം കൈവരിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കണം. പാഠ്യപദ്ധതിലും ഇത് ഉൾപ്പെടുത്തണം.

#തുടർച്ചയായി പ്രശ്നമുണ്ടാക്കുന്നവരെ കൗൺസലിംഗിന് അയയ്ക്കണം. പെൺകുട്ടികൾക്കും ബോധവത്കരണം നൽകണം.

#പ്രണയത്തിന്റെ പേരിലുള്ള ചെറിയ ഭീഷണികൾ പോലും വീട്ടിൽ തുറന്നുപറയാൻ മക്കൾക്ക് ധൈര്യം നൽകണം.

4 മുൻകരുതലുകൾ

#പ്രണയപ്പകയുടെ ഇരയാവാതിരിക്കാൻ പക്വമായ ബന്ധം തിരഞ്ഞെടുക്കണം, ഒത്തുപോകുന്നില്ലെങ്കിൽ നയപരമായി പിന്മാറണം.

#വൈകാരികമായ ബ്ലാക്ക്‌മെയിലിംഗിനും വ്യക്തിസ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുന്നതിനും കീഴടങ്ങരുത്.

#ഫോൺവിളിയുടെയും സാമൂഹ്യമാദ്ധ്യമ ഉപയോഗത്തിന്റെയും പേരിലുള്ള കലഹങ്ങൾ ജാഗ്രതയോടെ കാണണം

#ഇടയ്ക്കിടെയുള്ള ആത്മഹത്യാഭീഷണികളും ശരീരത്തിൽ മുറിവുണ്ടാക്കി ഭീതിപ്പെടുത്തുന്നതും അപായസൂചനയാണ്.

'സമൂഹം മുൻകരുതലെടുക്കണം'

പ്രണയം നിരസിക്കപ്പെട്ടു എന്ന കാരണത്താൽ സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻ കരുതലുകൾ പൊതുസമൂഹം ഏ​റ്റെടുക്കണം. നിലവിലുള്ള നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യക്കുറവ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുണ്ട്. കുട്ടികൾക്കിടയിലെ വളർച്ചാപരവും സ്വഭാവപരവും വൈകാരികവുമായ വൈകല്യങ്ങൾ, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ തുടക്കത്തിലേ കണ്ടുപിടിക്കാനും ഇടപെടലുകൾ നടത്താനും അധ്യാപകർക്ക് പരിശീലനം നൽകും. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനും ഇത്തരം പ്രശ്നങ്ങളെക്കുറച്ച് മാതാപിതാക്കൾക്ക് കൃത്യമായ അവബോധം നൽകുന്നതിനും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും.

-പിണറായി വിജയൻ

മുഖ്യമന്ത്രി

(നിയമസഭയിൽ പറഞ്ഞത്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOVE MURDERS IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.