SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.21 AM IST

കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ലിൽ രാഷ്ട്രപതി അംഗീകാരം നൽകിയിട്ടും പരിഹരിക്കപ്പെട്ടില്ല ദുരിതമൊഴിയാതെ...

comtrust
തകർന്ന കോംട്രസ്റ്റ് കെട്ടിടം

കോഴിക്കോട്: കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ലിൽ രാഷ്ട്രപതി അംഗീകാരം നൽകി വർഷങ്ങൾ പിന്നിട്ടിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കോമൺവെൽത്ത് ഹാൻഡ്ലൂം തൊഴിലാളികൾ. സർക്കാർ ഭൂമിയും ഫാക്ടറിയും ഏറ്റെടുക്കാത്തതിലും തൊഴിലാളികൾക്ക് നിയമം മൂലം അവകാശപ്പെട്ട തൊഴിലോ മറ്റ് ആനുകൂല്യങ്ങളോ നൽകാത്തതിലും പ്രതിഷേധിച്ചുള്ള കോമൺവെൽത്ത് ഹാൻഡ്ലൂം തൊഴിലാളി സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് നഗരം വീണ്ടും സാക്ഷിയാവുകയാണ്.

ഒരു കാലത്ത് കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കോംട്രസ്റ്റിന് താഴ് വീണിട്ട് 13 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. 2009 ഫെബ്രുവരി ഒന്നിനാണ് നഷ്ടക്കണക്കുകൾ നിരത്തി ഫാക്ടറി പൂട്ടുന്നത്. പിന്നീട് നഗരം സാക്ഷ്യം വഹിച്ചത് ഇടവേളകളില്ലാത്ത തൊഴിലാളി സമരങ്ങൾക്കാണ്. ഉപജീവന മാർഗം ഒന്നുമില്ലാത്ത ഇവർ സർക്കാരിനോട് ആവശ്യപ്പെടുന്നത് അവകാശപ്പെട്ട ആനുകൂല്യങ്ങൾക്ക് വേണ്ടിയാണ്. കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ലിൽ രാഷ്ട്രപതി അംഗീകാരം നൽകിയിട്ട് നാലുവർഷം കഴിഞ്ഞു. എന്നാൽ ഇതുവരെ സർക്കാർ ഈ ഭൂമി ഏറ്റെടുത്തിട്ടില്ല. വിധിയുണ്ടായിട്ടും സർക്കാർ ഭൂമി ഏറ്റെടുക്കലിന് പിന്നിൽ ഭൂമാഫിയയുടെ ഇടപെടൽ ഉണ്ടെന്നാണ് സമരസമിതിയുടെ ആരോപണം. ഭൂമാഫിയയെ അനുകൂലിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ ആരോപിക്കുന്നു. തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും നിഷേധിക്കുകയാണ്. മറ്റ് ജീവിതോപാധികളില്ലാത്ത തൊഴിലാളികൾ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്.

107 തൊഴിലാളികളിൽ 5 പേർ മരിക്കുകയും 30 ശതമാനത്തോളം പേർ പെൻഷൻ പ്രായം കഴിയുകയും ചെയ്തു. കെ.എസ്.ഐ.ഡി.സി മുഖേന ലഭിച്ചുകൊണ്ടിരിക്കുന്ന 5000 രൂപ മരണപ്പെട്ടവർക്കും പെൻഷൻ പ്രായം കഴിഞ്ഞവർക്കും നിഷേധിച്ചിരിക്കുകയാണ്. നിയമം മൂലം അവകാശപ്പെട്ട തൊഴിലോ, ആനുകൂല്യങ്ങളോ നൽകുവാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ തുടർന്നുകൊണ്ടിരിക്കുന്ന സമരം ശക്തമാക്കാൻ തീരുമാനിച്ചത്.കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളായി തകർന്നു വീഴുകയാണ് . വിലകൂടിയ നെയ്ത്തുപകരണങ്ങൾ നശിക്കുന്നു. ഇത് സംരക്ഷിക്കണമെന്നും തുറന്നു പ്രവർത്തിപ്പിക്കണമെന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

കമ്പനി അടച്ചുപൂട്ടിയത് നിയമവിരുദ്ധമാണെന്നും, പൂട്ടിയ അന്നു മുതലുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകണമെന്നും, പെട്ടെന്ന് തൊഴിൽ സ്ഥാപനം തുറന്നു പ്രവർത്തിക്കണമെന്നും ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചത് 2017 ജൂൺ 14നാണ്. ഇതിനെതിരെ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി ഏറ്റെടുക്കൽ ബില്ലിന് അംഗീകാരം നൽകി. തുടർന്ന് കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പക്ഷേ നിയമം നടപ്പാക്കാൻ അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനുവേണ്ടി തിരുവനന്തപുരത്തും കോഴിക്കോടുമായി നിരവധി സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിമാരെയും പ്രതിപക്ഷനേതാവിനെയും നിരവധി തവണ കണ്ട് നിവേദനം നൽകി. ഒരു ചർച്ചയ്ക്കുപോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നും സമരക്കാർ പറയുന്നു.

കോംട്രസ്റ്റ് വിഷയം കോടതിയിൽ: എളമരം കരീം

കോഴിക്കോട്: കോംട്രസ്റ്റ് തൊഴിലാളി സമരം ഗൗരവകരമാണെന്നും കേസ് കോടതിയിലായതിനാലാണ് ഇടപെടാത്തതെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സർക്കാർ ഈ വിഷയം ഗൗരവമായി കണ്ടിട്ടുണ്ട്. കോടതിയിൽ തൊഴിലാളികൾക്കുവേണ്ടി കക്ഷി ചേർന്നിട്ടുമുണ്ട്. കോടതിയിൽ നിന്ന് ഒരു വിധി ഉണ്ടായ ശേഷം സംഘടനാപരമായ ഇടപെടലുകളുണ്ടാവുമെന്നും എളമരം കരീം പറഞ്ഞു.


അനിശ്ചിതകാല സമരം ആരംഭിച്ചു

കോഴിക്കോട്: ഹാൻഡ്ലൂം തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുക, സ്ഥാപനം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോമൺവെൽത്ത് ഹാൻഡ്ലൂം തൊഴിലാളികൾ സംയുക്തസമര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാലസമരം കവി പി.കെ ഗോപി ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്ക് മുമ്പും താൻ ഇതേ ആവശ്യങ്ങൾക്ക് വേണ്ടി കോംട്രസ്റ്റ് തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്തിരുന്നെന്നും ഇന്നും അത് പരിഹരിക്കപ്പെടാതെ ഈ വേദിയിൽ നിൽക്കുന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി വന്നിട്ടും തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് തീരുമാനമാകാത്തത് എന്താണ് മനസ്സിലാകുന്നില്ല. തൊഴിലാളികൾ അഭിമാനത്തോടെ പണിയെടുക്കുന്ന സമൂഹത്തിനാണ് നവോത്ഥാനത്തെപ്പറ്റി പറയാൻ അർഹതയുള്ളൂ. ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ തൊഴിലാളി പ്രശ്നങ്ങളിൽ താനും പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ.സി സതീശൻ അദ്ധ്യക്ഷത വഹിച്ചു. ബി.കെ. പ്രേമൻ (ബി.ടി.പി), അഡ്വ.എം .രാജൻ (ഐ.എൻ.ടി.യു.സി), പി.ശശിധരൻ (ബി.എം.എസ്), കെ.രാജൻ(ജെ.എൽ.യു), എം.മുഹമ്മദ് ബഷീർ (എ.ഐ.ടി.യു.സി), അഡ്വ.മനാഫ് (എസ്.ടി.യു) എന്നിവർ പ്രസംഗിച്ചു. പി.ശിവപ്രകാശ് സ്വാഗതവും ടി.മനോഹരൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.