SignIn
Kerala Kaumudi Online
Friday, 19 April 2024 10.37 AM IST

ചൈനയുടെ വിളയാട്ടങ്ങൾ

photo

ഇന്ത്യയും ചൈനയും തമ്മിൽ നല്ല ബന്ധത്തിലല്ല. അത് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ദോ‌ക്‌ലാമിലും ലഡാക്കിലും കൊവിഡിന്റെ മൂർദ്ധന്യദശയിലുണ്ടായ അതിർത്തി സംഘർഷം ഇനിയും പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഏതു കടന്നുകയറ്റവും തടയാൻ ഇന്ത്യ സർവസജ്ജമായി നിലകൊള്ളുകയാണ്. 1962 അല്ല 2022. ചൈന കണ്ണുരുട്ടിയാൽ പേടിക്കുന്ന കാലം കഴിഞ്ഞുപോയി. ചൈനയ്ക്ക് ഇന്ത്യയുടെ വളർച്ചയിൽ ആശങ്കയുണ്ട്. ഏഷ്യയിലെ എന്നതിനപ്പുറം ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറി അമേരിക്കയ്ക്കും മുമ്പിലെത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യം. അതിലേക്കുള്ള പ്രയാണത്തിലായിരുന്നു ചൈന. അപ്രതീക്ഷിതമായി പ്രകൃതിയെന്ന ശക്തിയുടെ ഒരു തിരിച്ചടി ചൈനയുടെ കടിഞ്ഞാൺ പൊട്ടിച്ചുള്ള പ്രയാണം പിടിച്ചുനിറുത്തിയതുപോലെ തടഞ്ഞു. കൊവിഡ് എന്ന മഹാമാരിയുടെ രൂപത്തിലായിരുന്നു ആ തിരിച്ചടി. മഹാമാരി ഉദ്‌ഭവിച്ചത് ചൈനയിലെ ഒരു ലാബിൽ നിന്നാണെന്ന് ലോകം മുഴുവൻ വിശ്വസിക്കുമ്പോഴും ചൈന സമ്മതിച്ചിട്ടില്ല. കൊവിഡിന്റെ മൂന്നാം വരവാണ് ചൈനയെ ഏറ്റവും പിടിച്ചുലച്ചത്. കർശന നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങിയതായി വാർത്തകൾ വന്നിരുന്നു. രാഷ്ട്രീയ നേതൃത്വത്തിനെതിരെയും വെല്ലുവിളികൾ ഉയരുന്നതായി പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൊവിഡിൽ ചൈനയ്ക്കുണ്ടായ നഷ്ടത്തിന്റെ നേട്ടങ്ങൾ മുഴുവനും ഇന്ത്യയ്ക്ക് ലഭിക്കുമോ എന്ന ഭീതി ചൈനീസ് നേതൃത്വത്തിനുണ്ട്. ഇന്ത്യയുടെ ശക്തി ജനാധിപത്യമാണ്. ചൈനയുടെ ഏകാധിപത്യമാകട്ടെ ആധുനികലോകം അംഗീകരിക്കുന്നതല്ല. ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് മേൽക്കൈ ഉണ്ടാകുമോ എന്ന ഭീതി ചൈനയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ആ അസ്വസ്ഥതയിൽ നിന്ന് ഉടലെടുക്കുന്നതാണ് അതിർത്തിയിലെ സംഘർഷങ്ങൾ. അരുണാചൽപ്രദേശിലെ തവാങ് മേഖലയിലാണ് ഏറ്റവുമൊടുവിൽ ചൈന നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇന്ത്യയുടെ ധീരജവാന്മാർ അവരെ അടിച്ചോടിക്കുകയാണ് ചെയ്തത്. എവിടെ കടന്നുകയറാൻ ശ്രമിച്ചാലും തടയാൻ ഇന്ത്യൻ സേന സജ്ജമാണ്. തവാങിൽ ചൈനയ്ക്ക് ഉചിതമായ തിരിച്ചടി നൽകാനും അതിർത്തിക്കപ്പുറത്തേക്ക് പറഞ്ഞുവിടാനും സാധിച്ചു.

മാനസ സരോവർ ഉൾപ്പെടെ ഇന്ത്യയുടേതായിരുന്ന കിലോമീറ്ററുകൾ കണക്കിന് സ്ഥലം ഇപ്പോഴും ചൈനയുടെ കൈയിലാണ്. അതൊന്നും പോരാതെ വീണ്ടും കൂടുതൽ സ്ഥലം കൈക്കലാക്കാനുള്ള ആർത്തിയും ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള വിദ്യയുമാണ് ചൈന കാണിക്കുന്നത്. ഇന്ത്യയും ചൈനയും ആണവശക്തികളാണ്. അതുകൊണ്ട് തന്നെ ഒരു നേർക്കുനേർ ഏറ്റുമുട്ടലുണ്ടാകാനുള്ള സാദ്ധ്യത ഇല്ലെന്നുതന്നെ പറയാം. പക്ഷേ അതിർത്തിയിലെ ഇത്തരം പ്രകോപനങ്ങൾ വീണ്ടുമുണ്ടാകാം. അത് തടയാൻ ഇന്ത്യയ്ക്ക് കരുത്തുണ്ട്. എന്നാൽ ഇത്തരം സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാൻ നയതന്ത്ര - സൈനിക ചർച്ചകൾ ഇരുരാജ്യങ്ങളും തുടങ്ങിവയ്ക്കുന്നത് നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA CHINA BORDER ISSUE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.