റാന്നി : ഏകത്വവും അനശ്വരതയും കാട്ടിത്തരുന്ന അദ്വൈത ബോധത്തിലേക്ക് ഭക്തരെ ഉയർത്തുന്ന ദർശനമാണ് അയ്യപ്പ ദർശനമെന്ന് അയ്യപ്പ ഭാഗവത സത്രാചാര്യൻ ഹരി വാര്യർ. റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത സത്ര വേദിയിൽ അയ്യപ്പ ഭാഗവതത്തെ അടിസ്ഥാനമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സകലചരാചരങ്ങളിലും നിറഞ്ഞു വിളങ്ങുന്ന ബോധസ്വരൂപാണ് അയ്യപ്പ സ്വാമി. അയ്യപ്പൻ എന്നാൽ അഞ്ചിന്റെയും അപ്പൻ അഥവാ അച്ഛൻ എന്നാണ്. പഞ്ചഭൂതങ്ങളാൽ നിർമ്മിച്ചിട്ടുള്ള സർവ്വചരാചരങ്ങളുടെയും നിലനിൽപ്പിന് ആധാരമായ ബോധസ്വരൂപമാണ് അയ്യപ്പൻ. ഒരു മണ്ഡലകാല വ്രതമെടുത്ത് ഭക്തിയോടെ ശബരിമല ദിവ്യസന്നിധാനത്തേക്ക് പോകുന്ന ഭക്തർ ഈ ഒരു അറിവോടു കൂടി പോയാൽ അവർക്കു തത്വമസി തത്വത്തെ അറിയുവാൻ സാധിക്കും. വ്രതാനുഷ്ഠാനത്തിലൂടെ മനസും ശരീരവും ശുദ്ധീകരിച്ച് അയ്യപ്പമന്ത്രങ്ങളാൽ മനസിനെ ശക്തമാക്കി നല്ലൊരു ജീവിതം കൈവരിക്കുവാൻ അയ്യപ്പദർശനങ്ങൾ നമ്മെ പ്രാപ്തരാക്കുന്നു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവനും വിഷ്ണുവും പോലും മായയിൽ അകപ്പെട്ടു പോയപ്പോഴാണ് അയ്യപ്പൻ ജനിച്ചതെന്നും മായയെ തരണം ചെയ്ത സമ്പൂർണ മുക്തി രൂപമായി മാറിയ പരബ്രഹ്മമാണ് അയ്യപ്പനെന്നും ചിങ്ങോലി ബ്രഹ്മാനന്ദ ശിവപ്രഭാകരസിദ്ധ യോഗ മഠം സന്യാസിനി രാമ ദേവി അമ്മ പ്രഭാഷണത്തിൽ പറഞ്ഞു. സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, രമേശ് മേലുകര, രാധാകൃഷ്ണൻ പെരുമ്പട്ടി, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, ദീപ കൈമൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |