SignIn
Kerala Kaumudi Online
Thursday, 25 April 2024 1.00 PM IST

പാകിസ്ഥാന്റെ വിഭ്രാന്തികൾ

bilawal

ലോകത്ത് ഭീകരർക്കും അവരുടെ സംഘടനകൾക്കും ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാജ്യം പാകിസ്ഥാനാണെന്ന് യു.എൻ വേദികളിൽ വർഷങ്ങളായി ഇന്ത്യ പറയാറുണ്ട്. പാകിസ്ഥാനെ ലോകരാജ്യങ്ങളുടെ മുന്നിൽ അവഹേളിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നാണ് പാകിസ്ഥാൻ തിരിച്ച് പറഞ്ഞിരുന്നത്. ഇന്ത്യ വർഷങ്ങളായി പറഞ്ഞത് സത്യമാണെന്ന് അമേരിക്കയ്ക്ക് പോലും ബോദ്ധ്യപ്പെടാൻ 9/ 11 ആക്രമണവും തുടർന്ന് ലാദന്റെ അബാട്ടാബാദിലെ വധവും വരെ കാത്തിരിക്കേണ്ടിവന്നു. ഇന്ത്യ പറഞ്ഞിരുന്നത് സത്യവും പാകിസ്ഥാൻ പറഞ്ഞിരുന്നത് കള്ളവുമാണെന്ന് അതോടെ ലോകത്തിന് ബോദ്ധ്യപ്പെട്ടു. പുറമെ ജനാധിപത്യ ഭരണമെന്ന് ഘോഷിക്കുമ്പോഴും പാകിസ്ഥാനിൽ എല്ലാ നിർണായക തീരുമാനങ്ങളും എടുക്കുന്നത് സേനയാണ്. പാകിസ്ഥാന്റെ പ്രതിരോധസേന തന്നെയാണ് ഭീകരർക്കും അവരുടെ സംഘടനകൾക്കും അഭയം നൽകുന്നതും. ഇതിലൂടെ സേനയ്ക്ക് നേരിട്ട് ചെയ്യാൻ കഴിയാത്ത പല ആക്രമണങ്ങളും അവർ ഭീകരരിലൂടെ നടത്തുന്നു. പ്രത്യേകിച്ചും ഇന്ത്യയ്ക്ക് എതിരെയുള്ളവ. ഉരുളയ്ക്ക് ഉപ്പേരിപോലെ ഇന്ത്യ തിരിച്ചടിക്കാൻ തുടങ്ങിയതോടെ അത്തരം ശ്രമങ്ങളുടെ തീവ്രത ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഭീകരരെ സംരക്ഷിക്കുന്നതിലൂടെ പലരീതിയിലും പാകിസ്ഥാന് വിദേശപണം ലഭിക്കുന്നുണ്ട്.

പാമ്പിനെ വളർത്തിയാൽ അത് ശത്രുക്കളെ മാത്രമല്ല വളർത്തുന്ന വീട്ടുകാരെയും കടിക്കുമെന്ന് മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റൺ പറഞ്ഞത് അടുത്തിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വീണ്ടും പാകിസ്ഥാനെ ഓർമ്മിപ്പിച്ചിരുന്നു. ലോകം പാകിസ്ഥാനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവർ ആ പ്രതിച്ഛായ മാറ്റി നല്ല അയൽക്കാരാകാൻ ശ്രമിക്കണമെന്നും ജയശങ്കർ യു.എൻ വേദിയിൽ പറഞ്ഞത് പാകിസ്ഥാന് തീരെ രസിച്ചില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് വളരെ തരംതാണ രീതിയിൽ പറഞ്ഞുകൊണ്ടാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പരാമർശത്തിന് മറുപടി നൽകിയത്.

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പോലുള്ള ഒരു മറുപടിയായിപ്പോയി ബിലാവലിന്റേത്. ഇത് സംസ്കാരമില്ലാത്തതും പാകിസ്ഥാനുതന്നെ നാണക്കേടു വരുത്തുന്നതുമാണെന്നാണ് ഇന്ത്യ ബിലാവലിന്റെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് പ്രതികരിച്ചത്. വിദേശകാര്യവകുപ്പും മന്ത്രിയും അതിന്റെ വക്താക്കളും ഇപ്പോൾ സംസാരിക്കുന്നത് കുറിക്കുകൊള്ളുന്ന രീതിയിലാണ്. ഇന്ത്യയുടെ വളർച്ചയും സത്യസന്ധതയുടെ തീക്ഷ്‌ണതയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. പാകിസ്ഥാനാകട്ടെ പഴയമട്ടിൽ കള്ളത്തരങ്ങൾ വിളമ്പുന്നത് തുടരുകയാണ്. എന്നാൽ പാകിസ്ഥാനിൽ ഒളിച്ച് താമസിക്കുന്ന ഭീകരർ ആരെല്ലാമാണെന്നത് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും അറിവുള്ളതാണ്. പാകിസ്ഥാൻ മാത്രമല്ല യു.എന്നിന്റെ അന്താരാഷ്ട്ര വേദികളിൽ ഭീകരരെ ലോക കുറ്റവാളികളായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾക്ക് ചൈന വീറ്റോ പവർ പ്രയോഗിച്ച് തടയിടുകയും ചെയ്യുന്നു.

ഇതൊക്കെ തുറന്നുപറയാൻ ഇന്ത്യ ഇപ്പോൾ മടിക്കുന്നില്ല. മാത്രമല്ല ഇന്ത്യയാണ് സത്യം പറയുന്നതെന്ന് ലോകം തിരിച്ചറിയുകയും ചെയ്യുന്നു. ഇതാണ് പാകിസ്ഥാനെ വിറളിപിടിപ്പിക്കുന്നത്. അതിന്റെ വിഭ്രാന്തിയിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന വാക്കുകൾ ഉടലെടുക്കുന്നത്. ഇതിലൂടെ പാകിസ്ഥാന്റെ പരാധീനതയാണ് കൂടുതൽ വെളിപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PAK MINISTER INSULTED MODI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.