SignIn
Kerala Kaumudi Online
Saturday, 20 April 2024 2.08 AM IST

@ കർഷകർക്ക് കേരളകൗമുദിയുടെ ആദരം കാർഷിക വിളകളുടെ വിലയിടിവിന് വില്ലൻ ഇറക്കുമതി: ലിന്റോ ജോസഫ്

linto
കേരളകൗമുദിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തിരുവമ്പാടി പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച കാർഷിക സെമിനാറും കർഷകരെ ആദരിക്കലും ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കുറഞ്ഞ വിലയിൽ സാധനങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ് കേരളത്തിലെ കാർഷിക വിളകൾക്ക് വിലയിടിയാൻ കാരണമായതെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. അരിയടക്കം പലചരക്ക് -പച്ചക്കറി വ്യഞ്ജനങ്ങളെല്ലാം കൂടുതലായും വരുന്നത് പുറത്തുനിന്നാണ്. അവിടെ ഉത്പാദനച്ചെലവ് കുറവും ഇവിടെ കൂടുതലും. കർഷകർ ഇന്നനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയും ഇതാണെന്ന് ലിന്റോ ജോസഫ് പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് കേരളകൗമുദി തിരുവമ്പാടിയിൽ സംഘടിപ്പിച്ച കർഷക സെമിനാറും കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിളകൾക്ക് ഗണ്യമായ തോതിൽ വിലയിടിഞ്ഞു. സംസ്ഥാന സർക്കാർ കഴിയുന്നതെല്ലാം ഈ മേഖലയിൽ ചെയ്യുന്നുണ്ട്. നിലവിലെ മാർക്കറ്റ് വിലയേക്കാൾ കൂടിയ വിലയിലാണ് സംഭരണം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ നമുക്കുള്ള വിഭവങ്ങൾ നമ്മൾതന്നെ ഉണ്ടാക്കുകയാണെങ്കിൽ വൻകിട കുത്തകകളുടെ ഇറക്കുമതി ഒരു പരിധിവരെ കുറക്കാനാവും. ഓരോ പ്രദേശത്തേയും വിഭവങ്ങൾ വിൽക്കാനുള്ള സൊസൈറ്റികളും കാർഷിക സംഘങ്ങളും കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അദ്ധ്യക്ഷത വഹിച്ചു. കർഷകരുടെ ജീവിതം ദിവസം തോറും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ഈ മേഖലയിൽ ശക്തമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ബാബു പറഞ്ഞു. വിഭവങ്ങൾക്ക് വിലകിട്ടാത്തതിനൊപ്പം വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും നാനാവിധം രോഗങ്ങൾ പെരുകുന്നതും കാർഷിക മേഖലയുടെ നടുവൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


11 കർഷകർക്ക് ആദരം

പ്രതിസന്ധികൾക്ക് നടുവിലും നേട്ടം കൊയ്ത കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 11കർഷകരെ ആദരിച്ചു. ഏഴാംക്ലാസുകാരനായ മികച്ച കുട്ടിക്കർഷകൻ സെബിൻ ലിബിനോയെ ലിന്റോ ജോസഫ് എം.എൽ.എ പൊന്നാടയണിയിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ മാത്യു പേപ്പതിയിൽ, കോടഞ്ചേരിയിലെ ഷാജി കുന്നേൽ, കട്ടിപ്പാറയിലെ കൃഷ്ണൻ വെമ്പാല, പുതുപ്പാടിയിലെ അബു ചിട്ടക്കാട്ടുകുഴിമീത്തൽ, താമരശ്ശേരിയിലെ ജോബിഷ്‌ ജോസ് തുണ്ടത്തിൽ, മടവൂരിലെ അബൂബക്കർ മലയിലത്തോട്ട്, തിരുവമ്പാടിയിലെ സെയ്തലവി പിച്ചൻ, കിഴക്കോത്ത് പഞ്ചായത്തിലെ രാധാകൃഷ്ണൻ മാട്ടുലായിമ്മൽ, ഓമശ്ശേരിയിലെ നവോമി ബാബു പാറേക്കാട്ടിൽ, ക്ഷീരകർക ഷക്കീല കൊയപ്പത്തൊടി എന്നിവർക്കായിരുന്നു ആദരം.
ഡപ്യൂട്ടി ഡയറക്ടർ (അഗ്രികൾച്ചറൽ) സി.ആർ. രശ്മിയും ജനപ്രതിനിധികളും കർഷകർക്ക് ഉപഹാരങ്ങൾ കൈമാറി. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ നിരവധിയാണെന്നും അവ അടുത്തറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാരും കൃഷിവകുപ്പും നടത്തുന്നതെന്നും സി.ആർ. രശ്മി പറഞ്ഞു. കാർഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പേരാമ്പ്ര സീഡ് ഫാം സ്റ്റേറ്റ് അസി.ഡയറക്ടർ പി.പ്രകാശൻ ക്ലാസെടുത്തു. ഉദ്പാദനം ശാസ്ത്രീയമാക്കുകയും വിഭവങ്ങളുടെ വിപണി സുതാര്യമാക്കുകയും ചെയ്താലെ കർഷകർക്ക് അർഹിക്കുന്ന വില കിട്ടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കർഷകർ ഉത്പാദിപ്പിക്കുകയും വിപണി ഇടനിലക്കാർ കൈയടക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. ആ സാഹചര്യം മാറണമെന്നും പ്രകാശൻ പറഞ്ഞു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധിഖലി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം.രാധാകൃഷ്ണൻ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്, എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ സെക്രട്ടറി പി.എ.ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ സ്വാഗതവും കൃഷിവകുപ്പ് അസി.ഡയറക്ടർ ഡോ. പ്രിയ മോഹൻ നന്ദിയും പറഞ്ഞു. മികച്ച കർഷകർക്കുള്ള പ്രത്യേക ഉപഹാരം സ്‌പോൺസർ ചെയ്ത ലിയോറ ഗോൾഡ് ആൻഡ് ഡയമണ്ട് എം.ഡി ദിലീപും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.