SignIn
Kerala Kaumudi Online
Friday, 26 April 2024 2.20 AM IST

ഇലോൺ മസ്‌ക് എന്ന സ്വപ്നവ്യാപാരി

elon-musk

ഇലോൺ മസ്‌ക് എന്ന ശതകോടീശ്വര വ്യവസായി, വലിയ സ്വപ്നങ്ങളുടെ വ്യാപാരി കൂടിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടുവർഷം മുമ്പ് അദ്ദേഹത്തിന്റെ സ്‌പേസ് എക്സ് എന്ന കമ്പനി നാസയിലെ രണ്ടു വിദഗ്ദ്ധരെ ബഹിരാകാശത്തെ അന്താരാഷ്ട്രനിലയത്തിലെത്തിച്ചു. പിന്നീട് ഷട്ടിൽ സർവീസ് പോലെ കൂടുതൽ ബഹിരാകാശ ശാസ്ത്രജ്ഞരെ ഈ നിലയത്തിൽ ഇറക്കുകയും ചെയ്തിരുന്നു. വരുന്നവർഷം, ജപ്പാനിലെ ഒരു ധനാഢ്യനെ ചന്ദ്രനിലെത്തിച്ചുകൊണ്ട് അവിടേക്കുള്ള വിനോദയാത്രകൾക്ക് ആരംഭം കുറിക്കാനുള്ള യജ്ഞങ്ങൾ തകൃതിയിൽ പുരോഗമിക്കുന്നു. മറ്റൊരു സ്വപ്നപദ്ധതി, ചൊവ്വഗ്രഹത്തിൽ ഒരു സ്ഥിരം കോളനി സ്ഥാപിച്ച് അവിടേക്ക് പ്രത്യേകം തയ്യാറാക്കിയ പേടകത്തിൽ മനുഷ്യരെ എത്തിക്കാനും പാർപ്പിക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ്. ട്വിറ്ററിന്റെ ഉടമസ്ഥത ഏറ്റെടുത്ത മസ്‌കിന്റെ വലിയ മോഹം ആ സമൂഹമാദ്ധ്യമ തട്ടകത്തെ 'സർവസൗകര്യങ്ങൾക്കുമുള്ള ആപ്പ് ' എന്ന നിലയിലേക്ക് വികസിപ്പിക്കുകയാണ്. ഇതിനൊക്കെ പുറമേയാണ്, മനുഷ്യജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനായി നാഡീവ്യൂഹ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരുമടങ്ങുന്ന അദ്ദേഹത്തിന്റെ സ്ഥാപനമായ ന്യൂറോ ലിങ്ക്, ആറുവർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണവികസന ദൗത്യങ്ങൾ. മസ്തിഷ്‌കത്തെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള പരിശ്രമങ്ങൾ ഉദ്ദേശലക്ഷ്യത്തിൽ എത്തിയാൽ വന്നുചേരാൻ പോകുന്നത് അന്ധർക്ക് കാഴ്ചയും തളർവാതം ബാധിച്ചവർക്ക് ചലനസഹായവും പോലുള്ള സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരിക്കും. കഴിഞ്ഞാഴ്ച ന്യൂറോ ലിങ്കിന്റെ പ്രവർത്തന നേട്ടങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് മസ്‌ക്‌ പറഞ്ഞത് ആദ്യവിജയം ആറുമാസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ്.

മസ്തിഷ്‌കവും കമ്പ്യൂട്ടർ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ സങ്കേതവുമായുള്ള (വയർലെസ്) സംഗമം ഒരുക്കാൻ കെൽപ്പുള്ള ഒരു കണ്ണി വികസിപ്പിച്ചെടുക്കുന്നതും അത് തലച്ചോറിൽ പറിച്ചു നടുന്നതുമാണ് ഈ ദൗത്യത്തിൽ നിർണായകമാകുന്നത്. ന്യൂറോ ലിങ്ക് കമ്പനിയുടെ പ്രവർത്തനങ്ങളും മസ്‌കിന്റെ പ്രഭാഷണവും ഉൾപ്പെട്ട ഒരു വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ കമ്പനി രൂപകൽപ്പന നടത്തിയതും വികസിപ്പിച്ചെടുത്തതുമായ ഒരു നാണയ വലിപ്പത്തിലുള്ള ചിപ്പ് മുഖേനയാണ് മസ്തിഷ്‌കവും പുറത്തുള്ള ഡിജിറ്റൽ ഉപകരണവുമായുള്ള സമ്പർക്കമുഖം സജ്ജമാക്കിയിരിക്കുന്നത്. നിർമ്മിതബുദ്ധിയാൽ ശാക്തീകരിക്കപ്പെട്ട കുഞ്ഞ് ഉപകരണമാണിത്. തലയോട്ടിയിൽ ഘടിപ്പിക്കുന്ന ചിപ്പിലെ അതിസൂക്ഷ്മ നാരുകൾ (ഇലക്ട്രോഡ്സ്) ഒരു റോബോട്ടിക് സർജറിവഴി മസ്തിഷ്‌കത്തിലെ ചലനങ്ങൾ നിയന്ത്രിക്കുന്ന ഭാഗത്ത് തുന്നിച്ചേർക്കുന്നു. ഇലക്ട്രോഡുകളാൽ ബന്ധിപ്പിക്കപ്പെട്ട ചിപ്പിന്, ന്യൂറോണുകൾ പുറപ്പെടുവിക്കുന്ന സന്ദേശങ്ങൾ വായിക്കാൻ കഴിയും. ന്യൂറോണുകൾ വഴിയാണ് ശരീരത്തിലെ മസിലുകൾക്കും നാഡികൾക്കും നിർദ്ദേശങ്ങൾ ലഭിക്കുന്നതും അതിനനുസരണമായി അവ പ്രവർത്തിക്കുന്നതും. തലച്ചോറുമായി യോജിപ്പിക്കപ്പെട്ട ചിപ്പും കമ്പ്യൂട്ടറുമായുള്ള വയർലെസ് സമ്പർക്കത്തിലൂടെ നാഡീസംബന്ധമായ തകരാറുകൾ സംഭവിച്ചവർക്കുപോലും തങ്ങളുടെ ഇച്ഛയ്ക്ക് അനുസരണമായി കമ്പ്യൂട്ടർ, ഡിജിറ്റൽ ഉപകരണങ്ങൾ, റോബോട്ടിക് അവയവങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ കഴിയുന്നു. പുത്തൻ സാങ്കേതികവിദ്യയിലൂടെ ആദ്യം രണ്ട് സത്ഫലങ്ങളാണ് മസ്‌ക്‌ ലക്ഷ്യമിടുന്നത്. ഒന്ന്, നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചു നൽകുക; രണ്ട്, ശരീരത്തിലെ മസിലുകളുടെ പ്രവർത്തനം പൂർണമായോ ഭാഗികമായോ നിലച്ചവർക്ക് സഹായഹസ്തം എത്തിക്കുക. അതിനുശേഷമുള്ള ലക്ഷ്യം വൈദ്യേതര സൗകര്യങ്ങൾക്ക് വേണ്ടി ഈ സങ്കേതം ഉപയോഗക്ഷമമാക്കുക എന്നതാണ്. ഒരു ചിപ്പ് സ്വന്തം തലച്ചോറിൽത്തന്നെ ഘടിപ്പിക്കുമെന്നാണ് മസ്‌‌ക് പറയുന്നത്. പുതിയ സാങ്കേതികവിദ്യയുടെ മേന്മകൾ മസ്‌ക് അവതരിപ്പിച്ചതിന് പിന്നാലെ അതിലെ പോരായ്‌കൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പരാമർശങ്ങളും വന്നിരുന്നു.
അദ്ദേഹത്തിന്റെ കമ്പനി ഈ രംഗത്ത് വരുന്നതിന് വളരെ മുൻപ് തന്നെ മസ്തിഷ്‌കവും കമ്പ്യൂട്ടറും സംയോജിപ്പിക്കാനുള്ള ഉദ്യമങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴും മറ്റ് സംരംഭകരും ഗവേഷകരും ഈ വഴിക്കുള്ള യജ്ഞങ്ങളിൽ സജീവമാണെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ സാങ്കേതികവിദ്യയുടെ ഹാർഡ് വെയർമേഖലയിൽ ന്യൂറോ ലിങ്കിന് ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സോഫ്‌ട് വെയർ കാര്യത്തിൽ ഇനിയും മുന്നോട്ട് പോകണമെന്ന നിർദ്ദേശവും വരുന്നുണ്ട്. മസ്‌കിന്റെ കമ്പനിക്ക് പുതിയ സാങ്കേതികവിദ്യ ഇതുവരെ പരീക്ഷിക്കാൻ കഴിഞ്ഞത് കുരങ്ങന്മാരിൽ മാത്രമായിരുന്നതും, മനുഷ്യരിൽ അത് പരീക്ഷിക്കുന്നത് അത്ര എളുപ്പമല്ലെന്ന വസ്തുതയും ഉയർത്തിക്കാട്ടുന്നുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ പരിശോധനയ്ക്ക് ശേഷം, അപകടസാദ്ധ്യതകൾ പൂർണമായും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ബോദ്ധ്യമായാലേ മനുഷ്യരിലുള്ള പരീക്ഷണത്തിന് അനുമതി ലഭിക്കൂ. എന്നാൽ അനുമതിക്ക് വേണ്ട ഒട്ടുമിക്ക രേഖകളും ബന്ധപ്പെട്ട സമിതികൾക്ക് ഇതിനകം സമർപ്പിച്ചുവെന്ന് അറിയിച്ച മസ്‌ക്‌ വൈകാതെ തന്നെ അനുവാദം ലഭിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും നന്മകൾ വിതറാൻ സാദ്ധ്യതയുള്ള കമ്പനിയുടെ കണ്ടുപിടിത്തം പ്രതിബന്ധങ്ങൾ മറികടന്ന് ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELON MUSK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.