SignIn
Kerala Kaumudi Online
Friday, 26 April 2024 12.23 AM IST

പൊതുമുതൽ നശിപ്പിക്കുമ്പോൾ

photo

പ്രതിഷേധം വരുമ്പോൾ നശിപ്പിക്കാനുള്ളതാണ് പൊതുമുതൽ എന്ന പൊതുധാരണ ഇവിടെ സൃഷ്ടിച്ചത് രാഷ്ട്രീയകക്ഷികളാണ്. അതിൽ നിറഭേദമില്ലാതെ എല്ലാകക്ഷികളും ഉൾപ്പെടുന്നു. പ്രത്യേകിച്ചും വിവിധ കക്ഷികളുടെ യുവജന സംഘടനകൾ. ബസുകൾ അടിച്ച് തകർക്കാതെ ഒരു പ്രതിഷേധവും പൂർത്തിയാകാറില്ല. പഴയകാലത്ത് ഇത്തരം കുറ്റങ്ങൾക്ക് പേരിന് കേസെടുക്കുകയും കുറെവർഷം കഴിയുമ്പോൾ വെറുതേ വിടുകയും ചെയ്യുമായിരുന്നു. ശിക്ഷ ഉണ്ടാകില്ലെന്ന തോന്നലാണ് ഇത്തരം അക്രമപ്രവർത്തനങ്ങൾ ഉത്തരവാദപ്പെട്ട പാർട്ടികൾതന്നെ ആവർത്തിക്കാൻ കാരണമായത്. വിദ്യാലയങ്ങളിൽ പഠിക്കുമ്പോൾ തന്നെ പൊതുമുതൽ നശിപ്പിക്കുന്നതിൽ പരിചയം നേടാനാണ് കുട്ടിനേതാക്കൾ ശ്രമിക്കാറുള്ളത്. നിയമങ്ങൾ കർശനമായപ്പോൾ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാലും ഒാരോ വർഷവും നടത്തപ്പെടുന്ന ഹർത്താലിന്റെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല.

ഹർത്താലുകളിൽ ചെറുതും വലുതുമായ അക്രമങ്ങൾ പതിവാണ്.

മുൻകൂട്ടി ആഹ്വാനം ചെയ്യാതെ ഹർത്താൽ നടത്തരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കിലും അതൊന്നും മിക്കവരും പാലിക്കാറില്ല. ഇങ്ങനെയുള്ള ഉത്തരവ് ലംഘിച്ചുകൊണ്ടാണ് പോപ്പുലർ ഫ്രണ്ട് സെപ്‌തംബർ 23ന് മിന്നൽ ഹർത്താൽ നടത്തിയത്. വ്യാപകമായ അക്രമസംഭവങ്ങളാണ് അന്ന് അരങ്ങേറിയത്. തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അക്രമസംഭവങ്ങളിൽ നഷ്ടപരിഹാരമായി 5.20കോടി രൂപ ഇൗടാക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ യാതൊരു ശുഷ്കാന്തിയും കാട്ടിയില്ലെന്ന് മാത്രമല്ല ഒരു നടപടിക്കും തുടക്കം കുറിച്ചതുമില്ല. ഇത് കോടതിയെ ചൊടിപ്പിച്ചു. തുടർന്ന് റവന്യൂ റിക്കവറി നടപടികൾ എന്ന് പൂർത്തിയാക്കുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്‌മൂലവുമായി 23ന് ആഭ്യന്തരവകുപ്പ് അഡിഷണൽ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. റവന്യൂ റിക്കവറി നടപടികൾ ജനുവരി 31നകം പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. നഷ്ടപരിഹാരം ഇൗടാക്കേണ്ടത് കേസിൽ പ്രതികളായവരിൽ നിന്നാണ്. അത് ഇൗടാക്കിയാൽ അടുത്ത തവണ അക്രമത്തിന് മുതിരുന്നവർ രണ്ടാമതൊന്ന് ആലോചിക്കാതിരിക്കില്ല. സ്വയം ചിന്തിക്കുന്നവരെങ്കിലും മാറിനിൽക്കും. അല്ലെങ്കിൽ അക്രമത്തിലുണ്ടാകുന്ന നഷ്ടം പാർട്ടി നികത്താമെന്ന് മുൻകൂർ ഉറപ്പ് നൽകേണ്ടിവരും. ഇതൊന്നും നടക്കുന്ന കാര്യമല്ല. അതിനാൽ അക്രമം നടത്താതെയും പ്രതിഷേധങ്ങൾ വിജയിപ്പിക്കാമെന്ന മാർഗം സ്വീകരിക്കാൻ സമരക്കാർ നിർബന്ധിതരാകും. പൊതുമുതൽ എന്നത് ഭരിക്കുന്ന മുന്നണികളുടെ സ്വത്തല്ല. അത് ഒാരോ പൗരനും അവകാശപ്പെട്ട സ്വത്താണ്. ഇത്തരമൊരു പൗരബോധം വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് പകർന്ന് നൽകാറില്ല. പൊതുമുതൽ നശിപ്പിച്ചാൽ സ്വന്തം മുതൽ പോകുമെന്ന് വന്നാലേ ഇത് അവസാനിക്കൂ. അതിനാൽ കോടതിയുടെ ഭാഗത്തുനിന്ന് യാതൊരു ഇളവും ഇക്കാര്യത്തിൽ ഉണ്ടാകാനിടയില്ല. റിക്കവറി നടപടി എടുക്കാൻ റവന്യൂ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർക്ക് റിക്കവറി നടത്താൻ താത്‌പര്യമില്ലെങ്കിൽ സ്വന്തം ശമ്പളത്തിൽനിന്ന് നൽകിയാലും മതി. പൊതുജനങ്ങളെ സംബന്ധിച്ച് 5.20കോടിരൂപ നഷ്ടപരിഹാരം ലഭിക്കണം. ഇത് നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ വീഴ്ചവരുത്തിയാൽ അവരിൽനിന്ന് ഇൗടാക്കിയാലും മതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PREVENTION OF PUBLIC PROPERTY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.