SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.55 PM IST

കൈക്കൂലി കേസിൽ ശിക്ഷിക്കാൻ സാഹചര്യത്തെളിവ് ധാരാളം

photo

കൈക്കൂലിക്കേസിൽ സർക്കാർ ഉദ്യോഗസ്ഥനെ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോ ഓ‌ടിച്ചിട്ട് പിടികൂടിയെന്ന വാർത്ത സ്ഥിരം പല്ലവിയാണ്. മാസത്തിലൊരു പഞ്ചായത്ത് സെക്രട്ടറിയെങ്കിലും കുടുങ്ങുന്നെന്ന് പറഞ്ഞാലും തീരെ അതിശയോക്‌തിയില്ല. എന്നാൽ, ഇവരിൽ എത്രപേർ ശിക്ഷിക്കപ്പെട്ടെന്ന് ചോദിച്ചാലോ വിരലിലെണ്ണാവുന്നവർ മാത്രമെന്നാണ് ഉത്തരം ! വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ പലരും രക്ഷപ്പെടുന്നെന്ന് കേസുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇത്തരക്കാർക്കുള്ള കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി അഞ്ചംഗ ഭ‌രണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.

പ്രത്യക്ഷതെളിവില്ലെങ്കിലും കൈക്കൂലിക്കേസിൽപ്പെട്ട ഉദ്യാേഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന പൊതുസേവകരെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അഴിമതി തടയൽ നിയമത്തിന്റെ പരിധിയിൽ ശിക്ഷിക്കാൻ നേരിട്ടുള്ള തെളിവ് വേണമെന്ന വ്യവസ്ഥ സാഹചര്യത്തെളിവുകൾകൊണ്ട് പരിഹരിക്കാമെന്ന് ചുരുക്കം. നേരിട്ടുള്ള വെളിവുണ്ടാകാതിരിക്കുകയോ പരാതിക്കാരൻ മരിച്ചു പോകുകയോ മറ്റ് കാരങ്ങൾ മൂലം തെളിവ് നൽകാതിരിക്കുകയോ ചെയ്‌താലും കുറ്റവിമുക്തനാക്കരുത്. പകരം മറ്റ് രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ തുടരാം. സാഹചര്യത്തെളിവുകൾ ശക്തമെങ്കിൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന് വ്യക്തം. ഇക്കാര്യത്തിൽ അടിസ്ഥാന വസ്‌തുതകൾ കോടതിക്ക് ബോദ്ധ്യപ്പെടണമെന്ന് മാത്രം. അനധികൃതമായി പണം പറ്റിയെന്ന് മനസിലാക്കാൻ സാഹര്യത്തെളിവുകൾ വച്ചുള്ള അനുമാനം മതിയാകും. കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവിന്റെ അഭാവം, നേരിട്ടുള്ളതോ പ്രാഥമികമോ ആയ തെളിവില്ലാത്ത സാഹചര്യം എന്നീ ഘട്ടങ്ങളിൽ പ്രോസിക്യൂഷൻ നൽകുന്ന മറ്റ് തെളിവുകളെ അടിസ്ഥാനമാക്കി കുറ്റം ചാർത്താൻ കഴിയും. ഇത്രയുംകാലം കൈക്കൂലി കേസുകളിൽ ഒരു കോടതിയും സാഹചര്യത്തെളിവുകൾ കാര്യമായി പരിഗണിച്ചിരുന്നില്ല. വിചാരണവേളയിൽ കോടതിക്ക് മുന്നിൽ മതിയായ തെളിവുകൾ ഹാജരാക്കാതിരിക്കുമ്പോൾ സ്വാഭാവികമായും കേസ് തള്ളി പോകുന്നതായിരുന്നു രീതി. ചില കേസുകളിൽ മാത്രമായിരിക്കും അപ്പീലുകളും ഉണ്ടാകുക. ആ പരമ്പരാഗത നിയമവ്യവസ്ഥയ്‌ക്കാണ് സുപ്രീംകാേടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെ മാറ്റം വരുന്നത്.

അതേസമയം, പ്രാഥമിക തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്‌ക്കപ്പെട്ട പ്രതികളുടെ കാര്യത്തിൽ നിയമപോരാട്ടങ്ങൾക്ക് കൂടി വഴിവയ്‌ക്കുന്നതാണ് ഈ വിധി. ഡൽഹി സർക്കാരിലെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട കൈക്കൂലി കേസിനെതിരായ അപ്പീൽ ഹർജിയിൽ ഉയർന്ന നിയമപ്രശ്‌നങ്ങൾ ഭരണഘടനാ ബെഞ്ചിലേക്കെത്തിയത് വിഷയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ആവശ്യപ്പെടാതെ ലഭിക്കുന്ന കൈക്കൂലി പൊതുപ്രവർത്തകരോ ഉദ്യോഗസ്ഥരോ സ്വീകരിക്കുന്നതും കുറ്റകരമാണെന്ന് വിധിയിൽ കോട‌തി പറയുന്നു. അഴിമതി തടയൽ നിയമം പരിഗണിക്കപ്പെടുമ്പോൾ സാഹചര്യത്തെളിവുകൾക്കും തുല്യപരിഗണന നൽകണമെന്നാണ് കോടതി പറഞ്ഞുവയ്‌ക്കുന്നത്. അഴിമതിയും കൈക്കൂലിയും തടയാൻ രാജ്യത്തെമ്പാടും പലവിധ ക്രമീകരണങ്ങൾ സംസ്ഥാന സർക്കാരുകൾ കൊണ്ടുവരുന്നുണ്ട്. എന്നിട്ടും കൈക്കൂലി കേസുകളിൽ തീരെ കുറവില്ല. കേസ് കോടതികളിലെത്തുമ്പോൾ മിക്കവരും രക്ഷപ്പെടുന്നതാണ് ഇത്തരം കേസുകൾ ആവർത്തിക്കാൻ കാരണം. അഴിമതിയിൽ മുങ്ങിക്കുളിച്ച ചില ഉദ്യോഗസ്ഥർക്ക് കേസുകൾ പുത്തരിയല്ല. കുറച്ചു നാളെത്തെ സസ്‌പെൻഷൻ കഴിഞ്ഞ് ഇവർ വീണ്ടും സർവീസിലെത്തുകയും കൈക്കൂലി ചോദിച്ചു വാങ്ങുന്നത് നിർബാധം തുടരുകയും ചെയ്യുന്നു. ഇതിന് തടയിടാൻ ഒരു ഭരണകൂടത്തിനോ നിയമവ്യവസ്ഥയ്‌ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്തിനും ഏതിനും കൈക്കൂലി വാങ്ങുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പും കൂടിയാണ് സുപ്രീംകോടതി വിധി. സാഹചര്യത്തെളിവുകൾ മാത്രം മതിയെന്ന് പറയുമ്പോൾ മറ്റൊരുവശം കൂടി പരിശോധിക്കണം. ചിലപ്പോൾ ഈ വിധിയെ ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രതയും സൂക്ഷ്മതയും അനിവാര്യമാണ്.

ദിനംപ്രതി കൈക്കൂലി കേസുകൾ വർദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇതിൽ പിടിക്കപ്പെടുന്നത് ചെറിയൊരു അംശം മാത്രമാണ്. കാര്യങ്ങൾ നേടിയെടുക്കാനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്നവരാണ് വിജിലൻസിനെ സമീപിക്കുന്നത്. അവർ ഒരുക്കുന്ന കെണിയിൽ ഉദ്യോഗസ്ഥർ കുടുങ്ങുന്നതാണ് സംസ്ഥാനത്തെ കൈക്കൂലി കേസുകളുടെ പൊതുസ്വഭാവം. കഴിഞ്ഞ നാലുവർഷത്തെ കേസുകൾ പരിശോധിച്ചാൽ ഇത്തരം സംഭവങ്ങളുട‌െ ഗ്രാഫ് മുകളിലേക്ക് തന്നെയാണ്. വിജിലൻസിന്റെ കെണിയിൽ വീഴുന്ന ഉദ്യോഗസ്ഥരെ ഉടൻ സസ്‌പെൻഡ് ചെയ്യുമെന്നതാണ് പ്രധാന പ്രത്യേകത. ഇത്തരക്കാർ ഒരു വർഷമെങ്കിലും സസ്‌പെൻഷനിൽ തുടരുമെന്ന് റിവ്യൂകമ്മിറ്റി ഉറപ്പാക്കും. വിജിലൻസിന്റെ മിന്നൽ പരിശോധനകളിലാണ് അടുത്തതായി ഉദ്യോഗസ്ഥർ കുടുങ്ങുന്നത്. ഇത് സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനകളായിരിക്കാം. ഇത്തരം കേസുകളിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെങ്കിൽ ഒട്ടനവധി നടപടിക്രമങ്ങൾ പാലിക്കപ്പെടണം. കേസ് കോടതിയിൽ വരുമ്പോൾ പലപ്പോഴും തെളിവുകളുടെ അഭാവം പലരും രക്ഷപ്പെടാൻ ഇടയാക്കുന്നു.

അഴിമതിയുടെയും കൈക്കൂലിയുടെയും വേരറുക്കാൻ ശക്തമായ ഇടപെടലുകൾ നടത്തേണ്ട കാലം കൂടിയാണിത്. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായ കൈക്കൂലിക്കേസുകളിൽ ശിക്ഷ ഉറപ്പാക്കാൻ പരാതിക്കാരന്റെയും പ്രോസിക്യൂഷന്റെയും ആത്മാർത്ഥ ശ്രമം അത്യന്താപേക്ഷിതമാണ്.

പരിധിയില്ലാത്ത അഴിമതി സർക്കാർ സ്ഥാപനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവമതിപ്പിന് കാരണമാകും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ജോലിയോടുള്ള ആത്മാർത്ഥതയും ഇല്ലാതാകും. സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസുകളിൽ കുടുക്കുന്ന കളങ്കിതരായ ഉദ്യോഗസ്ഥരും പല കോണുകളിലുമുണ്ട്. അധികാരത്തിന്റെ ഇടനാഴികളിൽ കറങ്ങി നടക്കുന്ന വലിയൊരു ലോബിയുടെ ഭാഗമാണ് ഈ കളങ്കിതരായ ഉദ്യോഗസ്ഥർ. ഇവർക്ക് രാഷ്‌ട്രീയ പിൻബലവും വലിയൊരു പിന്തുണയാണ്. ഇവർക്കെല്ലാമുള്ള ഒരു മുന്നറിയിപ്പ് കൂടിയായി സുപ്രീംകോടതി വിധിയെ വിശേഷിപ്പിക്കാം.

നേരത്തെ പരാമർശിച്ചതു പാേലെ ഇതിനു മുമ്പ് കൈക്കൂലി കേസിൽ വിട്ടയയ്‌ക്കപ്പെട്ടവരെ പുതിയവിധി ഏതുവിധത്തിൽ ബാധിക്കുമെന്ന് കാത്തിരുന്ന കാണേണ്ടതാണ്. നിയമപോരാട്ടങ്ങൾക്ക് വഴിവയ്‌ക്കുമെങ്കിലും കൈക്കൂലി കേസിൽ കുറച്ചുകൂടി വ്യക്തത വരുന്നത് നല്ലതാണ്. കൈക്കൂലി സമൂഹത്തിൽനിന്ന് തുടച്ചു നീക്കപ്പെടേണ്ടതാണ്. ഈ നീക്കം വലിയൊരു പോരാട്ടത്തിന്റെ ഭാഗം കൂടിയാണ്. പറച്ചിലുകളല്ലാതെ ശക്തമായ നപടികളുമായി മുന്നോട്ടു പോയാൽ പടർന്നുപിടിച്ച ഈ രോഗത്തെ തുടച്ചു നീക്കാൻ കഴിയും. ഒരു മറിയുമില്ലാതെ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരികയും അവർക്ക് മതിയായ ശിക്ഷ ഉറപ്പാക്കുകയും വേണം. അതിന് സുപ്രീംകോട‌തിയുടെ പുതിയ വിധി തുണയാകുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUNISHMENT OF CORRUPTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.