SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.56 PM IST

അവരുടെ വസ്ത്രം അവരുടെ മാത്രം സൗകര്യമാണ്

photo

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ എന്ന സിനിമയിലെ 'ബേഷരം റംഗ്' എന്നു തുടങ്ങുന്ന ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയായതിനാൽ സാമൂഹ്യമാദ്ധ്യമങ്ങളിലും പുറത്തും നടക്കുന്ന വിവാദങ്ങൾ ചെറുതല്ല. ഗാനത്തിനെതിരെ മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തംമിശ്ര രംഗത്ത് വന്നതിന് പിന്നാലെ പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി പ്രതിഷേധങ്ങൾ ശക്തമായി ഉയർന്നുവന്നിരിക്കുകയാണ്. ആ ഗാനത്തിൽ കാവി ബിക്കിനി ധരിച്ച് അഭിനയിക്കുമ്പോൾ ദീപികയോ അത് ചിത്രീകരിച്ച സംവിധായകനോ പോലും സമൂഹത്തിൽ ആ വേഷം വർഗീയ ധ്രുവീകരണത്തിന് വഴിവയ്‌ക്കുമെന്ന് ചിന്തിച്ച് പോലുമുണ്ടാവില്ല.

അടുത്തിടെ സ്ലീവ്‌ലെസ് വ‌സ്ത്രം ധരിച്ച് റോഡിലിറങ്ങിയ പെൺസുഹൃത്ത് പറഞ്ഞത് തുറിച്ചുനോട്ടങ്ങളുടെ ഒരു നീണ്ടപട്ടികയെക്കുറിച്ചാണ്.

മാന്യമായി വസ്ത്രം ധരിക്കാത്തതെന്ന് നമുക്ക് തോന്നുന്ന സ്ത്രീയെ 'ചീത്ത' എന്നു മുദ്രകുത്താൻ വളരെ എളുപ്പമാണ്. എന്നാൽ വസ്ത്രത്തിലെ മാന്യതയെക്കുറിച്ച് നാം വച്ചുപുലർത്തുന്ന ധാരണകൾ എത്രത്തോളം പൊള്ളയാണെന്നറിയാൻ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മതി. വസ്ത്രധാരണത്തിലെ ഇരട്ടസദാചാരവും ഇന്നത്തെ സ്ത്രീയ്‌ക്ക് തങ്ങളുടെ ശരീരങ്ങളെക്കുറിച്ചുള്ള അധമബോധവും അവൾക്കുമേൽ അടിച്ചമർത്തപ്പെട്ടതാണ്.

ശരീരം സ്‌ത്രീകൾക്ക് ഭാരമായി മാറുന്ന ഒരു കാലമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സ്ത്രീകൾ സ്വന്തം ശരീരത്തെ എത്ര മൂടണം, എങ്ങനെ കൊണ്ടുനടക്കണം എന്നിവയെ സംബന്ധിച്ച് അലിഖിത നിയമം നിലനിൽക്കുന്ന നാടാണ് കേരളമെന്ന് പറഞ്ഞാൽ തള്ളിക്കളയാനാകില്ല. അലിഖിതനിയമങ്ങളെ കൂട്ടാക്കാത്ത സ്ത്രീകൾക്ക് 'ശരീരപ്രദർശനം നടത്തുന്നു', 'കുഴപ്പം വിളിച്ചുവരുത്തുന്നു' എന്നുതുടങ്ങി പല ആരോപണങ്ങളും കേൾക്കേണ്ടിവരും.

'സാരിക്കിടയിലൂടെ വയർ കാണുന്നല്ലോ', 'ഷാൾ സ്ഥാനത്തുതന്നെയല്ലേ', 'ടോപ്പ് ഇറങ്ങിക്കിടപ്പുണ്ടോ', ഇങ്ങനെ പല പരിശോധനകളും സ്വയം നടത്തിയശേഷമാണ് മലയാളിസ്ത്രീ വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നത്. കോളേജ്, ജോലിസ്ഥലം ഇവിടെയെല്ലാം ഈ പരിശോധനകൾ ആവർത്തിക്കപ്പെടേണ്ടി വരും. പെണ്ണിന്റെ ഉടുപ്പിനും ബ്ലൗസിനും കഴുത്തിറക്കം കൂടിപ്പോയെന്ന് പറയുന്നവൻ പലപ്പോഴും ഇറുകിയ ജീൻസോ കണ്ണാടിപോലെ സുതാര്യമായ മുണ്ടോ ഉടുത്തിട്ടായിരിക്കും കമന്റ് പാസാക്കുക. പെണ്ണിനുമേൽ അടിച്ചേൽപ്പിക്കുന്ന 'വസ്ത്രസദാചാരം' ആണുങ്ങൾക്കു ബാധകമല്ലെന്ന വിശ്വാസത്തിലാണ് വഷളൻ നോട്ടങ്ങളും കമന്റുകളും രൂപപ്പെടുന്നത്.

ഒരു സ്ത്രീ തന്റെ ഇഷ്‌ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നതിലും ജീവിക്കുന്നതിലും മറ്റൊരാൾ ഇടപെടുമ്പോൾ ആരുടെ ഭാഗത്തായിരിക്കും സമൂഹം ന്യായം കണ്ടെത്തുന്നത്?

എന്തുകൊണ്ടാണ് സ്ത്രീശരീരം ഒരു ലെെംഗിക വസ്‌തുവായി മാത്രം എപ്പോഴും പരിഗണിക്കപ്പെടുന്നത്? സ്ത്രീശരീരം കേവലം ലെെംഗികവസ്‌തു മാത്രമായി പരിഗണിക്കപ്പെടുന്നതിന്റെ സാമൂഹികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ മനസിലാക്കിയാൽ അതിനുള്ള പരിഹാരവും വളരെ എളുപ്പമാണ്. തുറിച്ചുനോട്ടങ്ങൾക്കിടയിലൂടെ ജാഗരൂകരായി നടക്കണമെന്ന് പെൺകുട്ടികളെ പഠിപ്പിക്കുന്നതിനുപകരം അവരെ ആത്മവിശ്വാസത്തോടെ തലയുയർത്തി നടക്കാൻ പഠിപ്പിക്കുക. സ്ത്രീയെ ഏതു രീതിയിൽ കാണണമെന്നും എങ്ങനെ സമൂഹത്തിൽ ഇടപെടണമെന്നും ആൺകുട്ടികൾക്ക് ഒരു കോഴ്‌സ് നടത്തേണ്ട കാലത്തിലാണ് നാം ജീവിക്കുന്നത്. പടിപടിയായുള്ള മാറ്റം തീർച്ചയായും സാദ്ധ്യമാണ്. പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിടപഴകി വളരട്ടെ. ശരീരത്തിൽ എവിടെയും അശ്ലീലം ഒളിച്ചു വച്ചിട്ടില്ലെന്ന് അവർ മനസിലാക്കട്ടെ. അടുത്ത തലമുറയിലെങ്കിലും നമുക്ക് പരിവർത്തനത്തിന്റെ വിപ്ലവം സൃഷ്‌ടിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMEN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.