SignIn
Kerala Kaumudi Online
Thursday, 18 April 2024 11.04 PM IST

ബഫർസോൺ പ്രതിഷേധം വീണ്ടും ശക്തം, സർക്കാരിനെ കുരുക്കി ഭൂപടം

buffer

തിരുവനന്തപുരം: ബഫർ സോൺ പ്രതിഷേധക്കൊടുങ്കാറ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചർച്ചകളിലൂടെ തത്കാലം ശമിച്ചെന്ന് ആശ്വസിച്ച സർക്കാരിനെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടം വീണ്ടും പ്രതിരോധത്തിലാക്കി. മലയോരമേഖലയിൽ പ്രതിഷേധം ശക്തമാവുകയും ചെയ്തു.

സാറ്റലൈറ്റ് സർവ്വേയുടെ ആശങ്കകളും ആക്ഷേപങ്ങളും പരിഹരിക്കാനായി സർക്കാർ 2021ൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് സമർപ്പിച്ച ഭൂപടം ജനവാസ മേഖലയെ ബാധിക്കുന്നതും മൊത്തം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത ക്രൈസ്തവസഭകൾ വനംവകുപ്പിനെ പ്രതിക്കൂട്ടിൽ നിറുത്തിയാണ് വീണ്ടും ആരോപണം ശക്തമാക്കിയത്. ജനത്തിന്റെ ആശങ്കകളും സുപ്രീംകോടതിയെ അറിയിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് തുടർനടപടികളെ ക്ഷമയോടെ വീക്ഷിക്കാനാണ് ക്രൈസ്തവസഭാനേതൃത്വങ്ങൾ തീരുമാനിച്ചത്. എന്നാൽ, സുപ്രീംകോടതി എന്ത് പറയുമെന്ന ചോദ്യം സർക്കാരിന്റെയും പ്രതിഷേധക്കാരുടെയും നെഞ്ചിടിപ്പുയർത്തുന്നു.

ജനുവരി 11നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജനുവരി ഏഴ് വരെ പരാതികൾ നൽകാമെങ്കിലും 11ന് മുമ്പ് സർക്കാർ എങ്ങനെ പരിഹാരം കാണുമെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു.

ജനവാസമേഖലകളും കെട്ടിടങ്ങളുമടക്കം ഭൂപടത്തിലുൾപ്പെട്ടിട്ടുണ്ടെന്ന പരാതികൾ പ്രവഹിക്കുകയാണ്. ഇതിനകം മുപ്പതിനായിരത്തിന് മുകളിൽ പരാതികളെത്തിക്കഴിഞ്ഞു.

സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരാൻ അനുമതിതേടി മലയോര മേഖലയിലെ പഞ്ചായത്തുകൾ കൂട്ടത്തോടെ സർക്കാരിനെ സമീപിക്കുകയാണ്. സുപ്രീംകോടതിയുടെ ജൂൺ 3ലെ വിധിയിൽ നിർദ്ദേശിച്ചത് പ്രകാരമാണ് സാറ്റലൈറ്റ് സർവ്വേ സർക്കാർ നടത്തിയത്. അതുകൊണ്ടു തന്നെ ഇത് കോടതിയിൽ സമർപ്പിച്ചേ പറ്റൂ. ജനങ്ങളുടെ ആശങ്ക സർക്കാർ അറിയിച്ചാലും, സുപ്രീംകോടതി അത് നിരാകരിക്കുകയും സാറ്റലൈറ്റ് മാപ്പ് അംഗീകരിച്ച് വിധി പുറപ്പെടുവിക്കുകയും ചെയ്താൽ ഇടതുമുന്നണിയിൽ തന്നെ ഉലച്ചിലുണ്ടാകും. പ്രത്യേകിച്ച് കേരള കോൺഗ്രസ്-എമ്മിന്റെ കാര്യത്തിൽ.

വന മന്ത്രി പ്രതിക്കൂട്ടിൽ

വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇപ്പോൾ പ്രതിഷേധക്കാരുടെ ടാർജറ്റ്. ശശീന്ദ്രന്റെ ഇടപെടൽ ശരിയല്ലെന്ന് താമരശ്ശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയൽ ഒരു അഭിമുഖത്തിൽ തുറന്നടിക്കുകയും ചെയ്തു. വനംവകുപ്പിന്റെ ബോർഡ് പിഴുതെടുത്താണ് എരുമേലിയിൽ പ്രതിഷേധക്കാർ ഇന്നലെ കരി ഓയിൽ ഒഴിച്ചത്. കാർബൺ എമിഷനുമായി ബന്ധപ്പെട്ട വിദേശ ഫണ്ട് നേടിയെടുക്കാൻ വനവിസ്തൃതി കൂട്ടിക്കാണിക്കാനുള്ള നീക്കമാണ് വനംവകുപ്പിന്റേതെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.

പരാതി പ്രളയം,

ഇനി 13 ദിവസം

ബഫർസോണിലെ ജനവാസമേഖലകളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ജനുവരി 7ന് മുമ്പ് (ഇനി 13 ദിവസം മാത്രം) പൂർത്തിയാക്കുക അസാദ്ധ്യം. 87 തദ്ദേശസ്ഥാപനങ്ങളിലെ രണ്ടുലക്ഷത്തിലേറെ വീടുകളും വാണിജ്യസ്ഥാപനങ്ങളും കൃഷിയിടങ്ങളും ബഫർസോണിൽ നിന്ന് ഒഴിവാക്കണം. ഉപഗ്രഹസർവ്വേയിൽ ഇതുസംബന്ധിച്ച് വ്യക്തതയില്ലെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഫീൽഡ് സർവ്വേ നടത്തി ജനങ്ങളുടെ പരാതികളും ഭൂപടത്തിനൊപ്പം സുപ്രീംകോടതിയിലും കേന്ദ്ര എംപവർ കമ്മിറ്റിയ്ക്കും നൽകാനാണ് സർക്കാർ നീക്കം. പരാതികൾ പ്രത്യേക ഫോറത്തിൽ തയ്യാറാക്കി ജിയോടാഗ് ചെയ്ത് ഇ.മെയിലായി അറിയിക്കണം. ഇതിന് പ്രത്യേക ഹെൽപ് ഡെസ്ക് ചില ജില്ലകളിൽ തുടങ്ങിയെങ്കിലും ജീവനക്കാരെ കണ്ടെത്തി സാങ്കേതികപരിശീലനം നൽകണം. അവർക്ക് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുകയോ,മൊബൈൽ യൂണിറ്റ് സജ്ജമാക്കുകയോ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFERZONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.