SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.04 PM IST

ശിവഗിരി തീർത്ഥാടനവും ഗുരുവിന്റെ ഈശ്വരഭാവവും

photo

പരബ്രഹ്മ സ്വരൂപനായ ഗുരുവിന്റെ തിരുസ്വരൂപം സമാധിസ്ഥമായ ശിവഗിരിക്കുന്നിൽ എത്തിച്ചേരുന്ന ശിവഗിരി തീർത്ഥാടനം നവതിയുടെ നിറവിൽ. ഗുരു ചൈതന്യത്താലാണ് തീർത്ഥാടനം ജനസാഗരങ്ങൾക്ക് ആത്മീയ സാന്ത്വനമാകുന്നത്.

ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സർവമനുഷ്യരും സോദരഭാവത്തിൽ അണിനിരക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ് ശിവഗിരി തീർത്ഥാടനം. ആദ്ധ്യാത്മിക അറിവിന്റെയും പരമവിജ്ഞാനത്തിന്റെയും ജ്യോതിസ് തിളങ്ങുന്ന ശിവഗിരിക്കുന്നിന്റെ പുണ്യം തന്നെയാണ് ശിവഗിരി തീർത്ഥാടകർ ഏറ്റുവാങ്ങുന്നത്.

ജനലക്ഷങ്ങൾക്ക് സ്വർഗീയതയിലേക്കും നിത്യാനന്ദത്തിലേക്കും ശാന്തിയിലേക്കുമുള്ള തൃക്കോവിലായി പരിലസിക്കുന്ന മഹാസമാധിസ്ഥാനം, വിദ്യാദേവത കുടികൊള്ളുന്ന ശാരദാമഠം, ഗുരുകല്‌പിതവും അതിശക്തവുമായ മന്ത്രങ്ങളുരുവിടുന്ന പർണശാല, ഗാന്ധിജിയും ടാഗോറും സന്ദർശിച്ച് ചരിത്രം സൃഷ്ടിച്ചതും, ഗുരുവിന്റെ സമാധിയിലൂടെ അതിപാവനവുമായിത്തീർന്ന വൈദികമഠം, ഗുരു പൂജാമന്ദിരം, ബോധാനന്ദസ്വാമിയുടെ സമാധി മന്ദിരം, ഗുരു ഉപയോഗിച്ച റിക്ഷ സൂക്ഷിച്ചിരിക്കുന്ന റിക്ഷാമന്ദിരം എന്നിവ ശിവഗിരി തീർത്ഥാടകരുടെ പ്രധാന പുണ്യകേന്ദ്രങ്ങളാണ്.

തീർത്ഥാടന ലക്ഷ്യങ്ങളിൽ പ്രഥമസ്ഥാനം ഗുരു കല്പിച്ച വിദ്യാഭ്യാസത്തിനാണ്. പിന്നാലെ ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം മുതലായവ.

ഗുരു സശ്ശരീരനായിരിക്കെ ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ ശിവഗിരിയിലെ അന്തേവാസികൾ എല്ലാവരും നിത്യവും എല്ലാ മതഗ്രന്ഥങ്ങളും പാരായണം ചെയ്ത് പഠിക്കണമെന്ന് നിർബന്ധമായിരുന്നു. ബൈബിൾ, ഖുർ ആൻ, വേദങ്ങൾ, ഗീത, ഉപനിഷത്തുകൾ, ബുദ്ധമതഗ്രന്ഥങ്ങൾ എല്ലാം തന്നെ ശിഷ്യരെ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഈ ആചാരമാണ് ശിവഗിരിയിലെ കനകജൂബിലി നിറവിലായ ബ്രഹ്മവിദ്യാ മന്ദിരത്തിലിപ്പോഴും തുടരുന്നത്.

ഗുരു രമണ മഹർഷിയെ തിരുവണ്ണാമലയിൽ സന്ദർശിച്ചിരുന്നു. അവർ തമ്മിലുണ്ടായ മൗനഭാഷണം പ്രസിദ്ധമാണല്ലോ. രമണ മഹർഷിയെ മാത്രമാണ് ഗുരു സന്ദർശിക്കാനായി ചെന്നത്. മറ്റുള്ളവരും മഹാത്മാക്കളും ഉൾപ്പെടെ ഗുരുവിനെതേടി ശിവഗിരിയിൽ എത്തുകയായിരുന്നു. ഗുരുവിന്റെ മഹാസമാധിക്ക് തൊട്ടുമുമ്പ് ഗദ്യപ്രാർത്ഥനയിലൂടെ 'നാം ശരീരമല്ല അറിവാകുന്നു ശരീരമില്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടിരിക്കും" എന്ന് മൊഴി​ഞ്ഞി​ട്ടുണ്ട്. 'എന്നുമെന്നും നാം ശിവഗിരിയിൽ" എന്ന ഗുരുവരുളും കണക്കിലെടുത്ത് ഗുരുവിന്റെ പാവന സന്നിധാനമായ ശിവഗിരിയുടെ വിശുദ്ധിയിൽ മനസും ഹൃദയവും അർപ്പിച്ച് തീർത്ഥാടനത്തിന്റെ നവതിയുടെ നിറവിൽ ലോകത്തെമ്പാടുമുള്ള ജനലക്ഷങ്ങൾക്കൊപ്പം നമുക്കും തീർത്ഥാടകരാകാം.

ലേഖകന്റെ ഫോൺ: 9567934095.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.